കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് സെപക് താക്രോ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗം ടീം ഇനത്തിൽ സെന്റ് തോമസ് കോളേജ് തൃശൂർ, വിക്ടോറിയ കോളേജ് പാലക്കാടിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി. വിക്ടോറിയ കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ എംഇഎസ് കോളേജ് മമ്പാട്, സെന്റ് ജോസഫ് കോളേജ് ദേവഗിരിയെ 2-0ന് തോൽപ്പിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കി. റെഗു ഇനത്തിൽ സെന്റ് തോമസ് കോളേജ് തൃശൂർ, എംഇഎസ് കോളേജ് മമ്പാട്, വിക്ടോറിയ കോളേജ് പാലക്കാട് എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി. ക്വാഡ്റന്റ് വിഭാഗത്തിൽ എംഇഎസ് കോളേജ് മമ്പാട് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, സെന്റ് തോമസ് കോളേജ് തൃശൂർ, വിക്ടോറിയ കോളേജ് പാലക്കാട് എന്നിവ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മൂന്ന് ഇനങ്ങളുടെയും മൊത്തം പോയിന്റ് നില പരിഗണിച്ച് ഏറ്റവും കൂടുതൽ സ്കോർ നേടിയ സെന്റ് തോമസ് കോളേജ് തൃശൂർ ഓവറോൾ കിരീടവും, എംഇഎസ് കോളേജ് മമ്പാട് രണ്ടാം സ്ഥാനവും നേടി. വിക്ടോറിയ കോളേജ് പാലക്കാട് മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ മത്സരങ്ങൾ അവസാനിക്കുമ്പോൾ ടീം ഇനത്തിൽ സെന്റ് തോമസ് കോളേജ് തൃശൂർ ഒന്നാം സ്ഥാനം സ്വന്തമാക്കി. സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോൾ സെന്റ് ജോസഫ് കോളേജ് ദേവഗിരി മേഴ്‌സി കോളേജ് പാലക്കാടിനെ തോൽപിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കി. ക്വാഡ്റന്റ് ഇനത്തിൽ സെന്റ് തോമസ് കോളേജ് തൃശൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, സെന്റ് ജോസഫ് കോളേജ് ദേവഗിരി രണ്ടാം സ്ഥാനവും സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രണ്ട് ഇനങ്ങളുടെയും മൊത്തം പോയിന്റ് നില പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ സ്കോർ നേടി സെന്റ് തോമസ് കോളേജ് തൃശൂർ ഓവറോൾ കിരീടം നേടി. സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും സെന്റ് ജോസഫ് കോളേജ് ദേവഗിരി മൂന്നാം സ്ഥാനവും നേടി.


