കോഴിക്കോട്: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്‌കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ അർഹനായി.
കവി വി മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി ഇളയിടം, നോവലിസ്റ്റ് ആർ രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്‌കാരനിർണയസമിതിയാണ് ലീലാകൃഷ്‌ണനെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്‌തതെന്ന് പത്മപ്രഭാ സ്‌മാരക ട്രസ്റ്റ് ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം വി ശ്രേയാംസ്‌കുമാർ അറിയിച്ചു.
എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ലുപതിച്ച ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ആധുനിക വയനാടിൻ്റെ ശിൽപി എന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകൻ എം പി വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യസമ്മാനമാണിത്.
അറുപത്തഞ്ചുകാരനായ ആലങ്കോട് ലീലാകൃഷ്‌ണൻ, സുഗതകുമാരി പത്രാധിപരായിരിക്കേ തളിർ മാസികയിൽ പതിനൊന്നാം വയസ്സിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടാണ് കാവ്യലോകത്ത് പ്രവേശിച്ചത്. സർഗപാരമ്പര്യത്തിന്റെയും കാവ്യപൈതൃകത്തിൻ്റെയും ഊർജങ്ങൾ സ്വാംശീകരിച്ചുകൊണ്ട്, താളബദ്ധവും വൃത്താനുസാരിയുമായ കവിതകളിലൂടെയാണ് ലീലാകൃഷ്‌ണൻ ഭാഷയിൽ ചുവടുറപ്പിച്ചത്. എഴുത്തിൽ അരനൂറ്റാണ്ടിൻ്റെ വിപുലമായ അനുഭവപരിചയങ്ങളുള്ള ഈ കവി തിരക്കഥാകൃത്തായും പ്രഭാഷകനായും സാംസ്കാരിക പ്രവർത്തകനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പൊന്നാനിയിലെ ആലങ്കോട് ഗ്രാമത്തിൽ ബാലകൃഷ്ണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച ഇദ്ദേഹം സൗത്ത് മലബാർ ഗ്രാമീണബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു.
പത്മപ്രഭാ പുരസ്കാരം ആലങ്കോട് ലീലാകൃഷ്‌ണന്

