കോഴിക്കോട്: ദേശീയ മാനവിക വേദിയുടെ ആഭിമുഖ്യത്തിൽ ‘വംശീയ രാഷ്ട്രീയത്തിൻ്റെ ആഗോളമാനങ്ങൾ’ എന്ന വിഷയത്തിൽ റിപ്പബ്ലിക് ദിന സെമിനാർ നടത്തി. പ്രമുഖ അക്കാദമീഷ്യൻ എ.കെ രാമകൃഷ്ണൻ, ദേശരാഷ്ട്ര നിർമ്മിതിയിൽത്തന്നെ ഉൾച്ചേർന്ന അധികാര കേന്ദ്രീകരണ സാധ്യതയെപ്പറ്റിയും അധികാരം നിലനിർത്താനായി ജനാധിപത്യ രാഷ്ട്രങ്ങളെന്നവകാശപ്പെടുന്നവയുൾപ്പെടെ വംശീയതയെ ഉപയോഗപ്പെടുത്തുന്നതെങ്ങനെ എന്നതിനെപ്പറ്റിയും ആഗോള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വിശദീകരിച്ചു.
ഇസ്രയേൽ-പലസ്തീൻ സംഘർഷം ചരിത്രപരമായും ദാർശനിക തലത്തിലും വിശദമാക്കുന്ന പ്രഭാഷണം കൂടിയായിരുന്നു അത്. ഒരു മലയാളി എന്ന നിലയിൽ, ഭാഷയിലും സാഹിത്യത്തിലും നിതൃജീവിതത്തിലും എങ്ങനെയാണ് ചില വിഭാഗം മനുഷ്യർ, പ്രദേശങ്ങൾ പാർശ്വവൽക്കരിക്കപ്പെടുന്നത് എന്ന് കണ്ണൂർ യൂണിവേഴ്സിറ്റി അധ്യാപകനും പ്രമുഖ സാഹിത്യ സാംസ്കാരിക പ്രവർത്തകനുമായ റഫീക് ഇബ്രാഹിം വിശദീകരിച്ചു.
സാഹിത്യകാരൻ പി.കെ. പാറക്കടവ് അധ്യക്ഷനായി. ദേശീയ മാനവിക വേദി വൈസ് ചെയർപെഴ്സൺ ഖദീജാമുംതാസ് സ്വാഗതവും ഹസ്സൻ തിക്കൊടി നന്ദിയും പറഞ്ഞു.

