ഭിന്നശേഷിക്കാരെ സമഭാവനയോടെ കാണണം

കോഴിക്കോട്: സഹതാപത്തോടെയല്ല, സമഭാവനയോടെയാണ് ഭിന്നശേഷിക്കാരെ കാണേണ്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിടപ്പിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്നേഹസംഗമം ‘ഹർഷം 2023’ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിലെ പൊതു ഇടങ്ങളും പൊതു സ്ഥാപനങ്ങളുമെല്ലാം കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ലോകത്ത് ഏത് സർക്കാരിനും മാതൃകയാക്കാവുന്ന നിലയിൽ 2016 മുതൽ കേരളത്തിലെ സർക്കാർ ഈ മേഖലയിൽ ഇടപെട്ടിട്ടുണ്ട്. ഭിന്നശേഷി മേഖലയിൽ പ്രത്യേകം പദ്ധതികൾ നടപ്പാക്കുന്ന എസ്എസ്കെയെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി അനുഷ അധ്യക്ഷത വഹിച്ചു.

സമഗ്ര ശിക്ഷാ കോഴിക്കോട്, ബേപ്പൂർ ഹൈ ടൈഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയും കുട്ടികളിലും രക്ഷിതാക്കളിലും ആത്മവിശ്വാസം വർധിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മണ്ണുർ തരംഗ് റിസോർട്ടിൽ നടന്ന പരിപാടിയിൽ എസ്എസ്കെ ജില്ലാ പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ ഹക്കീം പദ്ധതി വിശദീകരിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ, സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുരളി മുണ്ടെങ്ങാട്ട്, ബിന്ദു പച്ചാട്ട്, ഡിപിഒ വി ടി ഷീബ, ബിപിസി ഒ പ്രമോദ്, ബിആർസി ട്രെയിനർ കെ സതീഷ്, ഫറോക്ക് എഇഒ എം ടി കുഞ്ഞിമൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *