സാഹിത്യകാരൻ യു എ ഖാദർ മിഠായിത്തെരുവിനെക്കുറിച്ച് ഓർക്കുന്നത് സുഖകരമായ ഒരനുഭവമായാണ്. ഓർമ മാത്രമല്ല, അത് മിഠായിത്തെരുവിന്റെ ചരിത്രവും പ്രദാനം ചെയ്യുന്നു. അതിങ്ങനെ: ‘രണ്ടറ്റത്തും രണ്ട് അബൂബക്കർമാർ. തെക്കേ അറ്റത്ത് നെയ്യോളി അബൂബക്കർ സാഹിബ്. വടക്കേ അറ്റത്ത് സി പി അബൂബക്കർ. ഇതിനിടയിലെ ബജാറിലൂടെ നടന്നാണ് എന്റെ കോഴിക്കോടൻ വാഴ്‌ച ആരംഭിക്കുന്നത്. വടക്കേയറ്റത്തെ സി പി അബൂബക്കർ സാഹിബിന്റെ പീടികയിൽ നിന്നാൽ തൊട്ടു പടിഞ്ഞാറ് സത്രം വക കെട്ടിടങ്ങൾ കാണാം. സത്രം വളപ്പ് എന്നാണ് ഈ ഭാഗങ്ങൾ അറിയപ്പെട്ടിരുന്നത്. ഇതിന് മ്യൂസിയം വക കെട്ടിടങ്ങളും ലോക്കൽ ലൈബ്രറിയും. ഹജൂർ കെട്ടിടത്തിന്റെ കമാന ജാലകങ്ങൾ പഴയ ബ്രിട്ടീഷ് മേൽക്കോയ്‌മയുടെ രാജകീയ പ്രൗഢി വിളിച്ചോതുന്ന ധാടിയും മോടിയും കണ്ടാസ്വദിക്കാം. എന്തിനാണ് കോഴിക്കോട്ടുകാരാ, നിങ്ങളീ കെട്ടിടം പൊളിച്ചുകളഞ്ഞത്.’
കാരണവരോടൊപ്പമാണ് യു എ ഖാദർ മിഠായിത്തെരുവിലെത്തിയത്. മിഠായിത്തെരുവിൽ ഖാദറെ നിർത്തി കാരണവർ പറയും: ‘നടന്നു നടന്ന് കാഴ്‌ചകൾ കണ്ടോ. നീ അങ്ങേത്തലയ്‌ക്കലെത്തുമ്പോഴേക്കും വലിയങ്ങാടിയിലെ പണി കഴിഞ്ഞ് ഞാനിവിടെ എത്തും. ഇന്നത്തെ ചോറ് ലക്കി ഹോട്ടലിൽനിന്നാണ്’.
എം എം അബൂബക്കറിന്റെ സ്‌റ്റോർസിൽനിന്നാണ് എസ് കെ പൊറ്റെക്കാടിനെയും ഭാര്യ ജയവല്ലിയെയും യു എ ഖാദർ നേരിട്ടുകാണുന്നത്. ആഫ്രിക്കൻ യാത്രാവിവരണങ്ങൾ മാതൃഭൂമിയിൽ പൊറ്റെക്കാട് എഴുതിയിരുന്ന കാലമായിരുന്നു അത്. ആരാധനയോടെ ആ വലിയ മനുഷ്യനെ ഖാദർ നോക്കിക്കാണും. അബൂബക്കർ സാഹിബ് എസ് കെയെ കെട്ടിപ്പിടിക്കുന്നതും തമാശകൾ പൊട്ടിക്കുന്നതും അത്‌ഭുതത്തോടും ആരാധനയോടെയും ഖാദർ നോക്കിനിന്നിരുന്നു. ഖാദറിന്റെ കാരണവർക്കാകട്ടെ ഇവരെയൊന്നും തീരെ പരിചയമില്ലായിരുന്നുതാനും. അബൂബക്കർ സാഹിബിന്റെ കടയിൽ മാത്രമായിരുന്നു മേത്തരം വിദേശ ബിസ്‌കറ്റുകളും ചോക്ലേറ്റുകളും കിട്ടിയിരുന്നത്. ഈ ഉൽപ്പന്നങ്ങളാവട്ടെ, ഏറ്റവും കൗതുകകരമായ രീതിയിൽ അദ്ദേഹം പ്രദർശിപ്പിക്കുകയും ചെയ്‌തു. പിന്നീട് എസ് കെയുടെ അടുത്ത അനുചരന്മാരിൽ ഒരാളാവാൻ ഖാദറിനും ഭാഗ്യം കിട്ടി. നോമ്പുരാവുകളിൽ മിഠായിത്തെരുവിലെ എം എം അബൂബക്കർ സ്‌റ്റോർസും ഹുസൈൻ സാഹിബിന്റെ സ്‌റ്റോർസും മലബാർ സ്‌റ്റേഷനറിയും പുലരുംവരെ വ്യാപാരം തുടർന്നിരുന്നു. ഈ സ്ഥാപനങ്ങളിലായിരുന്നു മറിച്ച് കല്ലായിപ്പുഴയോരത്തല്ല, പെരുന്നാൾ രാവ് ഉദിച്ചിരുന്നത്.
