കോഴിക്കോട്: സെപക്‌താക്രോ എന്ന കായിക വിനോദത്തെ കൂടുതല്‍ ജനകീയമാക്കാന്‍ കോഴിക്കോട് ജില്ലാ സെപക് താക്രോ അസോസിയേഷന്‍. ഇതിന്റെ ഭാഗമായി എല്ലാ സബ് ജില്ലകളിലും സമ്മര്‍ കോച്ചിംഗ് ക്യാമ്പുകള്‍ തുടങ്ങുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മനാഫ് പി കെ പറഞ്ഞു.
ആദ്യ പടിയായി അത്തോളി ഡോഫ് ടര്‍ഫില്‍ ഏപ്രില്‍ മുതല്‍ കോച്ചിംഗ് ക്യാമ്പ് തുടങ്ങും. വിദഗ്ദ്ധ പരിശീലകര്‍ നേതൃത്വം നല്‍കും. ഗ്രാമ പ്രദേശങ്ങളിലേക്കു കൂടി സെപക്താക്രോയെ പരിചയപ്പെടുത്തുകയും കുട്ടികളെയും യുവാക്കളെയും ഈ കായിക വിനോദത്തിലേക്ക് ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ എല്ലാ സബ്ജില്ലകളിലും സെപക്താക്രോ കളി ഉപകരണങ്ങളായ ബോളും നെറ്റും വിതരണം ചെയ്യും. സിബിഎസ് സി തലത്തിലേക്കു കൂടി സെപക്താക്രോ സുപരിചിതമാക്കാനുള്ള ശ്രമങ്ങളും നടത്തുമെന്ന് അബ്ദുള്‍ മനാഫ് പറഞ്ഞു.
ഒട്ടേറെ വൈവിധ്യവും പ്രത്യേകതകളുമുള്ള കായിക വിനോദമാണ് സെപക്താക്രോയെന്ന് സെപക്താക്രോ അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റും കോഴിക്കോട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റുമായ വി എംമോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. കളരി, കരാട്ടെ തൈക്കാന്‍ഡോ, ഉള്‍പ്പെടെയുള്ള ആയോധന കലകളും ജിംനാസ്റ്റിക്കും ഫുട്‌ബോളും വോളിബോളുമൊക്കെ സമന്വയിച്ച് രൂപം കൊണ്ടതാണ് ഈ കായിക ഇനം. ഒരു ഷട്ടില്‍ കോര്‍ട്ടിന്റെ വിസ്തൃതിയില്‍ കളിയ്ക്കാം. മലേഷ്യയുടെ പരമ്പരാഗതമായ കായിക വിനോദമാണ് സെപക്താക്രോ. സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, ബ്രൂണെ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെയും ജനപ്രിയ കായിക വിനോദമാണ് സെപക്താക്രോ. വാര്‍ത്താ സമ്മേളനത്തില്‍ സെപക്താക്രോ ജില്ലാ സെക്രട്ടറി അശ്വന്ത് വി, ജോയന്റ് സെക്രട്ടറി ബിജു എം എന്നിവരും പങ്കെടുത്തു.


