കച്ചേരിപ്പടിയെന്ന പേര് കോഴിക്കോട്ടുകാർക്ക് അന്യമാണ്. ഒട്ടുമിക്ക ജില്ലാ ആസ്ഥാനങ്ങളിലും കച്ചേരിപ്പടിയെന്നൊരു ബസ് സ്റ്റോപ്പുണ്ട്. കോടതികളെയാണ് പണ്ടുള്ളവർ കച്ചേരി എന്ന് വിളിച്ചിരുന്നത്. കോഴിക്കോട് കച്ചേരിയുണ്ടെങ്കിലും കച്ചേരിക്കുചുറ്റും റോഡുകളുണ്ടെങ്കിലും ബസ്സുകളൊന്നും ആ വഴി ഓടാറില്ല. അതുകൊണ്ടുതന്നെ കച്ചേരിപ്പടി എന്ന പേരിൽ ബസ് സ്റ്റോപ്പുമില്ല. സ്വന്തമായി വാഹനമില്ലാത്ത പാവപ്പെട്ടവർ നടന്നുതന്നെ വേണം കച്ചേരിയിലെത്താൻ. നിർഭാഗ്യകരമെന്നു പറയട്ടെ, കച്ചേരിപ്പടി വഴി ഒരു ബസ് റൂട്ട് അനുവദിക്കണമെന്ന് ഒരു സംഘടനകളും ആവശ്യപ്പെടാറുമില്ല. എന്നാൽ കോഴിക്കോട്ട് ഒരു കച്ചേരിപ്പടി ഉണ്ടാകുമായിരുന്നു. ബ്രിട്ടീഷ് സർക്കാർ കോടതികൾക്കായി ആദ്യം തിരഞ്ഞെടുത്ത സ്ഥലത്തുതന്നെ ഇവയുണ്ടാക്കിയിരുന്നെങ്കിൽ. അലസിപ്പോയ ആ സംരംഭത്തിന്റെ കഥയിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
കോഴിക്കോട്ടെ ഇന്നത്തെ കോടതി സമുച്ചയം നമുക്കേവർക്കും പരിചിതമാണ്. ആദ്യം കോഴിക്കോട് കോടതികൾ സ്ഥാപിച്ചിരുന്നത് ഇന്നത്തെ താജ് ഹോട്ടലിനടുത്തായിരുന്നു. അതുകൊണ്ടാണ് അവിടെയുള്ള റോഡിന് ‘ഓൾഡ് കോർട്ട് റോഡ്’ എന്ന പേര് വീണത്. ഇവിടെനിന്നും ഇന്ന് കാണുന്ന സ്ഥലത്തേക്ക് കോടതികൾ പറിച്ചുനട്ടത് പിന്നീടാണ്. ഈ പറിച്ചുനടീലിനുവേണ്ടി ആദ്യം ബ്രിട്ടീഷ് സർക്കാർ കണ്ടെത്തിയ സ്ഥലം നമ്മുടെ മിഠായിത്തെരുവിനോടുചേർന്ന് ഇന്നത്തെ സെൻട്രൽ ലൈബ്രറി നിൽക്കുന്ന സ്ഥലവും പരിസരവുമായിരുന്നു. മലബാർ അസിസ്റ്റന്റ് കലക്ടറായിരുന്ന കമ്മിങ്ങിന്റെ നിർദേശാനുസരണം അന്നത്തെ തഹസിൽദാരായിരുന്ന കുഞ്ഞമ്പുവിന്റെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ സ്ഥലം കച്ചേരിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. അവരുടെ ഭാഷയിൽ പറഞ്ഞാൽ ‘മാനാഞ്ചിറ മൈതാനത്തിനെതിരായും പൊലീസ് സൂപ്രണ്ട് ഓഫീസിന്റെയും മിഷൻ ഷോപ്പിന്റെയും ഇടയിലുള്ള സ്ഥലം’. മിഷൻ ഷോപ്പെന്നു പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. ഇന്നത്തെ മാനാഞ്ചിറയിലെ കോമൺവെൽത്ത് ഫാക്ടറിയുടെ ഒരു ഭാഗമാണ് അക്കാലത്ത് മിഷൻ ഷോപ്പ് എന്ന് അറിയപ്പെട്ടിരുന്നത്. ജർമൻ നിർമിത ലൊട്ടുലൊടുക്കു സാധനങ്ങൾ വിൽക്കുന്ന ഒരു ഷോപ്പായിരുന്നു ഇത്. ഒരു ജില്ലാ കോടതിയും സബ് കോടതിയും ഡിസ്ട്രിക്ട് മുൻസിഫ് കോടതിയും ചേർന്നതായിരുന്നു ഈ കോടതി സമുച്ചയം. ഒന്നാന്തരമായൊരു തെങ്ങിൻതോട്ടമായിരുന്നു ഈ സമുച്ചയത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട സ്ഥലം. 152 തെങ്ങുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിനുപുറമെ, കവുങ്ങുകളും ഈ തോട്ടത്തിലുണ്ടായിരുന്നു. സ്ഥലത്തിന്റെ വിസ്തൃതിയാകട്ടെ, ഒന്നേകാൽ ഏക്കറായിരുന്നു. ഇതിനുപുറമെ, ഒരു തേങ്ങാക്കൂടും ചെറിയ ഒരോലപ്പുരയും ഇവിടെയുണ്ടായിരുന്നു. തഹസിൽദാർ സ്ഥലം കണ്ടെത്തിയ വിവരം അറിഞ്ഞപ്പോൾ കലക്ടർ സ്ഥലം സന്ദർശിച്ചു. അദ്ദേഹത്തിനു സ്ഥലം ഇഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് അസിസ്റ്റന്റ് കലക്ടറായ കമ്മിങ്ങിനെ വേണ്ടുവോളം ഇക്കാര്യത്തിൽ അഭിനന്ദിക്കുന്നുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചുമതല അദ്ദേഹത്തിനെത്തന്നെ ഏൽപ്പിക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് നടപടികൾ വേഗത്തിൽത്തന്നെ നടന്നു.
അസിസ്റ്റന്റ് കലക്ടർ കമ്മിങ്, തഹസിൽദാർ കുഞ്ഞമ്പുവിന് 1882 മെയ് 27ന് എഴുതിയ എഴുത്തിൽനിന്നുതന്നെ നമുക്കിത് മനസ്സിലാകും: ‘നമുക്ക് ജില്ലാ കോടതിയും സബ് കോടതിയും ജില്ലാ മുൻസിഫ് കോടതിയും പണിയേണ്ടതിനെടുപ്പാൻ നിശ്ചയിച്ച ഇതോടൊന്നിച്ചയച്ച പ്ലാനിൽ കാണിച്ച തെങ്ങിൻതോട്ടം ഏക്ര ഒന്നിന് എന്തു വില വരുമെന്നും അതിന്റെ ഉടമ ആരാണെന്നും മറ്റുമുള്ള വിവരം എത്രയും പെട്ടെന്ന് അറിയിക്കുക. ഇക്കാര്യത്തിൽ എത്രയും പെട്ടെന്നുതന്നെ തീർപ്പുണ്ടാകണം’. പ്രസ്തുത എഴുത്ത് കിട്ടിയപ്പോൾ തഹസിൽദാർ കുഞ്ഞമ്പു സമയം തീരെ പാഴാക്കിയില്ല. അദ്ദേഹം ഇങ്ങനെ എഴുതിയതായി കാണുന്നു: ‘ ഇന്നലെ വൈകുന്നേരം ഏഴുമണിക്ക് താങ്കളയച്ച എഴുത്ത് കൈപ്പറ്റി. അതിൽ പറയുന്ന സ്ഥലത്തിന് ഏക്ര ഒന്നുക്ക് 2468 ഉറുപ്പിക ഒരണ പ്രകാരം ജന്മവില ഉണ്ടാകുമെന്നും അതലുള്ള എടുപ്പുകൾക്ക് 765 ഉറുപ്പിക വില കൊടുക്കേണ്ടിവരുമെന്നും ഉള്ള വിവരം ബോധിപ്പിക്കുന്നു. വിശദമായ കണക്ക് ഉടനെ അറിയിക്കുന്നതാണ്’. മാനാഞ്ചിറക്കടുത്തായി പണിയുന്ന ഈ കച്ചേരി സമുച്ചയത്തിന് സർക്കാർ അനുമതി കൊടുത്തത് G.O. No. 1001 W, Dtd. 31. 03. 1883 പ്രകാരമാണ്. സ്ഥലത്തിനായി 4000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നതായും രേഖകളിൽ കാണുന്നു.
