‘എമണ്ടൻ’ എന്ന വാക്ക് മലബാറുകാർക്ക് സുപരിചിതമാണ്. വലിയൊരു വീട് കണ്ടാൽ കോഴിക്കോട്ടുകാർ പറയും, ‘എമണ്ടൻ വീട്’. ഗ്രാമങ്ങളിൽപോലും എമണ്ടൻ പ്രയോഗം വ്യാപകമാണ്. അടിപൊളി, ഭയങ്കരം എന്നൊക്കെയാണ് ഈ വാക്കുകൊണ്ട് അർഥമാക്കുന്നത്. ഇ പ്രയോഗം തമിഴിലുമുണ്ട്. തമിഴിൽ ‘തെരുവ് വിരുതൻ’ എന്നാണർഥം. അത് ‘എസ്.എം.എസ് എംഡൻ’ എന്ന ജർമൻ പടക്കപ്പലിന്റെ ചരിത്രവും കൂടിയാകുന്നു.
ഒന്നാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ഈ യുദ്ധത്തിൽ ഇംഗ്ലീഷുകാരും കൂട്ടരും ഒരുഭാഗത്തും ജർമൻകാർ മറുഭാഗത്തുമായിരുന്നുവല്ലോ. ബ്രിട്ടീഷ് കപ്പലുകളെ തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘എസ.എം.എസ് എംഡൻ’ എന്ന ജർമൻ കപ്പൽ ചൈനയുടെ തീരത്തെത്തിയത്. ഇംഗ്ലീഷുകാർക്കാരു തലവേദന തന്നെയായിരുന്നു ‘എംഡൻ’ കപ്പൽ. കപ്പലിന്റെ ക്യാപ്‌റ്റൻ കാൾ വോൺ മുള്ളർ എന്ന ജർമൻകാരനായിരുന്നു. ജർമനയിലെ ‘എംഡൻ’ എന്ന സ്ഥലത്തെ ജനങ്ങൾ സ്‌പോൺസർ ചെയ്‌തതുകൊണ്ടാണ് കപ്പലിന് ഈ പേര് വന്നത്. 1910ലാണ് എംഡൻ കപ്പൽ ജർമൻ കപ്പൽപടയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ചൈനയുടെ തീരത്തായിരുന്നു എംഡന്റെ പ്രവർത്തനരംഗം. പിന്നീട് ഇന്ത്യൻ മഹാ സമുദ്രത്തിലേക്ക് മാറ്റി. ഇന്തൻ മഹാ സമുദ്രത്തിന്റെ എല്ലാ തീരങ്ങളും അക്കാലത്ത് ബ്രിട്ടീഷ് കോളനികളായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് കപ്പലുകളായിരുന്നു ഈ സമുദ്രത്തിൽ ആധിപത്യം പുലർത്തിയിരുന്നത്. ‘എംഡൻ’ എന്ന ജർമൻ കപ്പലിനെ തിരിച്ചറിയാൻ വളരെ ദുഷ്‌കരമായിരുന്നുവത്രെ. ഇതിനൊരു കാരണമുണ്ടായിരുന്നു. അക്കാലത്ത് ബ്രിട്ടീഷ്‌കച്ചവടക്കപ്പലുകളെ അനുഗമിച്ചിരുന്ന ബ്രിട്ടീഷ് പടക്കപ്പലായിരുന്നു എച്ച്‌എംഎസ് യാർമോത്ത്. ബുദ്ധിമാനായ എംഡന്റെ ക്യാപ്‌റ്റൻ മുള്ളർ തന്റെ കപ്പലിൽ നാലാമതൊരു പുകക്കുഴൽകൂടി ഘടിപ്പിച്ച് അതിൽ ‘എച്ച്‌എംഎസ് യാമോർത്ത്’ എന്ന് എഴുതിപ്പിടിപ്പിച്ചിരുന്നുവത്രെ. അതിനാൽ അടുത്തുവന്നാലേ യാമോർത്ത് അല്ല എംഡനാണെന്ന് മറ്റു കപ്പലുകൾക്ക് മനസ്സിലാകൂ. അപ്പോളേക്കും സംഭവിക്കേണ്ടത് സംഭവിച്ചുകഴിഞ്ഞിരിക്കും.
ഈ നാലാമത്തെ പുകക്കുഴൽ തന്നെയാണ് എംഡന്റെ നാശത്തിന് വഴിയൊരുക്കിയത്. എംഡനെ കോഴിക്കോട്ടുകാരും പേടിച്ചിരുന്നു. അന്നൊക്കെ വലിയങ്ങാടിയിലും മറ്റും കച്ചവടം നേരത്തെ നിലയ്‌ക്കുമായിരുന്നുവത്രെ. കോഴിക്കോട്ടുനിന്ന് കപ്പലുകൾ എടുക്കാൻ അക്കാലത്ത് കപ്പിത്താന്മാർ തയാറായിരുന്നില്ല. ഇതിനൊരു കാരണം എംഡൻ ലക്ഷദ്വീപുകളിൽ എത്തിയതാണ് കൃഷ്‌ണൻ വക്കീലിന്റെ ‘മിതവാദി’ പത്രത്തിൽ 1914ൽ വന്ന വാർത്ത നോക്കാം: ‘സപ്‌തംബർ 29ന് എംഡൻ മിനിക്കോയ് ദ്വീപുകളുടെ അടുക്കേ വെച്ച് ടൈമറിക്ക്, കിങ്‌ലാൻഡ്, റിബേറ, ഫോയൻ എന്നീ നാല് ബ്രിട്ടീഷ് കപ്പലുകളെ മുക്കിയിരിക്കുന്നു. ഗ്രഫിവെൽ, ബറസൽ എന്നിങ്ങനെ രണ്ടു കപ്പലുകളെ പിടിച്ചു കൈവശപ്പെടുത്തിയിരിക്കുന്നു. എംഡനിലെ ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ പറയുന്നു: ‘ഇംഗ്ലീഷുകാരാണ് ഞങ്ങളെ പിടിക്കുക. എന്നാൽ ഞങ്ങൾ ചെകുത്താൻ പായുംപോലെ പായും’.
