ഒടുമ്പ്രക്കടവിലെ ശിവരാമൻ മാസ്റ്ററുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം ശ്രീകണ്ഠേശ്വര ക്ഷേത്രത്തെക്കുറിച്ചും ശ്രീനാരായണഗുരു കോഴിക്കോട് സന്ദർശിച്ചതിനെക്കുറിച്ചുമുള്ള രേഖകൾ കൈമാറി. ആ രേഖകളിലെ വിവരങ്ങൾ ഏതൊരു ചരിത്രാന്വേഷിയിലും താൽപ്പര്യം ഉളവാക്കുന്നവയായിരുന്നു. അതിങ്ങനെ….
ദൈവങ്ങളും ആരാധനാലയങ്ങളുമൊക്കെ ഒരുകാലത്ത് ജന്മംകൊണ്ട് സംപൂജ്യരെന്ന് സ്വയം അവകാശപ്പെട്ടിരുന്നവരുടെ കൈയിലായിരുന്നുവല്ലോ. അവർണർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കുവാനോ ആരാധിക്കുവാനോ അനുവാദമുണ്ടായിരുന്നില്ല. ഈയൊരു കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവെന്ന മഹാപുരുഷൻ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് രംഗപ്രവേശം ചെയ്തത്. ജാതിവ്യവസ്ഥയ്ക്കെതിരെയും അവർണരുടെ അവകാശങ്ങൾക്കുവേണ്ടിയുമായിരുന്നു അദ്ദേഹം പോരാടിയിരുന്നത്. ശ്രീനാരായണഗുരു തുടങ്ങിവെച്ച സമുദായ പരിഷ്കരണങ്ങളുടെ അലകൾ ഇങ്ങ് മലബാറിലും തിരയടിച്ചു.
കോഴിക്കോട്ടെ തിയ്യ സമുദായവും തങ്ങൾക്കൊരു ക്ഷേത്രം വേണമെന്ന് ആഗ്രഹിച്ചു. സമുദായത്തിന്റെ മോഹം വലിയൊരാവേശമായി മാറി. അന്ന് നഗരത്തിലെ പ്രമാണിയായിരുന്ന ഇക്കിരിപറമ്പത്ത് കെ രാരിച്ചന്റെ നേതൃത്വത്തിൽ ഒരു യോഗം ബാലപരമേശ്വരി ഭജനകോവിലിൽവെച്ചു കൂടി. തുടർന്ന് രാരിച്ചൻ, പുല്ലാഞ്ഞി ചന്തു, പുളിക്കൽ ചോയിക്കുട്ടി, കരുപ്പാളി രാമൻ, കാണിയിൽ കുഞ്ഞിക്കണ്ണൻ, കളത്തിൽ ചോയി, മീത്തലെ മാളികക്കണ്ടി സ്വാമി, വള്ളിക്കാടൻ കുമാരൻ എന്നീ ഒമ്പതു പേരടങ്ങിയ സംഘം കോഴിക്കോട് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ സഞ്ചരിക്കുകയും യോഗങ്ങൾ വിളിച്ചുകൂട്ടുകയും ചെയ്തു. ഒടുവിലവർ കോഴിക്കോട്ടെ അക്കാലത്തെ പ്രബലനായിരുന്ന കല്ലുങ്കൽ രാരിച്ചൻ മൂപ്പനെ ചെന്ന് കാണുകയും അമ്പലം പണിയേണ്ടതിന്റെ ആവശ്യകത അറിയിക്കുകയും ചെയ്തു. വളരെ പ്രോത്സാഹജനകമായ സമീപനമായിരുന്നു രാരിച്ചൻ മൂപ്പനിൽനിന്ന് അവർക്ക് ലഭിച്ചത്. അദ്ദേഹംതന്നെ മുൻകൈയെടുത്ത് ജനഹിതമറിയാനായി കസബ അംശത്തിലെ നേറ്റീവ് സ്കൂളിൽവെച്ച് വിപുലമായ ഒരു യോഗം 1907 ഡിസംബർ 7 ഞായറാഴ്ച വിളിച്ചുകൂട്ടി. ഈ യോഗം കല്ലുങ്കൽ രാരിച്ചൻ മൂപ്പനെ പ്രസിഡന്റായും കളത്തിൽ ചോയിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പ്രസിഡന്റ് രാരിച്ചനാകട്ടെ, തന്റെ ഉടമസ്ഥതയിലുള്ള നല്ലീശ്വരമഠം പറമ്പ് ക്ഷേത്രമുണ്ടാക്കാനായി സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്തു. നല്ലീശ്വരമഠം പറമ്പിൽ പണിയുന്ന ക്ഷേത്രമായതിനാൽ ക്ഷേത്രത്തിനെ നല്ലീശ്വരം ക്ഷേത്രം എന്നു വിളിക്കുവാൻ ധാരണയായി. ഇന്നിപ്പോൾ ഈ ക്ഷേത്രം അറിയപ്പെടുന്നത് ശ്രീകണ്ഠേശ്വര ക്ഷേത്രം എന്ന പേരിലാണ്. ‘നല്ലീശ്വര വിലാസം’ എന്ന ഒരു മാസിക ഇറക്കുവാനും യോഗത്തിൽ തീരുമാനമായി.
