എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്‌ തുടക്കം

കോഴിക്കോട്: പതിനെട്ടാമത് എസ്എഫ്‌ഐ  അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്  വര്‍ണാഭ തുടക്കം.   വിദ്യാഭ്യാസം നമ്മുടെ അവകാശമാണ്‌, ഐക്യമാണ്‌ വഴി, ബഹുസ്വരതയാണ്‌ കരുത്ത്‌ എന്ന മുദ്രാവാക്യമുയർത്തി പുതിയ കാലത്തിന്റെ കടമകൾ ഏറ്റെടുത്താണ്‌ നാലുനാൾ നീളുന്ന  സമ്മേളനത്തിന്‌ തുടക്കമായത്‌. കോഴിക്കോട്‌ കടപ്പുറത്തെ ആസ്‌പിൻ കോർട്ട്‌യാർഡിലാണ്‌ (സീതാറാം യെച്ചൂരി, നേപ്പാൾദേവ്‌ ഭട്ടചാര്യ മഞ്ച്‌) പ്രതിനിധി  സമ്മേളനം.

അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു പതാക ഉയർത്തി. വിദ്യാർഥി പ്രസ്ഥാനത്തിന്‌ വേണ്ടി  പൊരുതി മരിച്ച 122  രക്തസാക്ഷികളുടെ ബലികുടീരത്തിൽ നിന്നും കൊണ്ടുവന്ന പതാകകൾ സമ്മേളനനഗരിയിലുയർത്തി. തുടർന്ന്‌ രക്തസാക്ഷി മണ്ഡപത്തിൽ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, വി പി സാനു, അഖിലേന്ത്യാ ഭാരവാഹികൾ തുടങ്ങിയവർ രക്തപുഷ്‌പങ്ങളർപ്പിച്ചു. അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ നിധീഷ് നാരായണൻ രക്തസാക്ഷി പ്രമേയവും ജോയിന്റ്‌ സെക്രട്ടറി ദേബാഞ്ജൻ ദേവ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ ശശികുമാർ, നടനും നാടകപ്രവർത്തകനുമായ എം കെ റെയ്‌ന എന്നിവർ ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. വി പി സാനു അധ്യക്ഷനായി. എസ്എഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് അരുൺ കുമാർ, അഖിലേന്ത്യാ കിസാൻ സഭ ജനറൽ ക്രെട്ടറി വിജൂ കൃഷ്ണൻ, ജനാധിപത്യ മഹിള അസോസിയേഷൻ  അഖിലേന്ത്യാ  പ്രസിഡന്റ്‌ പി കെ ശ്രീമതി, എഐഎസ്‌എഫ്‌ അഖിലേന്ത്യാ സെക്രട്ടറി ദിനേശ്‌ ശ്രീരംഗരാജ്‌  തുടങ്ങിയവർ അഭിവാദ്യം ചെയ്‌തു. സ്വാഗതസംഘം ചെയർമാനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു. പ്രതിനിധിസമ്മേളനം ശനിയാഴ്‌ചയും ഞായറാഴ്‌ചയും തുടരും.

തിങ്കളാഴ്‌ച പകൽ 11ന്‌ കെ വി സുധീഷ്‌ നഗറിൽ കാൽ ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന റാലിയോടെ സമ്മേളനം സമാപിക്കും. തുടർന്ന്‌ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ശനിയാഴ്‌ച വൈകീട്ട്‌ നാലിന്‌ ചേരുന്ന പൂർവകാല നേതൃസംഗമത്തിൽ മുൻഭാരവാഹികളായ എം എ ബേബി, പ്രകാശ്‌ കാരാട്ട്‌, ബിമൻബസു തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *