സ്വപ്‌നങ്ങളില്ലാത്തവരുണ്ടാകില്ലല്ലോ. മലബാർ കലക്‌ടറായിരുന്ന വില്യം ലോഗനും ഒരു സ്വപ്‌നമുണ്ടായിരുന്നു. കോഴിക്കോട് നഗരത്തിൽ ഒന്നാംതരം ഒരു സസ്യോദ്യാനം(Botanical Garden) ഉണ്ടാക്കുക എന്നതായിരുന്നു ആ സ്വപ്‌നം. ഊട്ടിയിലും കൊടൈക്കനാലിലും മറ്റും ഇന്ന് നാം കാണുന്ന ഉദ്യാനം പോലെത്തന്നെ മനോഹരമായൊരു പൂന്തോട്ടം. ഇതിനുവേണ്ടി കുറച്ചൊന്നുമല്ല ആ നല്ല ഭരണകർത്താവ് ശ്രമിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ സ്വപ്‌നം പൂവണിഞ്ഞില്ല. ഇത് ലോഗന്റെ നഷ്‌ടം മാത്രമായിരുന്നില്ല, കോഴിക്കോടിന്റെ നഷ്‌ടവുമായിരുന്നു എന്നതാണ് സത്യം. ഇവിടെ ചികയുന്നത് ലോഗന്റെ ബൊട്ടാണിക്കൽ ഗാർഡൻ എന്ന നഷ്‌ടസ്വപ്‌നത്തിന്റെ ചരിത്രമാണ്. അലസിപ്പോയ ഈ ഉദ്യമത്തിന്റെ ചരിത്രം നമുക്ക് മിഠായിത്തെരുവും പരിസരവും ഒരുകാലത്ത് എങ്ങനെയിരുന്നുവെന്ന് കാണിച്ചുതരുന്നു.
സസ്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കുവാനും ഗവേഷണം ചെയ്യുവാനുമായിട്ടാണ് സസ്യോദ്യാനങ്ങൾ നിർമിച്ചിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ അക്കാലത്തുണ്ടായിരുന്നത് കൊൽക്കത്തയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ എന്ന ഉദ്യാനമായിരുന്നു. ഇംഗ്ലണ്ടിലെ തന്നെ മികച്ച ഇത്തരം സ്ഥാപനങ്ങളോട്(KEW) കിടപിടിക്കത്തക്കതായിരുന്നു കൊൽക്കത്തയിലെ ഈ സ്ഥാപനം. എന്നാൽ സസ്യസംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും റോയൽ ഗാർഡൻസിനെ ആശ്രയിക്കുന്നത് ശരിയല്ലെന്നും ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും ഇത്തരം ഉദ്യാനങ്ങൾ നിർമിക്കണമെന്നും തിസിൽടൺ ഡയർ എന്ന സായിപ്പിന് തോന്നി. ഭൂമിയുടെ വ്യത്യസ്‌ത ഉയരങ്ങൾക്കനുസരിച്ച് ബൊട്ടാണിക്കൽ ഗാർഡനുകളുടെ ഒരു ശൃംഖല തന്നെ പണിയണമെന്ന് അദ്ദേഹം സർക്കാറിനെഴുതി. സിലോണിലും ജമൈക്കയിലും ഇത്തരം ഉദ്യാന ശൃംഖലകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് സർക്കാർ ഈ നിർദേശം സ്വീകരിക്കുകയും എല്ലാ കലക്‌ടർമാരോടും അവരവരുടെ ജില്ലയിൽ ഉദ്യാനത്തിനനുയോജ്യമായ സ്ഥലം കണ്ടെത്തി അറിയിക്കുവാൻ കൽപ്പന പുറപ്പെടുവിക്കുകയും ചെയ്‌തു.