കോടതി സമുച്ചയം ഉണ്ടാക്കാനായി തിരഞ്ഞെടുത്ത വസ്തുക്കളുടെ പേർ പയനിത്തറ പറമ്പെന്നും പൂവളക്കര പറമ്പെന്നും പേരുള്ള തോട്ടങ്ങളായിരുന്നു. സ്ഥലത്തിന്റെ വിലയെക്കുറിച്ച് പിന്നീട് തർക്കങ്ങളുയർന്നു. ഒടുവിൽ മധ്യസ്ഥന്മാരിടപെട്ട് ഒരു ചർച്ചയുണ്ടായി. അപ്പോൾ തഹസിൽദാരായിരുന്ന ബി എ ഡിക്രൂസിന്റെ നേതൃത്വത്തിൽ വീണ്ടുമൊരു സ്ഥലപരിശോധന നടക്കുകയും ഒടുവിൽ 6271 ഉറുപ്പിക രണ്ടണ മൂന്നുപൈ കൊടുക്കാമെന്ന ധാണയിലെത്തുകയും ചെയ്തു. മേൽപ്പറഞ്ഞ രേഖകകളിൽനിന്ന് നമുക്ക് 1883‐ലുണ്ടായിരുന്ന തേങ്ങയുടെയും അടക്കയുടെയും കമ്പോള നിലവാരം മനസ്സിലാക്കാൻ പറ്റുന്നുണ്ട്. 1000 തേങ്ങയ്ക്ക് 15 രൂപയും 1000 അടക്കയ്ക്ക് ഒരു രൂപയുമായിരുന്നു അക്കാലത്ത് വിലയെന്ന് രേഖകളിൽനിന്നും മനസ്സിലാക്കാം. സ്ഥലത്തിന്റെ വിലയിലൊരു ധാരണയായപ്പോൾ മറ്റൊരു പ്രശ്നം തല പൊക്കി. കോഴിക്കോട് മുൻസിഫ് കോടതിയിൽ പുത്തൻവീട്ടിൽ അറമുഖം ചെട്ടി എന്നയാൾ ജന്മിക്കെതിരെ ഫയൽ ചെയ്തിരുന്ന ഒരു കേസിൽ ഈ പറമ്പ് ജപ്തി ചെയ്തിരുന്നു. കേസാകട്ടെ, നിലവിലും. 15. 05. 1883ൽ അറമുഖം ചെട്ടി മലബാർ കലക്ടർക്കെഴുതിയ എഴുത്തിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ കൊടുക്കേണ്ട നഷ്ടപരിഹാരം ജന്മിക്കു കൊടുക്കരുതെന്നും അത് കോടതിയിൽ കെട്ടിവെക്കണമെന്നും ആവശ്യപ്പെടുന്നത് കാണാം. ഇത്തരം പ്രശ്നങ്ങൾ സ്വാഭാവികമായും അന്നത്തെ മലബാർ കലക്ടറെ അലട്ടിയിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെയായിരിക്കണം മദ്രാസ് ഗവർണർ മലബാർ കലക്ടർക്ക് പുതിയ കോടതി സമുച്ചയത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്ന് അറിയിച്ചുകൊണ്ട് കത്തെഴുതിയതായി കാണുന്നത്. പ്രസ്തുത വിവരം കലക്ടർ തഹസിൽദാരെ അറിയിച്ചത് ഇങ്ങനെ: ‘മലയാം ജില്ലാ കലക്ടർ കോഴിക്കോട് താലൂക്ക് തഹസിൽദാർക്ക് കല്പന. എന്തെന്നാൽ കോഴിക്കോട് ജില്ലാ കോടതിക്കും മറ്റും പുതുതായി എടുപ്പാനാലോചിച്ചിരുന്ന സ്ഥലം ഗവൺമെന്റിലേക്ക് ആവശ്യമില്ലന്ന് തീർച്ചപ്പെടുത്തിയിരിക്ക കൊണ്ട് ആ സംഗതിയെപ്പറ്റി ഇനി യാതൊന്നും പ്രവർത്തിക്കേണ്ടതില്ല’. അങ്ങനെ ആ അധ്യായം എന്നന്നേക്കുമായി അടഞ്ഞു. നമുക്ക് നഗരമധ്യത്തിൽ വരേണ്ടിയിരുന്ന കച്ചേരി നഷ്ടമായി. അതുമൂലം ലഭിക്കുമായിരുന്ന കച്ചേരിപ്പടിയും.
(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്തകത്തിൽനിന്ന്)
കച്ചേരിപ്പടിയില്ലാത്ത കോഴിക്കോട്

