താമരശ്ശേരി ചുരം റോഡിന്റെ കഥ

താമരശ്ശേരി ചുരം റോഡിന്റെ ആദ്യരൂപം എന്തായിരുന്നു. ആനത്താരയായിരുന്നു ഈ പാത. വെള്ളമന്വേഷിച്ച് താഴ് വരയിലേക്ക് ഇറങ്ങാൻ മൃഗങ്ങൾ ഉപയോഗിച്ചിരുന്ന വഴി. പിന്നീട് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പിരങ്കി വണ്ടികൾ കൊണ്ടുവരുന്നതിന് നിർമിച്ച പാത. ഒരു മൺസൂൺ കാലത്തിനപ്പുറം ഈ പാതയ്ക്ക് ആയുസ്സുണ്ടായിരുന്നില്ല. ടിപ്പുവിനുശേഷവും ഇത് ഒറ്റയടിപ്പാതയായി തുടർന്നു. 1857 ലാണ് ഈ ഒറ്റയടിപ്പാത റോഡായി മാറിയത്.

1855 ലാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് താമരശ്ശേരി ചുരം വഴി കോഴിക്കോട് തുറമുഖത്തേക്ക് ഗതാഗതയോഗ്യമായ റോഡ് വേണമെന്ന ആവശ്യം ബ്രിട്ടീഷ് സർക്കാരിന്റെ മുമ്പിലെത്തുന്നത്. ആവശ്യമുന്നയിച്ചത് വയനാട്ടിലെ കാപ്പിത്തോട്ടം ഉടമകളായ യൂറോപ്യൻ കുടിയേറ്റക്കാർ. വെൽസ് എന്ന കാപ്പിത്തോട്ടം ഉടമയുടെ നേതൃത്വത്തിലായിരുന്നു സർക്കാരിനു മുമ്പിൽ നിവേദനം എത്തിയത്. ” ഞങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നാൽക്കാലികളുടെ പിറകിൽ കെട്ടിവെച്ചിട്ടാണ് താമരശ്ശേരി ചുരം ഇറങ്ങുന്നത്. ഒരുവർഷം നൂറിൽപരം നാൽക്കാലികളാണ് തെന്നിവീണും പാറ ഇടിഞ്ഞുവീണും മരിക്കുന്നത്. താമരശ്ശേരി ചുരം റോഡ് ചക്രവണ്ടികൾക്ക് പോകാൻ തക്ക രീതിയിൽ നിർമിക്കേണ്ടത് അത്യാവശ്യമാണ് ” – നിവേദനത്തിൽ പറയുന്നു. നിവേദനത്തെത്തുടർന്ന് സർക്കാർ സ്ഥലം സർവേ നടത്തി. റവന്യൂ ഉദ്യോഗസ്ഥനായിരുന്ന വില്യംസ് ഒരു കാളവണ്ടിപ്പാതക്കുവേണ്ടി സർവേ റിപ്പോർട്ട് സമർപ്പിച്ചു.

എന്നാൽ ക്യാപ്റ്റൻ ഒക്ടർ ലോണി ഇതിന് ഉടക്ക് വെച്ചു. “താമരശ്ശേരി ചുരം റോഡാക്കുന്നതിൽ കാര്യമില്ല. റോഡുണ്ടാക്കുന്നത് അത്ര എളുപ്പമല്ല. പ്രകൃതിപരമായ അപകടങ്ങൾ പതിയിരിക്കുന്നതാണ് വഴി. നാം കാരക്കൂർ ചുരത്തിനും പെരിയ ചുരത്തിനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. നാലായിരം രൂപക്ക് ഈ രണ്ട് റോഡും നന്നാക്കിയെടുക്കാൻ സാധിക്കും. താമരശ്ശേരി ചുരം റോഡുണ്ടാക്കുക എന്നത് വയ്യാവേലിയെടുത്ത് സ്വയം തലയിലേറ്റുന്നത് പോലെയിരിക്കും “- അദ്ദേഹത്തിന്റെ എഴുത്തിൽ ഇക്കാര്യം വ്യക്തമാകും.

എന്നാൽ, മലബാർ കലക്ടറായിരുന്ന റോബിൻസണെ ഒക്ടർ ലോണിയുടെ നടപടി ചൊടിപ്പിച്ചു. വയനാട്ടിലെ കാപ്പിത്തോട്ടം ഉടമകളുടെ ആവശ്യം വളരെ ന്യായമാണെന്നും വയനാടിനെ കോഴിക്കോട് തുറമുഖവുമായി ബന്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം സർക്കാരിനെ ബോധ്യപ്പെടുത്തി.

1857 ൽ മദ്രാസ് ആസ്ഥാനത്തുനിന്ന് ചുരം റോഡിന് പച്ചക്കൊടി ലഭിച്ചു. നിർമാണ ചുമതല ഏൽപ്പിച്ചത് മേജർ ലോ ഫോർഡ് എന്ന കഴിവുറ്റ ഉദ്യോഗസ്ഥനെയായിരുന്നു. അദ്ദേഹം സ്ഥലം സന്ദർശിച്ച് 48,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ഒപ്പം വിശദമായ റിപ്പോർട്ടും നൽകി.

ലോഫോർഡി നിർദേശങ്ങൾ കിട്ടിയ ഉടൻ സർക്കാർ നടപടി തുടങ്ങി. 300 തൊഴിലാളികൾ മാസം 4 രൂപ ശമ്പളത്തിൽ സ്ഥിരമായി താമരശ്ശേരി ചുരം റോഡ് നിർമാണത്തിന് നിയോഗിക്കപ്പെട്ടു. മേൽനോട്ടത്തിനായി കണ്ണൂരിൽ നിന്ന് 50 സാപ്പേഴ്സ് ആൻഡ് മൈനേഴ്സിനെ കൊണ്ടുവന്നു. ലഫ്. ബീൻ എന്ന സമർഥനായ മിലിട്ടറി ഓഫീസറെ റോഡിന്റെ നിർമാണ ചുമതലയേൽപ്പിച്ചു. അങ്ങനെയാണ് ചുരം റോഡ് യാഥാർഥ്യമായത്.

( ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്തകത്തിൽ നിന്ന് )

Leave a Reply

Your email address will not be published. Required fields are marked *