വിദഗ്ധസംഘം അടുത്താഴ്ച; വിലങ്ങാട് മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി കെ രാജൻ

നാല് വാർഡുകളിൽ രണ്ട് മാസം സൗജന്യ റേഷൻ

കോഴിക്കോട്: മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തി നഷ്ടപ്പെട്ടത് തിരിച്ചുതരുമെന്ന് വിലങ്ങാട് വീടുകളും ഉപജീവനമാർഗവും നഷ്ടപ്പെട്ടവരോട് റവന്യു മന്ത്രി കെ രാജൻ. “എന്താണോ നഷ്‌ടപ്പെട്ടത് അത് തിരിച്ചുനൽകുന്ന പാക്കേജിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.  കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ വിലങ്ങാടിലുണ്ടായ തകർച്ച വലുതാണ്,” ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട്, മഞ്ഞചീളി, ഉരുട്ടി പാലം, പന്നിയേരി, കൂറ്റല്ലൂർ ഉന്നതികൾ, സമീപം നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽപ്പെട്ട വായാട് ഉന്നതി എന്നീ സ്ഥലങ്ങൾ നേരിൽ സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.

വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിനെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താൻ ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങിയ നാലംഗസംഘം അടുത്താഴ്ച വിലങ്ങാടെത്തും. സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും തകർച്ച നേരിട്ട സ്ഥലങ്ങളിൽ തുടർതാമസം സാധ്യമാകുമോ എന്നത് തീരുമാനിക്കുക. അതിനു മുൻപ് പ്രദേശത്ത് ഡ്രോൺ സർവേ നടത്തും.

വായാട് ഉരുൾപൊട്ടലിൽ പാലം തകർന്ന് ഒറ്റപ്പെട്ട ഇടത്തേക്ക് അടിയന്തിരമായി പാലം നിർമ്മിക്കണമെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ചു മന്ത്രി സ്ഥലത്തുവെച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ബന്ധപ്പെട്ടു. പാലം പണി ഉടൻ തുടങ്ങുമെന്ന് ഉറപ്പുനൽകി. കെഎസ്ഇബിയുടെ അധീനതയിലുള്ള പാലത്തിന് പകരം താൽക്കാലിക പാലമാണ് ഇപ്പോൾ ഉള്ളത്.

വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി ഉരുൾപൊട്ടലിൽ മരണപ്പെട്ട കുളത്തിങ്കൽ മാത്യുവിന്റെ വീട്ടിലെത്തി സർക്കാർ കൂടെയുണ്ടെന്ന് ഉറപ്പ്നൽകി.

വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകൾ, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് എന്നിവിടങ്ങളിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ റേഷൻ സൗജന്യമായി നൽകും.

ബിനോയ്‌ വിശ്വം എം പി, ഇ കെ വിജയൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ഗവാസ്, വാണിമേൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സുരയ്യ, നാദാപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി മുഹമ്മദലി, തദ്ദേശസ്ഥാപനങ്ങളിലെ മറ്റ് ജനപ്രതിനിധികൾ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ. എ കൗശികൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, വടകര ആർഡിഒ പി അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസിൽദാർ എം ടി സുഭാഷ്ചന്ദ്രബോസ്,  വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *