മന്ത്രി എം ബി രാജേഷ് പങ്കെടുക്കും
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് സെപ്തംബര്‍ ആറിനും കോഴിക്കോട് കോർപ്പറേഷൻ തല അദാലത്ത് സെപ്തംബര്‍ ഏഴിനും നടക്കും.
കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളിൽ (കണ്ടംകുളം ജൂബിലി ഹാള്‍) നടക്കുന്ന ഇരു അദാലത്തുകളിലും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുക്കും.
രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ നടപടി തുടങ്ങും. ജില്ലാതല അദാലത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഘാടക സമിതി ചെയര്‍മാനും എൽഎസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ കണ്‍വീനറുമാണ്. അദാലത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാത്ത പൊതുജനങ്ങളുടെ പരാതികള്‍, നിവേദനങ്ങള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുക.
ബില്‍ഡിംഗ് പെര്‍മിറ്റ്, ക്ലംപ്ലീഷന്‍, ക്രമവത്ക്കരണം, വ്യാപാര, വാണിജ്യ വ്യവസായ സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍, നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍, മാലിന്യ സംസ്‌ക്കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ നൽകാം.
ലൈഫ് മിഷൻ പുതിയ അപേക്ഷകള്‍, അതിദാരിദ്രം പുതിയ അപേക്ഷകള്‍, ജീവനക്കാരുടെ സര്‍വീസ് വിഷയങ്ങള്‍ എന്നിവ പരിഗണിക്കില്ല.
പൊതുജനങ്ങള്‍ക്ക് പരാതികള്‍ നൽകാനായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് (adalat.lsgkerala.gov.in). അദാലത്തിന്റെ അഞ്ചുദിവസം മുമ്പ് വരെ ഓണ്‍ലൈനായി പരാതി നൽകാം. അദാലത്ത് നടക്കുന്ന ദിവസം നേരിട്ട് പരാതി നല്‍കാനും സൗകര്യമുണ്ടാകും.
അതിഥി കാര്‍ഡ് അനുവദിച്ചു
കോഴിക്കോട്: ബോട്ട്/വള്ളങ്ങളില്‍ പോകുന്ന അതിഥി തൊഴിലാളികള്‍ക്ക് അതിഥി കാര്‍ഡ്, ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നിവ ലഭ്യമാക്കുന്നതിനായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ, കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികളെ അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
ഇതിനകം നൂറോളം അതിഥിതൊഴിലാളികള്‍ക്ക് അതിഥി കാര്‍ഡ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ മുഴുവന്‍ അതിഥി തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍ വി അറിയിച്ചു.