‘എംഡനെ കരുതിയിരിക്കണം’ എന്നൊരു കമ്പി ബോംബെ ആസ്ഥാനത്തുനിന്ന് കോഴിക്കോട് ഭരണകൂടത്തിന് അയച്ചതിന്റെ രേഖ കോഴിക്കോട് ആർക്കൈവ്‌സിൽ ഇപ്പോഴുമുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ സപ്‌തംബറിൽ മാത്രമാണി പതിനാല് കപ്പലുകളാണ് എംഡൻ മുക്കിയതായി രേഖകളിൽ കാണുന്നത്. എംഡൻ മദിരാശി പട്ടണത്തെയും വെറുതെ വിട്ടില്ല. സപ്‌തംബർ 22നാണ് മദിരാശിയെ എംഡൻ ആക്രമിക്കുന്നത്. തുറമുഖത്തെ ബർമാ എണ്ണക്കമ്പനിയെ തുരുതുരാ വെടിയുതിർത്ത് നശിപ്പിച്ചു. മദിരാശിയിലെ ഏറ്റവും വലിയ തീപ്പിടിത്തമായി എംഡന്റെ ഈ ആക്രമണം രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മദിരാശിയിൽനന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്‌തു.
എംഡനെ ഒതുക്കാൻ ബ്രിട്ടനും റഷ്യയും ജപ്പാനും ഓസ്‌ട്രലിയയും ഒക്കെ രംഗത്തെത്തി. എന്തുവില കൊടുത്തും എംഡനെ പിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ എംഡൻ ഇതൊന്നും കാര്യമായി എടുത്തില്ല. ഇത്തവണ അവനെത്തിയത് സിലോൺ തീരത്താണ്. സിലോണിലെ അമ്മമാർ കുട്ടികളെ ഉറക്കിയിരുന്നത് എംഡന്റെ പേരുപറഞ്ഞ് പേടിപ്പിച്ചിട്ടായിരുന്നുവത്രെ. ബ്രിട്ടീഷ് സൈന്യം സിലോണിൽ എത്തിയപ്പോഴേക്കും എംഡൻ സിലോൺ വിട്ടിരുന്നു.
ഓസ്‌ട്രേലിയൻ കപ്പലായ ‘സിഡ്‌നി’ക്കാണ് ഒടുവിൽ എംഡനെ തളയ്‌ക്കാൻ ഭാഗ്യമുണ്ടായത്. യാർമോത്തിനെ അനുകരിക്കാൻ ഉണ്ടാക്കിയ നാലാമത്തെ പുകക്കുഴലാണ് എംഡന്റെ പതനത്തിന് വഴിയൊരുക്കിയത്. നാലാമത്തെ പുകക്കുഴൽ കണ്ടാണ് സിഡ്‌നി എംഡനെ തിരിച്ചറിഞ്ഞത്. സിഡ്‌നിയും എംഡനും ഏറ്റുമുട്ടിയപ്പോൾ 131 പേരാണ് മരിച്ചത്. 65 പേർക്ക് മുറിവേറ്റു. എംഡനെ സ്‌നേഹിച്ചിരുന്ന ക്യാപ്‌റ്റൻ മുള്ളർ കപ്പൽ മുങ്ങാതിരിക്കാൻ അതിനെ വടക്കേ കീലിങ് ദ്വീപിലേക്ക് ഇടിച്ചുകയറ്റുകയാണുണ്ടായത്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും കാൻബറയിലും എംഡൻ കപ്പലിന്റെ ഭാഗങ്ങൾ ഇപ്പോഴും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. എംഡന്റെ ക്യാപ്‌റ്റൻ മുള്ളർ 1923ൽ മലേറിയ ബാധിച്ച് മരിച്ച!.
ഇംഗ്ലീഷുകാർക്കുമാത്രമല്ല, മലബാറുകാർക്കും വളരെ ആശ്വാസമായി എംഡന്റെ പതനം. അലപ്പം ഭയഭക്തിബഹുമാനത്തോടെയാണ് എംഡനെ മലബാറുകാർ നോക്കിക്കണ്ടിരുന്നത്. അതുകൊണ്ടാണല്ലോ ‘എമണ്ടൻ’ എന്ന പദപ്രയോഗത്തിലൂടെ ‘എസ്.എം.എസ് എംഡൻ’ മലബാറിൽ ഇപ്പോഴും ഓർക്കപ്പെടുന്നത്.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്‌തകത്തിൽനിന്ന്)


