കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്ന മൂന്നാമന് വേണ്ടി ഒരു മണിക്കൂറോളം തിരച്ചിൽ നടത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പശ്ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ടത്.
മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് നഗരത്തോട് ചേർന്ന് തൊണ്ടയാട് ബെപ്പാസിൽ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിന്റെ നിർമാണ പ്രദേശത്താണ് അപകടം.
ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. രക്ഷാപ്രവർത്തകർ ഉൾപ്പെടെ നിൽക്കുന്ന സമയത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. എല്ലാവരും ഓടി മാറിയതിനാൽ മാത്രമാണ് വൻദുരന്തം ഒഴിവായത്.
സംഭവത്തിൽ, പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. മണ്ണിടിച്ചിൽ തുടരുന്നത് സമീപത്തെ വീടുകൾക്ക് ഉൾപ്പെടെ ഭീഷണി ആയതിനെ തുടർന്നാണ് പ്രദേശവാസികൾ പ്രതിഷേധിക്കുന്നത്. സമീപത്ത് എട്ടോളം വീടുകളാണ് ഉള്ളത്. ഇതിൽ ഒരു വീടിന് വിള്ളൽ ഉണ്ടായതായി വീട്ടുകാർ ആരോപിക്കുന്നു.
ഇക്കാര്യമുൾപ്പെടെ നിർമ്മാണത്തിനെതിരെ പരാതികൾ നൽകിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്കാണ് പരാതി നൽകിയത്. എന്നിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. കനത്ത മഴയത്ത് പോലും നിർമാണ പ്രവർത്തനം നടന്നിരുന്നതിനാൽ ഈ മാസം 18 ന് ഉൾപ്പെടെ പരാതി നൽകിയിരുന്നതായി ഇവർ പറയുന്നു.

