കോഴിക്കോട്: യുഎൽ സൈബർപാർക്കിലെയും ഗവണ്മെന്റ് സൈബർപാർക്കിലെയും ഐടി ജീവനക്കാരുടെ കുഞ്ഞുങ്ങൾക്ക് ഇനി സുരക്ഷിതരായി കളിച്ചുതിമിർക്കാം. അച്ഛനമ്മമാർക്ക് മനസ്സമാധാനത്തോടെ ജോലിയും ചെയ്യാം. രണ്ടു പാർക്കുകൾക്കുമായി യുഎൽ സൈബർപാർക്കിന്റെ മനോഹരസമ്മാനം – സുസജ്ജമായ ക്രഷ്.
സിഡ്നി മോണ്ടിസോറി സ്കൂൾ എന്നു പേരിട്ട ക്രഷ് മേയർ ഡോ. ബീന ഫിലിപ് കുരുന്നുകൾക്കായി തുറന്നുനല്കി. ഇത്തരം സംരംഭങ്ങൾ സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ തൊഴിലന്തരീക്ഷം ഒരുക്കുമെന്നും അതു ജീവനക്കാരുടെ ഉൽപാദനക്ഷമത ഉയർത്തുമെന്നും അവർ അഭിപ്രായപ്പെട്ടു. ജീവനക്കാർക്കു കുടുംബസൗഹൃദപൂർണവും പിന്തുണ നല്കുന്നതുമായ തൊഴിലിടം ഒരുക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെയും യുഎൽ സൈബർ പാർക്കിന്റെയും പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യപത്രമാണിതെന്നും അവർ പറഞ്ഞു.
തൽക്കാലം യുഎൽ സൈബർ പാർക്കിൽ തുടങ്ങിയ ക്രഷ് കുട്ടികളുടെ സമഗ്രവികാസത്തിനുതകുന്ന മാതൃകയിൽ സ്വന്തം കെട്ടിടം നിർമ്മിച്ച് അതിലേക്കു മാറ്റും.
സിഡ്നി മോണ്ടിസോറി സ്കൂളിന്റെ ചെയർമാൻ ജെ ജോസഫ് അദ്ധ്യക്ഷനായി. സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ, യുഎൽ സൈബർപാർക്കിന്റെ ഉടമകളായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഡയറക്ടർ ഷിജിൻ ടി ടി, സിഒഒ ടി കെ. കിഷോർ കുമാർ, യുഎൽടീസ് സിഇഒ ഹരിശങ്കർ രാധാകൃഷ്ണൻ, സിഡ്നി ഗ്രൂപ് എച്ച്ആർ ഡയറക്ടർ അഡ്വ. കെ ജെ കുഞ്ഞിപ്പാലു, ഒഐഎസ് സിഎ ഡയറക്ടർ അഡ്വ. എം അരവിന്ദ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. സിഡ്നി ഗ്രൂപ്പ് അസോസിയേറ്റ് ഡയറക്ടർ ലേയ മറിയം ജോസഫ് സ്വാഗതവും കോ- ഓർഡിനേറ്റർ ബിൻസി ബിജു നന്ദിയും പറഞ്ഞു.

