സ്പെഷ്യൽ ഒളിമ്പിക്സിന് ഇന്നു സമാപനം

സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കോഴിക്കോട്: ഇന്നു വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമാപനസമ്മേളനത്തോടെ മൂന്നുദിവസത്തെ സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിനു തിരശീല വീഴും. പൊതുമരാമത്ത്, ടൂറിസം മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രിമാരായ എ. കെ. ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് പ്രസിഡൻ്റ് ഡോ. മല്ലിക നദ്ദ, ജനറൽ സെക്രട്ടറി ഡോ. ഡി. ജി. ചൗധരി തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളാകും. സമാപനദിവസം 400 മീറ്റർ ഓട്ടം, 800 മീറ്റർ ഓട്ടം, റിലേ എന്നിവ ഉൾപ്പെടെ 200-ഓളം മത്സരങ്ങൾ നടക്കും.

സ്പെഷ്യൽ ഒളിമ്പിക്സിന്റെ രണ്ടാം ദിനത്തിൽ  60 ഇനങ്ങളിലായി അഞ്ച്   പ്രായവിഭാഗങ്ങളിൽ 900-ത്തോളം മത്സരങ്ങൾ നടന്നു. രണ്ടാംദിവസം 4348 ഭിന്നശേഷികായികതാരങ്ങൾ മാറ്റുരച്ചു. സ്പെഷ്യൽ ഒളിമ്പിക്സ് കേരളയും കോഴിക്കോട് നഗരസഭയും ചേർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പിന്തുണയോടെയാണ് സ്പെഷ്യൽ ഒളിമ്പിക്സ് സംഘടിപ്പിച്ചിട്ടുള്ളത്.

ഭിന്നശേഷിമേഖലയിൽ സമഗ്രസംഭാവനകൾ നൽകിയ പ്രമുഖരെയും തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച ഭിന്നശേഷിക്കാരായ വ്യക്തികളെയും സ്പെഷ്യൽ ഒളിമ്പിക്സ് വേദിയിൽ ആദരിച്ചു.

ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനും പുനരധിവസത്തിനും പ്രയത്നിക്കുകയും ആ വിഭാഗങ്ങൾക്കായി എഡബ്ലിയുഎച്ഛ് സ്പെഷ്യൽ കോളേജ് സ്ഥാപിക്കുകയും ചെയ്ത ഡോ. കുഞ്ഞഹമ്മദ് കുട്ടിയും ബൗദ്ധികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി മലബാർ മേഖലയിൽ ആദ്യമായി സ്കൂൾ സ്ഥാപിച്ച ഫാ. സെബാസ്റ്റ്യൻ പൂനോളിയുമാണ് ആദരിക്കപ്പെട്ടത്. ഇരുവർക്കും കോഴിക്കോട് ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലയ്ക്കൽ ഉപഹാരം നല്കി.

2024-ലെ കേരളസംസ്ഥാന ഭിന്നശേഷിപുരസ്‌കാരം ലഭിച്ച തിരുവനന്തപുരം അമരവിള കാരുണ്യ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി അനു ബി., 2024 സെപ്റ്റംബറിൽ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ പവർ ലിഫ്റ്റിങ് ദേശീയ ചാമ്പ്യനായ കോഴിക്കോട് പന്തീരാങ്കാവ് പ്രശാന്തി സ്കൂളിലെ വിദ്യാർത്ഥി അനുഷ് കെ. കെ. എന്നിവരാണ് ആദരിക്കപ്പെട്ട ഭിന്നശേഷിപ്രതിഭകൾ. മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദാണ് ഇവരെ ആദരിച്ചത്.

നാദാപുരം എംഎൽഎ ഇ. കെ. വിജയൻ, കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ദിവാകരൻ, അസി. കലക്ടർ ആയുഷ് ഗോയൽ, ടിഡിആർഎഫ് സ്ഥാപകൻ ഉമറലി ശിഹാബ്, തുടങ്ങിയവർ രണ്ടാം ദിവസം അതിഥികളായെത്തി താരങ്ങൾക്കു മെഡലുകൾ സമ്മാനിച്ചു. യുഎൽസിസിഎസ് വി. ആർ. നായനാർ ബാലികാസദനത്തിലെ മുതിർന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളോടെയാണ് രണ്ടാം ദിവസപരിപാടികൾ സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *