പി എം താജ്ഓർമ @ 36
കോഴിക്കോട്: രചനാ ജീവിതത്തിൻ്റെ ഒരു വ്യാഴവട്ടത്തിനകം പെരുമ്പറ, കനലാട്ടം, രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവൻ്റെ വേദാന്തം, മേരി ലോറൻസ്, പാവത്താൻനാട്, തലസ്ഥാനത്തുനിന്ന് ഒരു വാർത്തയുമില്ല തുടങ്ങിയ കൃതികൾ മലയാള നാടകത്തിനു സമ്മാനിച്ച് കടന്നുപോയ പി എം താജ് എന്ന സർഗധീരന് പുരോഗമന കലാസാഹിത്യ സംഘം പ്രണാമമർപ്പിക്കുന്നു. ബുധൻ, വ്യാഴം (ജൂലൈ 29, 30) ദിവസങ്ങളിൽ പുതിയങ്ങാടി പുത്തൂർ യു പി സ്‌കൂൾ, കോഴിക്കോട് ടൗൺഹാൾ എന്നിവിടങ്ങളിലായാണ് 36-ാം ചരമവാർഷികത്തോടനുബന്ധിച്ച് തൽക്ഷണ അഭിനയമത്സരം, സാംസ്ക്കാരികശില്പശാല, ക്യൂബൻ ഐക്യദാർഢ്യ റാലി, സംഗീതാവിഷ്ക്കാരം, മൂന്ന് നാടകങ്ങൾ എന്നിവയടക്കമുള്ള പരിപാടികൾ നടക്കുന്നത്.
ബുധനാഴ്ച രാവിലെ 10 ന് കോയറോഡിലെ എ കെ ജി ഭവനിൽ നൂറിലേറെ പേർ പങ്കെടുക്കുന്ന സാംസ്‌കാരിക ശില്പശാല കെ ഇ എൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടിയും സാംസ്‌കാരിക പ്രഭാഷകയുമായ ഗായത്രി വർഷ വൈകിട്ട് 5 ന് പുത്തൂർ സ്കൂളിൽ അനുസ്മരണ സദസ്സിൻ്റെ ഉദ്ഘാടനം നിർവഹിക്കും. എ കെ രമേശ് അനുസ്മരണ പ്രഭാഷണം നടത്തും.
തുടർന്ന് പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റുകൾ സംഗീത കലാപരിപാടികൾ അവതരിപ്പിക്കും.
ഏഴു മണിക്ക് ബേപ്പൂർ കലാഗ്രാമത്തിൻ്റെ നാടകം ബേപ്പൂർ സുൽത്താൻ്റെ പെണ്ണുങ്ങൾ അരങ്ങേറും. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പെൺ കഥാപാത്രങ്ങളുടെ ഡയറിക്കുറിപ്പുകളാണ് പ്രമേയം. അഭീഷ് ശശിധരൻ്റേതാണ് ആശയ- ആവിഷ്ക്കാരം. അരങ്ങിലെത്തുന്നത് : കനകലത, ശശികല, ഉഷ, ജയശ്രീ, ബിന്ദു, ഷഹന. സർഗാത്മക സഹകരണം: ഫവാസ് അമീർ ഹംസ പിന്നരങ്ങിൽ: ദക്ഷിൺ, ധ്വനി. സംഘാടനം: രാജഗോപാൽ, രാജീവ്.
രണ്ടാം ദിവസം വ്യാഴാഴ്ച കോഴിക്കോട് ടൗൺഹാളിലാണ് പരിപാടികൾ. രാവിലെ 10 ന് സ്പോട്ട് ആക്ടിങ് മത്സരം ആരംഭിക്കും. വൈകു. 5 ന് ഡോ. എം എ സിദ്ദീഖ് സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും. രാധാകൃഷ്ണൻ പേരാമ്പ്ര രചിച്ച ഒലീവ് ഇലകൾക്കിടയിൽ നിന്ന് ഒരു പൂമ്പാറ്റക്കുഞ്ഞ് എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നിർവഹിക്കും. ജയപ്രകാശ് കാര്യാൽ മത്സരവിജയികൾക്ക് ഉപഹാരം നൽകും.
ഏഴുമണി മുതൽ തിയ്യറ്റർ മൂവ്മെൻ്റിൻ്റെ രാവുണ്ണിത്തമ്പാൻ, ജനചേതന ഡ്രമാറ്റിക്സിൻ്റെ വിപരീതം എന്നീ നാടകങ്ങളുടെ അവതരണവും നടക്കും.
