എംഡിഎംഎയും എക്സ്റ്റസി ടാബ്ലറ്റുമായി ഒരാൾ അറസ്റ്റിൽ

ഡാൻസാഫും പന്തീരാങ്കാവ്  പൊലീസും ചേർന്ന് പിടികൂടി

കോഴിക്കോട്: പന്തിരാങ്കാവ് കൊടൽ നടക്കാവിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയും എക്സ്റ്റസി ടാബ്ലറ്റും വിൽപന നടത്തുന്ന ഒരാൾ പിടിയിൽ.  പന്തിരാങ്കാവ് സ്വദേശി കൊടൽ നടക്കാവ് പാട്ടി പറമ്പത്ത് ലക്ഷ്മി നിവാസിൽ പി പി സുജിൻ രാജി(30) നെയാണ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ  നേതൃത്വ ത്തിലുള്ള ഡാൻസാഫും  സബ് ഇൻസ്പെക്ടർ യു സനീഷിൻ്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടിയത്.

പന്തീരാങ്കാവ് കൊടൽ നടക്കാവിലെ വീട്ടിൽ നടത്തിയ പരിശോധയിലാണ് 3.58
ഗ്രാം എംഡിഎംഎയും 6.58 ഗ്രാം എക്സ്റ്റസി ടാബ്ലറ്റുമായി ഇയാളെ പിടി കൂടുന്നത്.

തീപ്പെട്ടിക്കൂടിൽ ഒളിപ്പിച്ച ലഹരി വിൽപ്പന

പന്തീരാങ്കാവ് പന്നിയൂർ കുളം ഭാഗത്ത് ടാക്സ് കൺസൾട്ടൻ്റായി ജോലി ചെയ്യുന്ന ഇയാൾ ആർക്കും സംശയം തോന്നാത്ത വിധം പന്തീരാങ്കാവ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുകയായിരുന്നു. വാട്സ് ആപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് നേരിട്ട് ലഹരിമരുന്ന് കൊടുക്കാതെ ചെറു പാക്കറ്റിൽ എംഡിഎം എ തീപ്പെട്ടിക്കൂടിൽ ഒളിപ്പിച്ച് പന്തീരാങ്കാവ് ഭാഗങ്ങളിലുള്ള ഇലക്ട്രിക്ക് പോസ്റ്റിനടിയിൽവച്ച് ഗൂഗിൾ ലൊക്കേഷനിലൂടെ തീപ്പെട്ടിയുടെ ഫോട്ടോയും  ലൊക്കേഷനും കൈമാറുന്നതാണ് ഇയാളുടെ കച്ചവട രീതി. ലഹരി വില്പന നടത്തി വരുന്നതായുള്ള  വിവരത്തിൽ ഇയാൾ പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ സുജിൻ രാജ്. ഇയാൾക്ക് മയക്കുമരുന്ന് എത്തിക്കുന്നവരെ പറ്റിയും, ഇയാൾ ആർക്കൊക്കെ ഇവിടെ വിതരണം ചെയ്യുന്നുണ്ട് എന്നും അന്വേഷിച്ച് മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസ് പറഞ്ഞു.

ഡൻസാഫ് അംഗങ്ങളായ എസ് ഐ  അബ്ദുറഹ്മാൻ കെ, എ എസ്.ഐ അനീഷ് മൂസ്സേൻവീട്, സുനോജ് കാരയിൽ , ലതീഷ് എം കെ, ഷിനോജ് എം, ശ്രീശാന്ത് എൻ കെ , അഭിജിത്ത് പി , അതുൽ ഇ വി ,  പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐ പ്രശാന്ത്, എസ് സി പി ഒമാരായ പ്രമോദ് , വിജീഷ് , സിപിഒമാരായ ജിത്തു , പ്രിൻസി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പിടിയിലായ സുജിൻ രാജ്

Leave a Reply

Your email address will not be published. Required fields are marked *