ദേശീയപാത 2025 ഓടെ പൂർത്തിയാക്കും

കോഴിക്കോട്: മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 2025 ഓടുകൂടി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് റെയിൽവേ മേൽപ്പാലത്തിന്റെയും പുതിയ അപ്രോച്ച് റോഡിന്റെയും നവീകരിച്ച വെസ്റ്റ് നല്ലൂർ – കരുവൻതുരുത്തി റോഡിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് പണം നൽകുന്നത്. പദ്ധതിയുടെ 25 ശതമാനം തുകയായ 5600 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. നടക്കാൻ സാധ്യതയില്ലെന്ന് കരുതിയ പല പദ്ധതികളും സർക്കാർ പൂർത്തിയാക്കി. വികസന മേഖലയിൽ നാടിന്റെ ആവശ്യം മനസ്സിലാക്കി എല്ലാവരെയും യോജിപ്പിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

വട്ടക്കിണർ- മീഞ്ചന്ത- അരീക്കാട്, ചെറുവണ്ണൂർ എന്നിവിടങ്ങളിലായി രണ്ട് മേൽ പാലങ്ങൾക്ക് 200 കോടിയിലധികം രൂപ സർക്കാർ ചെലവഴിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ചു.

സർക്കാർ അനുവദിച്ച 20.26 കോടി രൂപ ചെലവിലാണ് ഫറോക്ക് റെയിൽവേ മേൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്. 6.45 കോടി രൂപ ചെലവിൽ ബി എം ബി സി നിലവാരത്തിലാണ് വെസ്റ്റ് നല്ലൂർ കരുവൻതുരുത്തി റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്.

റെയിൽവേ മേൽപ്പാലം പരിസരത്ത് നടന്ന ചടങ്ങിൽ മുൻ എംഎൽഎ വി കെ സി മമ്മദ്കോയ മുഖ്യാതിഥിയായി. പൊതുമരാമത്ത്  ഉത്തരമേഖല നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ യു പി ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ കെ കമറുലൈല, പി എൽ ബിന്ദു, വിനോദ് കുമാർ, പി രജിനി, പി ദീപിക, എ ലിനിഷ, പി അൻഫാസ്, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്, പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *