റോഡപകടങ്ങളിൽ പൊലിഞ്ഞവർക്ക്സ്മൃതിയാദരം
കോഴിക്കോട്: റോഡ് അപകടങ്ങളിൽ പൊലിഞ്ഞവരെ ട്രോമ കെയർ കോഴിക്കോട് (ട്രാക്) അനുസ്മരിച്ചു. ലോക സ്മൃതിദിനത്തിന്റെ ഭാഗമായി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ട്രാക് പ്രസിഡന്റ് സി എം പ്രദീപ് കുമാർ അധ്യക്ഷനായി.
റോഡ് അപകടത്തിൽ മരിച്ച മാരാംവീട്ടിൽ സൂരജിന്റെ സഹോദരർ സായൂജിന് സിറ്റി പൊലീസ് കമീഷണർ കെ ബി ബൈജു ദീപം തെളിയിച്ചു നൽകി. ജില്ലയിൽ വാഹനാപകടത്തിൽ മരിച്ച 273 പേരെ അനുസ്മരിച്ച് സദസ്സിലുള്ളവർ മെഴുകുതിരി പ്രകാശിപ്പിച്ചു.
ആർടിഒ പി ആർ സുമേഷ്, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എ അരുൺകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു. ട്രാക് സെക്രട്ടറി കെ രാജഗോപാലൻ സ്വാഗതവും ട്രഷറർ പി കെ കൃഷ്ണനുണ്ണി രാജ നന്ദിയും പറഞ്ഞു.