ലിസ സിനിമയെടുത്ത ബേബിയുടെ കേരള ബുക്ക് ഡിപ്പോ കലാ‐ സാഹിത്യ രംഗങ്ങളിലെ അറിയപ്പെട്ടവരുടെ ഒരു സംഗമ കേന്ദ്രമായിരുന്നു. അതുപോലെ തന്നെ പ്രശസ്‌തമായിരുന്നു നാഷണൽ സ്‌റ്റുഡിയോയിലെ ഉണ്ണിയേട്ടനും. പഴയകാല ഗാനരചയിതാവ് പി എ കാസിമും മാപ്പിളപ്പാട്ട് ഗായകൻ ഉസ്‌താദ് എസ് എം കോയയും സായാഹ്നങ്ങൾക്ക് ലഹരി പകർന്നു. എല്ലാ കലാകാരന്മാരെയും അങ്ങേയറ്റം സ്‌നേഹിച്ചുകൊണ്ട് നാഷണൽ സ്‌റ്റുഡിയോയിലെ മുറിയിൽ ഉണ്ണിയേട്ടൻ പുഞ്ചിരി തൂകി നിന്നു. സൗഹൃദത്തിന് അദ്ദേഹം കൽപ്പിച്ച വില അത്രയേറെ മുന്തിയതായിരുന്നു് ഫോട്ടോ സ്‌റ്റുഡിയോ മാത്രമല്ല, കണ്ണാടി വ്യാപാരവും അദ്ദേഹവും നടത്തിയിരുന്നു. ഉണ്ണിയേട്ടനോടൊപ്പം വെടിവെട്ടത്തിനായി നാഷണൽ സ്‌റ്റുഡിയോയിലെത്തിയിരുന്നവരിൽ കോഴിക്കോട് അബ്‌ദുൾഖാദറും ആകാശവാണിയിലെ പഴയന്നൂർ പരശുരാമനും രാഘവൻ മാസ്‌റ്ററൂം ഉൾപ്പെടുന്നു. ഇവരെ സ്വീകരിക്കുന്നതാകട്ടെ പഴയകാല ഗാനരചയിതാവ് പി എ കാസിമും. എന്നും ഓർമയിൽ തങ്ങിനിൽക്കുന്നതാണ് ആ സായാഹ്നങ്ങൾ.
വാസുപ്രദീപിന്റെ ‘ആഹ്വാൻ ആർട്‌സി’നെക്കുറിച്ചും പറയാതിരിക്കാൻ കഴിയില്ല. നാഷണൽ സ്‌റ്റുഡിയോയിൽനിന്നിറങ്ങി പടിഞ്ഞാറോട്ടുള്ള ഇടവഴിയിലൂടെ നടന്നാൽ പ്രദീപിന്റെ ഗുഹയിലെത്തിച്ചേരും. കുഞ്ഞാണ്ടി, കുഞ്ഞാവ, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരൻ, പി എൽ എം ആലക്കോയ, എ എം കോയ, രവി മാസ്‌റ്റർ, എന്നിങ്ങനെയുള്ളവർ അവിടെയുണ്ടാകും. ഈ നഗരത്തിൽ നിരന്നുനിന്ന സകല കലാകാരന്മാരുടെയും ഒത്തൊരുമിക്കൽ കേന്ദ്രമായിരുന്നു വാസു പ്രദീപിന്റെ ‘ആഹ്വാൻ ആർട്‌സ്’ എന്ന ഗുഹ.
(ടി ബി സെലുരാജിന്റെ ‘മിഠായിത്തെരുവ്’ പുസ്‌തകത്തിൽനിന്ന്)


