വാസുദേവന്‍ കുപ്പാട്ട്
മലയാള ചലച്ചിത്രസംഗീത രംഗത്ത് കെ ജെ ജോയിയുടെ സംഭാവന ഇനിയും പഠനവിധേയമാക്കേണ്ട ഒന്നാണ്. മെലഡിയുടെ യുഗം അവസാനിക്കുന്നതിന് മുമ്പുതന്നെ പാശ്ചാത്യ ഉപകരണങ്ങളുടെ സന്നിവേശം കൊണ്ട് ചലച്ചിത്രസംഗീതത്തില്‍ പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു കെ ജെ ജോയ്. യുവത്വത്തിന്റെ പ്രസരിപ്പില്‍ ജോയി നടത്തിയ ഈ പരീക്ഷണങ്ങള്‍ അക്കോർഡിയനിലും കീ ബോര്‍ഡിലും നമുക്ക് കാണാന്‍ സാധിച്ചു. ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന് കീ ബോര്‍ഡിന്റെ വലിയ സാധ്യത പരിചയപ്പെടുത്തിയത് ജോയ് ആണെന്നത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. ജോയിയുടെ സംഗീതപരിശ്രമങ്ങള്‍ ചലച്ചിത്ര ആസ്വാദകര്‍ക്ക് ഗുണനിലവാരവും ശ്രവണസുഖമുള്ളതുമായ പാട്ടുകള്‍ നല്‍കി. എന്നാല്‍, അദ്ദേഹത്തിന്റെ സംഭാവന ചര്‍ച്ച ചെയ്യാനോ അതിന് അനുസരിച്ച് അദ്ദേഹത്തിന് അംഗീകാരങ്ങള്‍ നല്‍കാനോ നിര്‍ഭാഗ്യവശാല്‍ ആരും മുന്നോട്ടുവന്നില്ല.
പക്ഷാഘാതം ബാധിച്ച് കിടപ്പിലായതോടെ ജോയിയുടെ സംഗീതപരിശ്രമങ്ങള്‍ക്ക് ഭംഗം വന്നു. തിരക്കുപിടിച്ച സിനിമാലോകത്ത് വീണുപോകുന്നവരെ ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമുണ്ടാവില്ല. ജോയിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. മനസ്സുകൊണ്ട് അവസാനശ്വാസം വരെ സംഗീതത്തിന്റെ കൂടെയായിരുന്നു ജോയ്. ശാരീരിക പ്രയാസങ്ങള്‍ അതിന് തടസ്സമായി. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് ഊന്നുവടിയായി മാറാന്‍ ആരും ഉണ്ടായില്ല. സംഗീതരംഗത്ത് നിന്ന് പിന്മാറിയെന്ന് ജോയ് ഒരിക്കലും പറഞ്ഞിരുന്നില്ല. തന്നെ കാണാന്‍ വരുന്ന അപൂര്‍വം ആളുകളോടും ഫോണില്‍ വിവരങ്ങള്‍ അന്വേഷിക്കുന്നവരോടും സംഗീതസംവിധാനം ചെയ്യുന്ന കാര്യമാണ് ജോയ് പറയാറുള്ളത്. എന്നാല്‍ അത്തരം പ്രതീക്ഷകളൊന്നും പൂവണിഞ്ഞില്ല.
കെ ജെ ജോയിയുടെ റെക്കോര്‍ഡിങ് എന്നു പറഞ്ഞാല്‍ ഗായകര്‍ക്കും ഓര്‍ക്കസ്ട്രക്കാര്‍ക്കും ഒരു ഉത്സവം തന്നെയായിരുന്നു. അന്‍പതോളം വയലിനും കീബോര്‍ഡും ഒക്കെയായിട്ടാണ് റെക്കാര്‍ഡിങ് തുടങ്ങുക. ഒന്നിനും ഒരു കുറവും ഉണ്ടാവരുത് എന്ന തീരുമാനത്തോടെ ആഡംബരം നിറഞ്ഞ അന്തരീക്ഷത്തിലാവും റെക്കോര്‍ഡിങ്. വ്യക്തിജീവിതത്തിലും കെ ജെ ജോയ് ആഡംബരത്തിനും പ്രൗഢിക്കും ഒരു കുറവും വരുത്തിയിരുന്നില്ല. സഫാരി സ്യൂട്ടില്‍ പ്രത്യക്ഷപ്പെടുന്ന ആജാനബാഹുവായ ജോയിയെ കാണുന്നതുതന്നെ ഒരു സംഭവമായി സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. പുതിയ ബെന്‍സ് കാറില്‍ വിദേശത്തുനിന്ന് എത്തിച്ച കൂളിംഗ് ഗ്ലാസുമായി ജോയിയുടെ ചിത്രം സിനിമാരംഗത്തുള്ളവരുടെ മനസ്സില്‍ ഇന്നുമുണ്ട്.
മദിരാശിയിലെ സംഗീത ദിനങ്ങള്‍
1946 ജൂണ്‍ 14ന് തൃശൂരിലെ നെല്ലിക്കുന്നില്‍ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ച ജോയ് ചെറുപ്പകാലത്ത് തന്നെ മദിരാശിയിലേക്ക് കുടുംബത്തോടൊപ്പം മാറിയിരുന്നു. സംഗീതത്തിനോട് കുട്ടിക്കാലം മുതല്‍ താല്‍പര്യമുണ്ടായിരുന്നു. പള്ളികളില്‍ പ്രാര്‍ത്ഥനാസംഘത്തോടൊപ്പം അക്കോര്‍ഡിയന്‍ വായിക്കുന്നത് പതിവായിരുന്നു. അക്കോര്‍ഡിയന്‍ വായന കണ്ടറിഞ്ഞ് പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥനാണ് ജോയിയെ തന്റെ ഓര്‍ക്കസ്‌ട്രേഷന്‍ ടീമിലേക്ക് ക്ഷണിക്കുന്നത്. . അന്ന് ജോയിക്ക് പതിനെട്ടാണ് പ്രായം. അത് ഒരു വഴിത്തിരിവായി. എം എസ് വിശ്വനാഥന്റെ നൂറുകണക്കിന് പാട്ടുകള്‍ക്ക് ജോയ് അക്കോര്‍ഡിയന്‍ വായിച്ചു. നൗഷാദ്, ലക്ഷ്മികാന്ത് പ്യാരേലാല്‍, മദന്‍മോഹന്‍, ആര്‍.ഡി ബര്‍മന്‍, കെ.വി മഹാദേവന്‍, സലില്‍ ചൗധരി തുടങ്ങിയവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975ല്‍ ലൗലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംഗീത സംവിധായകനായി രംഗത്ത് വരുന്നത്. ഡോ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ലൗലെറ്ററില്‍ സന്ത്യന്‍ അന്തിക്കാടും ഭരണിക്കാവ് ശിവകുമാറുമായിരുന്നു ഗാനരചയിതാക്കള്‍. സത്യന്‍ അന്തിക്കാട് രചിച്ച, അമ്പിളി പാടിയ ‘സ്വര്‍ണമാലകള്‍ വിണ്ണില്‍ വിതറും…’ എന്നു തുടങ്ങുന്ന പാട്ടും ഭരണക്കാവിന്റെ ‘ മധുരം തിരുമധുരം’ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടു.
ഡോ. ബാലകൃഷ്ണന്‍ തിരക്കഥ എഴുതുകയും ജേസി സംവിധാനം നിര്‍വഹിക്കുകയും ചെയ്ത ചന്ദനച്ചോല എന്ന ചിത്രത്തിലൂടെയാണ് കെ ജെ ജോയിയുടെ സംഗീതം ഏറ്റവും പോപ്പുലറായത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായി മാറി. യേശുദാസും പട്ടം സദനും ചേര്‍ന്നുപാടിയ ‘മണിയാം ചെട്ടിക്ക് മണി മിഠായി….’ , സുശീല പാടിയ ബിന്ദൂ..നീയാനന്ദ ബിന്ദുവോ എന്നീ പാട്ടുകള്‍ അക്കാലത്ത് സംഗീതപ്രേമികളുടെ ഹരമായിരുന്നു. ഈ രണ്ടു പാട്ടുകളും എഴുതിയത് ഡോ. ബാലകൃഷ്ണന്‍ ആയിരുന്നു. കോന്നിയൂര്‍ ഭാസിന്റെ ലവ്്‌ലി ഈവനിങ് എന്നു തുടങ്ങുന്ന പാട്ട് വാണിജയറാം ആണ് ഈ ചിത്രത്തിനുവേണ്ടി പാടിയത്. മുപ്പത്ത് രാമചന്ദ്രന്‍ രചിച്ച ‘ ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തില്‍’ എന്നു തുടങ്ങുന്ന യേശുദാസ് പാടിയ പാട്ടും ചന്ദനച്ചോലയില്‍ ഉണ്ടായിരുന്നു. . വയലാര്‍ എഴുതിയ ‘മുഖശ്രീ കുങ്കുമം ചാര്‍ത്തുമുഷസ്സേ…’ എന്ന ഗാനവും ഈ ചിത്രത്തിലാണ്.
ബേബി സംവിധാനം ചെയ്ത അനുപല്ലവി, ലിസ, സര്‍പ്പം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതം കൈകാര്യം ചെയ്തത് കെ.ജെ ജോയ് ആയിരുന്നു. 1979ല്‍ പുറത്തിറങ്ങിയ അനുപല്ലവിയിലെ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഒരേ രാഗപല്ലവി നമ്മള്‍, ഒരു ഗാനമഞ്ജരി നമ്മള്‍ എന്ന യുഗ്മഗാനം അക്കാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു. ജയചന്ദ്രന്റെ ശബ്ദത്തില്‍ പുറത്തുവന്ന ‘ആയിരം മാതളപ്പൂക്കള്‍ ആതിരേ നിന്‍..’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. ബിച്ചു തിരുമലയായിരുന്നു പാട്ടെഴുതിയത്. ഇതേ ചിത്രത്തില്‍ യേശുദാസ് പാടിയ ‘എന്‍ സ്വരം പൂവിടും ഗാനമേ…;’ എന്ന പാട്ടും വ്യത്യസ്തമായ ഒരു അനുഭവമായി മാറുകയുണ്ടായി.
സര്‍പ്പത്തിലെ ഖവാലി
1979ല്‍ ഇറങ്ങിയ സര്‍പ്പം എന്ന ചിത്രത്തില്‍ ഖവാലി മാതൃകയില്‍ സംവിധാനം ചെയ്ത ‘സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളേ…’ എന്നു തുടങ്ങുന്ന ഗാനം സിനിമാശാലകളിലും ഗാനമേളകളിലും ആസ്വാദകവൃന്ദത്തെ ഇളക്കിമറിക്കുക തന്നെ ചെയ്തു. ബിച്ചു തിരുമലയുടേതായിരുന്നു രചന. യേശുദാസ്, എസ്.പി ബാലസുബ്രഹ്‌മണ്യം, സുശീല, വാണിജയറാം എന്നിവര്‍ ചേര്‍ന്ന ആലാപനം തെന്നിന്ത്യയിലെ ഒരു സംഗീതമത്സരമായി തന്നെ അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. പ്രേംനസീര്‍, രവികുമാര്‍, വിധുബാല, ഭവാനി എന്നിവരാണ് ഗാനരംഗത്തില്‍ മത്സരിച്ച് അഭിനയിച്ചത്. സുശീല പാടിയ ‘വാടകവീടൊഴിഞ്ഞു’ എന്നു തുടങ്ങുന്ന ശോകഗാനവും ഇതേ ചിത്രത്തിലാണ്. യേശുദാസ് പാടിയ ‘ കുങ്കുമ സന്ധ്യകളോ നിന്റെ കവിള്‍ പൂവില്‍’ എന്ന ഗാനവും ശ്രദ്ധേയമായിരുന്നു. ജയന്‍ ഇരട്ടവേഷത്തില്‍ തിളങ്ങിയ മനുഷ്യമൃഗം എന്ന ചിത്രത്തെ ജനപ്രിയമാക്കിയതില്‍ കെ ജെ ജോയിയുടെ സംഗീതത്തിന് വലിയ സ്ഥാനമുണ്ട്. ‘കസ്തൂരിമാന്‍ മിഴി മലര്‍ശരമെയ്തു..’ എന്ന് തുടങ്ങുന്ന ഗാനം വന്‍തരംഗമായി മാറി. ഗാനമേളകളില്‍ ഈ പാട്ടില്ലാതെ പറ്റില്ല എന്ന അവസ്ഥയായിരുന്നു അന്ന്. ‘അജന്താ ശില്‍പങ്ങളില്‍’ എന്ന നൃത്തരംഗത്തെ ഗാനവും ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതായി.
