കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടൻകലാ പഠന ഗവേഷണ അവതരണസംഘം ഏർപ്പെടുത്തി വരുന്ന 2024 ലെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളിൽ സ്തുത്യർഹ സേവനം ചെയ്തുവരുന്ന നാല് പേർക്കാണ് പുരസ്‌കാരം. റഹീം പൂവാട്ടുപറമ്പ് (സാംസ്‌കാരിക രത്നം – മരണനാന്തര പുരസ്‌കാരം) ഷിദ ജഗത് (മാധ്യമ രത്നം)രാഹുൽ കൈമല (ചലച്ചിത്ര രത്നം) ബാലൻ വേട്ടുപുരക്കൽ (നാടൻകലാ രത്നം)എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ബാബു പറശ്ശേരി ചെയർമാനും പാട്ടുകൂട്ടം കോഴിക്കോട് ഡയറക്ടർ ഗിരീഷ് ആമ്പ്ര കൺവീനറുമായ അഞ്ചംഗസമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആഗസ്ത് 22ന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന പാട്ടുകൂട്ടം കോഴിക്കോടിന്റെ 25-ാം വാർഷികാഘോഷം, ലോക ഫോക്‌ലോർ ദിനാഘോഷം എന്നിവയുടെ ഭാഗമായി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്യും. കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് മുഖ്യാതിഥിയാകും. സ്വാഗതസംഘം ചെയർമാൻ ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോക്‌ലോർ വകുപ്പ് മുൻ മേധാവി ഡോ. ഇ കെ ഗോവിന്ദ വർമ്മ രാജ ഫോക്‌ലോർ ദിന സന്ദേശം നൽകും. നാടൻ പാട്ടുത്സവം കേരള ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറി എം പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. മലപ്പുറം ചെന്നറ മൗലാന കോളേജ് ഓഫ് ആർട്സ് സയൻസ് ആൻഡ് കൊമേഴ്‌സിന്റെ സഹകരണത്തോടെ
കാലത്ത് നടക്കുന്ന ഫോക്‌ലോർ ശില്പശാലയുടെ ഉദ്ഘാടനം ബാബു പറശ്ശേരി നിർവഹിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബാബു പറശ്ശേരി, പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര, ജൂറി അംഗം സന്ദീപ് സത്യൻ, പ്രോഗ്രാം സബ് കമ്മിറ്റി ചെയർമാൻ ആർ ജയന്ത് കുമാർ, കൺവീനർ പി കെ സുജിത് കുമാർ എന്നിവർ പങ്കെടുത്തു.
പാട്ടുകൂട്ടം പുരസ്കാരങ്ങൾ നാലുപേർക്ക്

