യുഎൽ സ്പേസ് ക്ലബ്ബിന്റെ ‘ലോഞ്ച്’ ഉച്ചകോടി നാളെ

കോഴിക്കോട്: സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ബഹിരാകാശശാസ്ത്രത്തിൽ കൗതുകവും ആഭിമുഖ്യവും വളർത്താൻ വിദ്യാർത്ഥികളുടെ ബഹിരാകാശ ഉച്ചകോടി ‘ലോഞ്ച്’ (LAUNCH) ശനിയാഴ്ച കോഴിക്കോട്ട്. യു‌എൽ സ്പേസ് ക്ലബ്ബ് ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്ര(ഡയറ്റ്- DIET)ത്തിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടി ഇത്തരത്തിൽ ആദ്യത്തേതാണ്. ലോഞ്ചിന്റെ ആദ്യ എഡിഷൻ നവംബർ 9 ശനിയാഴ്ച കാരപ്പറമ്പ് ഗവ. എച്ച്എസ്എസിൽ നടക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ഭാഗമായ യുഎൽ സ്പേസ് ക്ലബ്ബിലെ കുട്ടികൾ സ്വയം ആവിഷ്കരിച്ചു നടത്തുന്ന പരിപാടിയാണ് ലോഞ്ച് 2024.ബഹിരാകാശശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അവയുടെ പ്രയോഗങ്ങളുടെയും അത്ഭുതലോകം തുറക്കുന്ന ലോഞ്ച് 2024-ൽ കൗമാരമനസുകൾക്ക് വിഖ്യാതരായ ശാസ്ത്രജ്ഞരുമായി ഇടപഴകാനും ആ രംഗത്തെ ഭാവിതൊഴിൽസാദ്ധ്യതകൾ തേടാനും വൈജ്ഞാനികചർച്ചകളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. ഉച്ചകോടി രാവിലെ 9. 30-ന് എം. കെ. രാഘവൻ എം പി ഉദ്ഘാടനം ചെയ്യും.സ്പേസ് ശാസ്ത്രസാങ്കേതികവിദ്യകളെപ്പറ്റി വിദഗ്ദ്ധർ നയിക്കുന്ന ഗ്രൂപ്പ് ചർച്ചകളും ബഹിരാകാശപര്യവേക്ഷണങ്ങളുടെ ഭാവി, ആ രംഗത്തെ അവസരങ്ങൾ, അവ എങ്ങനെ കരഗതമാക്കാം എന്നിവ സംബന്ധിച്ച വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്ന ബഹിരാകാശപാർലമെന്റ് എന്നിവയാണ് ഉച്ചകോടിയിലെ പ്രധാനപരിപാടികൾ. സമാപനസമ്മേളനത്തിൽ ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉഖ്യാതിഥിയാകും. ഐഎസ്ആർഒ മുൻ ഡയറക്ടറും യുഎൽ സ്പേസ് ക്ലബ്ബ് സ്ഥാപകനുമായ ഇ കെ. കുട്ടി വിദ്യാർത്ഥികളുമായി സംവദിക്കും. ജില്ലയിലെ സ്കൂളുകളിൽ നടത്തിയ പ്രബന്ധരചനാമത്സരത്തിലൂടെ തെരഞ്ഞെടുത്ത 200 കുട്ടികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക.ഐഎസ്ആർഒയുടെ സ്പേസ് ട്യൂട്ടർ പദവിയുള്ള സന്നദ്ധസംഘടനയാണ് 2016-ൽ തുടങ്ങിയ യുഎൽ സ്പേസ് ക്ലബ്ബ്. ജ്യോതിശാസ്തം, ബഹിരാകാശസാങ്കേതികവിദ്യ, സ്റ്റെം വിഷയങ്ങൾ എന്നിവയിൽ സമർത്ഥരായ പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ മികച്ച സംഭാവന നല്കിവരുന്ന ക്ലബ്ബ് ഐഎസ്ആർഒ, വിഎസ്എസ് സി, തിരുവനന്തപുരത്തെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി (IIST), കോഴിക്കോട് സർവകലാശാല, എൻഐടി എന്നിവയുടെ സഹകരണത്തോടെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് അതിനുള്ള സമ്പന്നമായ വേദികളും പരിശീലനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നല്കുന്നുണ്ട്. കേരളത്തിലെ ബഹിരാകാശപ്രേമികളെയും നൂതനാശയക്കാരെയും പ്രചോദിപ്പിക്കാനുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലെ സുപ്രധാനചുവടുവയ്പാണ് ലോഞ്ച് ഉച്ചകോടി.

Leave a Reply

Your email address will not be published. Required fields are marked *