ഏതൊരു കെട്ടിട നിർമാണത്തിനും ‘കുറ്റിയടിക്കൽ’ എന്നൊരു ചടങ്ങുണ്ടല്ലോ. നല്ലീശ്വര ക്ഷേത്രം പണിയുന്നതിനും കുറ്റിയടിക്കൽ ചടങ്ങ് വേണമെന്നും അത് ഗംഭീരമാക്കണമെന്നും യോഗത്തിൽ തീരുമാനമായി. ഇതിനായി ശ്രീനാരായണഗുരുവിനെത്തന്നെ കൊണ്ടുവരുവാൻ യോഗം തീർച്ചയാക്കി. അങ്ങനെയാണ് ആദരണീയനായ ശ്രീനാരായണഗുരുവിന് ആതിഥേയത്വം അരുളുവാൻ കോഴിക്കോട് നഗരത്തിനു ഭാഗ്യമുണ്ടായത്. കൃത്യമായി പറഞ്ഞാൽ 1907 ഡിസംബർ 27‐ാം(കൊല്ലം 1803 ധനു 12ന്) തിയ്യതി വെള്ളിയാഴ്ചയായിരുന്നു കുറ്റിനാട്ടൽ കർമം നടത്തുവാൻ തീർച്ചപ്പെടുത്തിയിരുന്നത്. എന്നാൽ ശ്രീനാരായണഗുരു ചൊവ്വാഴ്ച തന്നെ നഗരത്തിലെത്തി. രണ്ടായിരത്തോളം ജനങ്ങളാണ് അദ്ദേഹത്തെ സ്വീകരിക്കുവാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നത്. മന്ദസ്മിതത്തോടെ വണ്ടിയിറങ്ങിയ അദ്ദേഹത്തെ പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ സ്റ്റേഷന്റെ പുറത്തേക്ക് ആനയിച്ചു.
സ്റ്റേഷനിൽനിന്ന് നാലുചക്ര വണ്ടിയിൽ കയറ്റി ആൾക്കാർ വണ്ടി വലിച്ചുകൊണ്ടാണ് രാരിച്ചൻ മൂപ്പന്റെ വീടായ ‘പാലക്കലി’ലേക്ക് വലിയങ്ങാടി വഴി കൊണ്ടുപോയത്. ഉത്സവലഹരിയിലായിരുന്നു നഗരം. കീർത്തനങ്ങളും സങ്കീർത്തനങ്ങളും പഞ്ചവാദ്യങ്ങളും കൊണ്ട് മുഖരിതമായിരുന്നു അന്തരീക്ഷം. വെള്ളിയാഴ്ച രാവിലെത്തന്നെ ഇക്കിരിപറമ്പത്ത് ഭജനകോവിലിൽനിന്ന് ഒരു ദീപം കൊളുത്തി ആനപ്പുറത്തുവെച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നല്ലീശ്വരമഠം പറമ്പിലേക്ക് കൊണ്ടുവന്നു. സ്ഥലത്തെത്തിയ ഗുരു കുറ്റിയടിക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് ഒരു പൂവ് നിക്ഷേപിക്കുകയും പിന്നീട് ക്ഷേത്രത്തിനുവേണ്ടി കുറ്റിയടിക്കുകയും ചെയ്തു. അങ്ങനെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നല്ലീശ്വര ക്ഷേത്രമെന്ന ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന്റെ കുറ്റിയടിക്കൽ കർമം നടന്നു. കർമത്തിനുശേഷം ഗുരുദേവൻ പാലക്കലിലേക്കുതന്നെ മടങ്ങിപ്പോന്നു. സ്ഥലത്ത് ഒരു ഭണ്ഡാരവും ഗുരുസ്വാമിയുടെയും ശിവന്റെയും ഓരോ ചിത്രവും അവിടെ സ്ഥാപിക്കുകയും പ്രാർഥനകൾ ആരംഭിക്കുകയും ചെയ്തു.
ശനിയാഴ്ച(1907 ഡിസംബർ 28, കൊല്ലം 1803 ധനു 13ന്)ഗുരുദേവന് തിയോസഫിക്കൽ സൊസൈറ്റിക്കാർ ആനിഹാളിൽ സ്വീകരണം കൊടുത്തിരുന്നു. ഒരുപാട് ആൾക്കാർ സംബന്ധിച്ചിരുന്ന ഈ സദസ്സിൽ സാമൂതിരി കോളേജിലെ സംസ്കൃത പണ്ഡിതൻ നാരായണശാസ്ത്രികൾ ഗുരുദേവനെക്കുറിച്ച് അദ്ദേഹം എഴുതിയ ഒരു കവിത വായിച്ചു. തുടർന്ന് മംഗളപത്ര വായനയും നടന്നു. ഗുരുദേവനുവേണ്ടി അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനായ എൻ കുമാരനാശാനാണ് മറുപടി പറഞ്ഞത്. സൊസൈറ്റി അംഗം ബംബളാശ്ശേരി രാമുണ്ണിമേനോൻ ഒരു ഭഗവദ്ഗീതയും ഒരു പട്ടും ഗുരുവിന് സമർപ്പിച്ചു. യോഗത്തിൽവെച്ച് എസ് രാമയ്യർ വക്കീൽ എല്ലാവർഷവും ശിവരാത്രി ദിവസം ഒരു കൊട്ട പൂവ് നല്ലീശ്വര ക്ഷേത്രത്തിന് തിയോസഫിക്കൽ സൊസൈറ്റിയുടെ വകയായി സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചത് കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. തുടർന്ന് ഘോഷയാത്രയോടെയാണ് നഗരവാസികൾ ഗുരുദേവനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയാക്കിയത്. അന്നത്തെ മെയിലിൽത്തന്നെ അദ്ദേഹം തലശ്ശേരിയിലേക്ക് യാത്രയായി.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽനിന്ന്)
ശ്രീനാരായണഗുരുവും നല്ലീശ്വര ക്ഷേത്രവും

