കോഴിക്കോട്: വിൽപ്പനക്കായി എത്തിച്ച എംഡിഎംഎ യുമായി മലപ്പുറം തിരൂർ മംഗലം മാങ്ങാപറമ്പിൽ വീട്ടിൽ എം പി മുഹമ്മദ് ഷാഫി(44) യെ നാർക്കോട്ടിക്ക്
സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി പി ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ പി ജെ ജിമ്മിയുടെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടി.
കോഴിക്കോട് ബൈപ്പാസിലെ മെട്രോ ഹോസ്പിറ്റലിലെ പാർക്കിങ് ഏരിയയുടെ ഭാഗത്ത് വച്ചാണ് 9.150 ഗ്രാം എംഡിഎംഎ യുമായി പൊലീസ് ഷാഫിയെ പിടികൂടിയത്.
മലപ്പുറം കേന്ദ്രീകരിച്ച് പല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഷാഫി. കോഴിക്കോട് ബൈപ്പാസ് ഭാഗങ്ങളിലുള്ള ഹോസ്റ്റലിൽ താമസിക്കുന്ന യുവാക്കളെ പരിചയപ്പെട്ട് പുതിയ ബിസിനസ് തന്ത്രവുമായി ലഹരി കച്ചവടം നടത്താനാണ് കോഴിക്കോട്ടേക്ക് എത്തിയത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഇരുപത്തിയയ്യായിരം രൂപ വരും. പിടികൂടിയ ലഹരി മരുന്ന് ആരിൽ നിന്നാണ് വാങ്ങിയതെന്നും, ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും, മുൻപ് എത്ര തവണ കോഴിക്കോട് ഭാഗത്ത് കൊണ്ടുവന്നിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിയാലേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ വർധിച്ചു വരുന്ന ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കർശന നടപടി സ്വീകരിച്ചു വരികയാണ്. ലഹരി മരുന്നിൻ്റെ ഉറവിടത്തെ കുറിച്ചും ഷാഫി ഉൾപ്പെട്ട ലഹരി വിൽപ്പന ശൃംഖലയെ കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്, എഎസ്ഐ കെ അബ്ദുറഹ്‌മാൻ, അനീഷ് മൂസേൻവീട്, കെ അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ പി ജെ ജിമ്മി, എസ് സിപിഒ എം രഞ്ജിത്ത്, സിപിഒമാരായ എൻ വി ബിഗിൻ ലാൽ, എം സുബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


