വിശ്രമ സൗകര്യമില്ലാതെ വനിതാ ടിക്കറ്റ് പരിശോധകർ

രാത്രി ഡ്യൂട്ടിയിൽ ആർപിഎഫ് സുരക്ഷയുമില്ല

റെയിൽവേയുടെ അലംഭാവത്തിൽ പ്രതിഷേധമുയരുന്നു

കോഴിക്കോട്: വനിതാ ടിക്കറ്റ് പരിശോധകരോട് റെയിൽവേ തുടരുന്നത് കടുത്ത അവഗണന. ദീർഘദൂരങ്ങളിലടക്കം ജോലി ചെയ്യുന്നവർക്ക് മതിയായ വിശ്രമ സൗകര്യം ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയാണ് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. രാത്രി ഡ്യൂട്ടിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിലും അലംഭാവം പ്രകടമാണ്.

പാലക്കാട് ഡിവിഷനിൽ 420 ൽ അധികം ടിക്കറ്റ് പരിശോധകർ ജോലിചെയ്യുന്നുണ്ട്. ഇതിൽ 50 ൽ അധികം വനിതാ ജീവനക്കാരാണ്. മംഗലാപുരം, കണ്ണൂർ, ഷൊർണൂർ, പാലക്കാട്, ആലപ്പുഴ, റെനി ഗുണ്ട, ചെന്നൈ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇവർ ട്രെയിനിൽ ജോലി ചെയ്തു പോകാറുണ്ട്. എന്നാൽ ഇവർക്കുള്ള റെസ്റ്റ് റൂം സംവിധാനം റെയിൽവേ ഒരുക്കുന്നില്ല. പല റെസ്റ്റ് റൂമുകളിലും ആവശ്യത്തിന് ബെഡുകൾ ഇല്ല. കണ്ണൂരിലും ആലപ്പുഴയിലും റെസ്റ്റ് റൂം സംവിധാനം ഇല്ല.

ജോലി ചെയ്ത് റെസ്റ്റ് റൂമിൽ ചെല്ലുമ്പോൾ അവിടെ ആവശ്യത്തിന് ബെഡ് ഉണ്ടാകില്ല. പലപ്പോഴും റെയിൽവെ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിലാണ് ഇവർ ഇരിക്കാറ്. സ്ത്രീ ജീവനക്കാരോടുള്ള അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ജീവനക്കാരുടെ ഇടയിലുണ്ട്. അധികാരികളുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതടക്കമുള്ള ആവശ്യമുന്നയിച്ച് ടിക്കറ്റ് പരിശോധകർ ഡിആർഎം ഓഫീസിനുമുമ്പിൽ ധർണ നടത്തിയിരുന്നു. നിവേദനങ്ങളും നൽകി. ഫലമുണ്ടായില്ല.

ട്രെയിനിൽ രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്നതിന് വനിതാ ടിക്കറ്റ് പരിശോധകർക്ക് ആർപിഎഫ് സുരക്ഷ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. മംഗലാപുരം – ചെന്നൈ മെയിലിൽ അടുത്തിടെ വനിതാ ടിക്കറ്റ് പരിശോധകക്കുനേരെ യാത്രക്കാരൻ കൈയേറ്റം ചെയ്ത സംഭവമുണ്ടായി. ഇതേത്തുടർന്ന് ആശങ്കയോടെയാണ് പലരും ജോലി ചെയ്യുന്നത്.

വനിതാ ടിക്കറ്റ് പരിശോധകരുടെ ആവശ്യങ്ങൾ അധികൃതർ അവഗണിക്കുന്നതിൽ ഡിആർഇയു പാലക്കാട് ഡിവിഷണൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തര നടപടികൾ എടുക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ഡിആർഇയു പാലക്കാട് ഡിവിഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ടിക്കറ്റ് പരിശോധകർ ഡി ആർ എം ഓഫീസിനുമുമ്പിൽ നടത്തിയ ധർണ

Leave a Reply

Your email address will not be published. Required fields are marked *