വില്യം ലോഗനായിരുന്നു അക്കാലത്തെ മലബാർ കലക്‌ടർ. സർക്കാർ നിർദേശം കിട്ടിയയുടനെ അദ്ദേഹം തന്റെ ജില്ലയിൽ ഒരന്വേഷണം നടത്തി. മലബാറിൽ സ്ഥലം എവിടെ കണ്ടെത്തിയാലും മതിയായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആഗ്രഹം ഇന്നത്തെ മിഠായിത്തെരുവ് പരിസരത്ത് ഉദ്യാനം തുടങ്ങണമെന്നായിരുന്നു. 1885 മുതൽ 1887 വരെ ഇതിനായി അദ്ദേഹം നിരന്തരം സർക്കാറിലേക്ക് കത്തുകളെഴുതിയതായി കാണുന്നു. ഇന്നത്തെ മിഠായിത്തെരുവ് റോഡ് മുതൽ കിഴക്കോട്ട് ജനറൽ ആസ്‌പത്രി റോഡ് വരെയും മൊയ്‌തീൻപള്ളി റോഡ് മുതൽ വടക്കോട്ട് ഇന്നത്തെ എൽഐസി കെട്ടിടം വരെയുമുള്ള 7 ഏക്കറായിരുന്നു ഇദ്ദേഹം ഉദ്യാനത്തിനുവേണ്ടി തിരഞ്ഞെടുത്തത്. ഇങ്ങനെയൊരു ഉദ്യാനം വന്നാൽ കോഴിക്കോട് നഗരം പൂത്തുലഞ്ഞുനിൽക്കുമെന്ന് അദ്ദേഹം സ്വപ്‌നം കണ്ടു. 1885 ഫിബ്രവരി 12ന് സർക്കാറിലേക്ക് ലോഗൻ എഴുതിയ കത്ത് ഇങ്ങനെ: ‘കോഴിക്കോട്ട് സസ്യോദ്യാനം തുടങ്ങുവാൻ പറ്റിയൊരു സ്ഥലം ഞാൻ കണ്ടെത്തിയിരിക്കുന്നു. അത് പുതുതായി തങ്ങൾ നിർമിക്കാൻ ഹജൂർ കച്ചേരിയുടെ പുറകുവശത്തുള്ള 7 ഏക്കർ സ്ഥലമാണ്. ഹജൂർ കച്ചേരി നിലവിൽ വന്നാൽ എന്റെ കൺമുന്നിൽത്തന്നെയായിരിക്കും ഈ ഉദ്യാനം. അതിനാൽ എനിക്ക് മേൽനോട്ടം വഹിക്കുവാൻ വളരെ എളുപ്പമാണ്. എല്ലാം കൊണ്ടും ഒരു ഉദ്യാനത്തിന് അനുയോജ്യമാണീ സ്ഥലം. ഞാൻ കാണുന്ന ഏക ദോഷം ഈ സ്ഥലത്തുകൂടി സ്ഥിരമായി ഒഴുകുന്ന ഒരു അരുവി ഇല്ല എന്നതാണ്. എന്നാലും മാനാഞ്ചിറയെന്നും മുതലക്കുളമെന്നും പേരുള്ള രണ്ട് പൊതുകുളങ്ങൾ ഈ സ്ഥലത്തിന്റെ വടക്കുഭാഗത്തായിട്ടുണ്ട്. ഇതിനുപുറമെ രണ്ട് സ്വകാര്യകുളങ്ങളും ഇവിടെയുണ്ട്. പോരാത്തതിന് അനവധി കിണറുകളും. ഞാൻ ഈ സ്ഥലത്തിന്റെ സ്‌കെച്ചും പ്ലാനും അയക്കുന്നു. എട്ട് തോട്ടങ്ങളാണ് 7 ഏക്കറിന്റെ ഈ വിസ്‌തൃതിയിൽ ഉള്ളത്. ഇതിൽ 3 തോട്ടങ്ങൾ സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലാണ്. മറ്റ് 3 തോട്ടങ്ങൾ അദ്ദേഹത്തിന്റെ തന്നെ ബന്ധുക്കളായ കിഴക്കേ കോവിലകംകാരുടെ വകയാണ്. ഇവർക്കാർക്കുംതന്നെ ഭൂമി സർക്കാർ അക്വയർ ചെയ്യുന്നതിൽ വിരോധമില്ല. ഇത് തെങ്ങിൻതോട്ടമാണ്. കുടാതെ കവുങ്ങുകളും പ്ലാവുകളും ധാരാളമായി കാണുന്നു. എത്രയും പെട്ടെന്ന് ബൊട്ടാണിക്കൽ ഗാർഡനുവേണ്ടി അക്വയർ ചെയ്യുമല്ലൊ.’