ജി പ്രേംകുമാര്‍ സംവിധാനം ചെയ്ത സായൂജ്യം എന്ന ചിത്രത്തിലും ജോയ് ഹിറ്റ് ഗാനങ്ങള്‍ തീര്‍ത്തു. ‘മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍ മലരായി വിടരും നീ..’ എന്ന പാട്ടാണ് ഈ ചിത്രത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചത്.
പ്രണയത്തിന്റെയും പ്രണയനൈരാശ്യത്തിന്റെയും ഇടയില്‍ കുരുങ്ങിയ ഒരു പാട്ടായിരുന്നു അത്. വിരഹഗാനം എന്ന നിലയില്‍ മന്ദഗതിയില്‍ ഈ പാട്ട് യേശുദാസ് അനശ്വരമാക്കിയപ്പോള്‍ വേഗതയുടെ ചടുലതയില്‍ വാണിജയറാം ആലപിച്ചു. സിനിമയിലെ രണ്ടു സിറ്റിവേഷനുകളും അങ്ങനെ ശ്രദ്ധേയമായി. സോമനും ജയനുമാണ് പ്രധാനവേഷങ്ങളില്‍ വന്നത്. ജയഭാരതിയായിരുന്നു നായിക. ജയചന്ദ്രന്‍ പാടിയ ‘സ്വര്‍ഗത്തിലേക്കോ, നരകത്തിലേക്കോ സ്വപ്‌നാടനം…ഈ സ്വപ്‌നാടനം’ എന്ന ഗാനവും ഇതേ ചിത്രത്തിലാണ്. ജോയിയുടെ ഭക്തിഗാനങ്ങളില്‍ ഏറെ പ്രശസ്തമായ ‘കാലിത്തൊഴുത്തില്‍ പിറന്നവനേ…കരുണ നിറഞ്ഞവനേ.’ എന്ന പാട്ടും സായൂജ്യം എന്ന ചിത്രത്തിന് അലങ്കാരമായി. യൂസഫലി കേച്ചേരിയുടെതാണ് രചന.
ജയന്‍ നായകനായ ശക്തി എന്ന ചിത്രത്തില്‍ ‘എവിടെയോ കളഞ്ഞുപോയ കൗമാരം’ എന്ന പാട്ടും ഹിറ്റായി മാറി. മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന ചിത്രത്തിലെ മുല്ലപ്പൂ മണമോ, ആഴിത്തിര മാലകള്‍, ലജ്ജാവതിയിലെ മഴ പെയ്തു പെയ്തു, ഹൃദയം പാടുന്നു എന്ന ചിത്രത്തിലെ തെച്ചിപ്പൂവേ മിഴി തുറക്കൂ തുടങ്ങിയ ഗാനങ്ങളും അക്കാലത്ത് ഹിറ്റുകളില്‍ ഇടംനേടി. പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇതാ ഒരു തീരം എന്ന ചിത്രത്തിലെ ‘അക്കരെയിക്കരെ നിന്നാലെങ്ങനെ ആശതീരും…’ എന്ന പാട്ടിനും ആരാധകര്‍ ഏറെയുണ്ടായി. യൂസഫലിയുടേതായിരുന്നു രചന. ലിസയിലെ ഇണക്കമോ പിണക്കമോ..പ്രിയതമേ പറയുമോ എന്ന ഗാനവും മലയാളികള്‍ മറക്കാന്‍ ഇടയില്ല.
