പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്
കോഴിക്കോട്: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരാതി പരിഹാര അദാലത്തിൽ 94 പരാതികൾ പരിഗണിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന അദാലത്തിൽ 75 പരാതികളാണ് തീർപ്പാക്കിയത്. 20 പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു. ശനിയാഴ്ച 20 പുതിയ പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
പരാതികളിൽ നല്ല ശതമാനവും രമ്യമായി പരിഹരിക്കാൻ സാധിച്ചതായി അധ്യക്ഷൻ പറഞ്ഞു. ജില്ലയിൽ 95 ശതമാനം പരാതികളിലും എതിർകക്ഷികളും അദാലത്തിൽ പങ്കെടുത്തത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ പൊതുവെ പരാതികൾ കുറവാണെങ്കിലും ഗൗരവമേറിയ പരാതികൾ കമ്മീഷനും മുന്നിൽ എത്തിയിട്ടുണ്ട്. പരാതികൾ കമ്മീഷനു മുമ്പാകെ എത്തിക്കാനും അവ രമ്യമായി പരിഹരിക്കാനും സർക്കാരും വിവിധ വകുപ്പുകളും സഹകരിക്കുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു.
പട്ടികജാതി പട്ടികഗോത്ര വര്‍ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും പരാതി എതിര്‍ കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടാണ് പരാതികള്‍ പരിഹരിക്കുന്നത്.
കമ്മീഷന്റെ ആഭിമുഖ്യത്തിൽ 14 ജില്ലകളിലായി ഇതുവരെ 13 അദാലത്തുകൾ നടത്തി. മെയ് 14ന് മുൻപേ മൂന്ന് അദാലത്തുകൾ കൂടെ പൂർത്തിയാക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷൻ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു.
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, കമ്മീഷൻ അംഗം ടി കെ വാസു എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അദാലത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