മലബാർ കലക്ടർ ലോഗന്റെ ഇത്തരമൊരു കത്ത് കിട്ടിയപ്പോൾ സർക്കാർ ചെയ്‌തത് സർക്കാരിന്റെ സിങ്കോണ പ്ലാന്റേഷൻ ഡയറക്‌ടറായ എം എ ലോസണിനെ കോഴിക്കോട്ടെത്തി സ്ഥലം പരിശോധിക്കുവാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ലോസൺ കോഴിക്കോട് എത്തുകയും ലോഗനോടൊപ്പം സ്ഥലം സന്ദർശിക്കുകയും ചെയ്‌തു. 26‐ 12‐ 1886ൽ അദ്ദേഹം സർക്കാറിന് ഇങ്ങനെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നു: ‘ലോഗനോടൊപ്പം ഞാൻ കോഴിക്കോട്ടെ ബൊട്ടാണിക്കൽ ഗാർഡനുവേണ്ടിയുള്ള സ്ഥലം സന്ദർശിച്ചു. എന്തുകൊണ്ടും ഉദ്യാനത്തിനുപറ്റിയ സ്ഥലമാണിത്. നല്ല മണ്ണാണ്. ജലസേചനത്തിന് മാർഗങ്ങളുമുണ്ട്. പോരാത്തതിന് നഗരമധ്യത്തിലാണെന്ന ഗുണവുമുണ്ട്. തോട്ടം സംരക്ഷിക്കേണ്ടതിലേക്ക് നമുക്ക് വർഷംതോറും ആയിരം രൂപ വേണ്ടിവരും. സ്ഥലത്തിന് പറയുന്ന വില ഒരൽപ്പം കൂടുതലല്ലേ എന്ന് സംശയം’. സർക്കാർ സ്ഥലത്തിന് വില കൂടുതലാണെന്ന വിവരം ലോഗനെ അറിയിക്കുകയും ചെയ്‌തു. എന്നാൽ ലോഗൻ ഇങ്ങനെ എഴുതിയതായി കാണുന്നു: ‘തീവണ്ടിഗതാഗതം കോഴിക്കോട്ട് വരുന്നു എന്ന വിവരം അറിഞ്ഞതുമുതലാണ് ഇവിടെ സ്ഥലത്തിന് പെട്ടെന്ന് വില വർധിക്കാൻ കാരണം. ഇതിനുപുറമെ, ഇന്നാട്ടുകാർക്ക് കൃഷിയിലുള്ള താൽപ്പര്യവും സ്ഥലത്തിന്റെ വില വർധിക്കാൻ കാരണമാകുന്നു. എന്തൊക്കെയായാലും സെന്റിന് 20 രൂപ എന്നുള്ളത് ഒട്ടും കൂടുതലല്ല‘.പക്ഷേ സർക്കാർ വഴങ്ങാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ലോഗൻ ഇങ്ങനെ നിർബന്ധിച്ചതായി കാണുന്നു: ‘വില കൂടുതലാണെങ്കിൽ നാം 7 ഏക്കർ വാങ്ങിക്കേണ്ട. ഹജൂർ കച്ചേരിയുടെ തൊട്ടുതന്നെ 7 ഏക്കറിൽനിന്ന് ഒന്നേമുക്കാൽ ഏക്കർ മാത്രമായി നമുക്ക് വാങ്ങിക്കാം. ഇതിൽ 128 തെങ്ങുകളും 22 കവുങ്ങുകളും 14 പ്ലാവുകളുമാണുള്ളത്. ബൊട്ടാണിക്കൽ ഗാർഡൻ ഒരൽപ്പം ചെറുതാകുമെന്നേയുള്ളു. എന്തുവന്നാലും ഈ പദ്ധതി ഉപേക്ഷിക്കരുത്‘. പക്ഷേ, സർക്കാർ 733‐ാം നമ്പറായി 1887 നവംബർ 30ന് കലക്‌ടർക്ക് ഇങ്ങനെ കത്തെഴുതിയതായി കാണുന്നു: ‘ഈ വിലയ്‌ക്ക് നമുക്ക് വാങ്ങിക്കേണ്ട. നഗരത്തിൽനിന്നും വിട്ട് മറ്റേതെങ്കിലും സ്ഥലം ചുരുങ്ങിയ വിലയ്‌ക്ക് കിട്ടുമോ എന്ന് നോക്കുക‘. അങ്ങനെ മലബാർ കലക്ടർ ലോഗന്റെ സ്വപ്‌നം കൊഴിഞ്ഞു. അതുപക്ഷേ, കോഴിക്കോടിന്റെ നഷ്‌ടമായി. കോഴിക്കോട് നഗരത്തിൽ 7 ഏക്കറിൽ നിറഞ്ഞുനിൽക്കേണ്ടിയിരുന്ന ഒരുദ്യാനം അങ്ങനെ നമുക്ക് നഷ്‌ടമായി.
(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്)
ഒരു കലക്‌ടറുടെ നഷ്‌ടസ്വപ്‌നം