ആരംഭം എന്ന ചിത്രത്തിലെ തുടക്കത്തിലുള്ള സംഗീത വിസ്മയവും ജോയിയുടെ വകയായിരുന്നു. ജി. ദേവരാജന്‍, കെ രാഘവന്‍, എം കെ അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങിയവര്‍ സൃഷ്ടിച്ച മെലഡി യുഗത്തില്‍ നിന്ന് മലയാള സിനിമാസംഗീതത്തെ താളയുഗത്തിലേക്ക് നയിക്കുകയാണ് ജോയ് ചെയ്തത്. ശ്യാമിനെ പോലുള്ളവരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. എഴുപതുകളും എണ്‍പതുകളും ജോയിയുടെ കാലമായിരുന്നു. ബിച്ചുതിരുമല, യൂസഫലി എന്നീ ഗാനരചയിതാക്കളുടെ വരികള്‍ക്കായിരിക്കും ജോയ് കൂടുതല്‍ ഈണം ഒരുക്കിയി്ട്ടുണ്ടാവുക. വയലാറിന് പുറമെ ശ്രീകുമാരന്‍തമ്പി, ഭരണക്കാവ് ശിവകുമാര്‍, പാപ്പനംകോട് ലക്ഷ്മണന്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ വരികള്‍ക്കും ജോയ് സംഗീതം നല്‍കി. 1994ല്‍ ദാദ എന്ന ചിത്രത്തിനാണ് ഒടുവില്‍ സംഗീതസംവിധാനം നിര്‍വഹിച്ചത്. രണ്ടുപതിറ്റാണ്ടുകാലം മലയാള ചലച്ചിത്രസംഗീതമേഖലയെ നിയന്ത്രിക്കുകയും മുന്നോട്ട് നയിക്കുകയുമായിരുന്നു കെ ജെ ജോയ്. പക്ഷാഘാതം വന്നതോടെ ആ സംഗീതയാത്രക്ക് തടസ്സമുണ്ടായി. ഏതാനും വര്‍ഷം മുമ്പ് ഇടതുകാല്‍ മറിച്ചു മാറ്റേണ്ടിവന്നു. ശയ്യാവലംബിയായിട്ടും മനസ്സിലെ സംഗീതബോധം നിര്‍ബാധം ഒഴുകുകയായിരുന്നു. ജനുവരി 15ന് പുലര്‍ച്ചെ മരണം കൂട്ടിക്കൊണ്ടുപോകുന്നത് വരെ അത് തുടര്‍ന്നു.
കല്‍പനാ ഹൗസ്
കെ ജെ ജോയിയുടെ വസതിയായ കല്‍പനാ ഹൗസ് കൊട്ടാരസദൃശമായ വീടാണ്. ഇരുവശങ്ങളില്‍ നിന്നും പ്രവേശിക്കാവുന്ന വലിയ സൗധം. നേരത്തെ തന്നെ ഷൂട്ടിങ് ലൊക്കേഷന്‍ എന്ന നിലയില്‍ പ്രസിദ്ധമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ മനസ്സില്‍ ഒരുപാട് കലാ കല്‍പനകള്‍ ഉണര്‍ത്തുന്ന സൗധമാണത്. നിരവധി ചിത്രങ്ങള്‍ക്ക് ഈ വീടിന്റെ അകവും പുറവും പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. ചിത്രീകരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, ഇരിപ്പിടങ്ങള്‍, ആഢംബര വിളക്കുകള്‍, നിലവിളക്കുകള്‍,തൂക്കുവിളക്കുകള്‍, പഴയ നടീനടന്മാരുടെ വ്യത്യസ്ത ഭാവത്തിലുള്ള ഫോട്ടോകള്‍ എല്ലാം ഇവിടെ കാണാന്‍ കഴിയും.
കേരളത്തില്‍ നിന്ന് സംഗീതപ്രണയികളായ പലരും കെ ജെ ജോയിയെ സന്ദര്‍ശിച്ചിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷത്തിലധികമായി അദ്ദേഹം ചികിത്സയില്‍ ആയിരുന്നു. ചികിത്സയുടെ ഭാഗമായി ഇടതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ശയ്യാവലംബിയായിരുന്നുവെങ്കിലും സംഗീതത്തിന്റെ താളപ്പെരുക്കങ്ങളില്‍ നിന്ന് മനസ്സ് വിട്ടുപോയിരുന്നില്ല. തിരിച്ചുവരവിന്റെ സാധ്യത അവസാനം വരെ ആ പ്രതിഭാശാലി പ്രതീക്ഷിച്ചു. എന്നാല്‍, അതിനുള്ള അവസരം ഉണ്ടായില്ലെന്ന് മാത്രം.



