കേരളത്തില്‍ നിന്നൊരു എഐ വിസ്മയം
കോഴിക്കോട്: സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തില്‍നിന്നും ആദ്യമായി ഒരു സമ്പൂര്‍ണ എഐ (Artificial Intelligence) സയന്റിഫിക് ആക്ഷന്‍ ത്രില്ലര്‍ സിനിമ ഒരുങ്ങുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എം.ബി.എസ് (SMBS) ഇന്‍ഫോലാബ് എല്‍.എല്‍.പി നിര്‍മ്മിക്കുന്ന ‘നൈറ്റ്ഫോള്‍: ദി കൊച്ചി ഇന്‍വേഷന്‍’ (Nightfall: The Kochi Invasion) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രകാശനം ചെയ്തു.
കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിദഗ്ധ സമിതി അംഗവും സിനിമ-നാടക പ്രവര്‍ത്തകനുമായ ശശിനാരായണന്‍ ചിത്രത്തിന്റെ ട്രെയിലര്‍ പ്രകാശനം നിര്‍വഹിച്ചു.
രമേഷ് ബാബു മാണിക്കോത്താണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. പരമ്പരാഗതമായ ഷൂട്ടിംഗ് സമ്പ്രദായങ്ങളോ അഭിനേതാക്കളോ ഇല്ലാതെ, പൂര്‍ണമായും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചാറ്റ് ജിപിടി (Chat GPT), സുനോ എഐ (Suno AI), വിഒ 3.1 (VO3.1), ഇലവന്‍ലാബ് എഐ (Elevenlab AI) തുടങ്ങിയ അത്യാധുനിക എഐ ടൂളുകള്‍ ഉപയോഗിച്ചാണ് സിനിമയിലെ ദൃശ്യങ്ങളും സംഗീതവും ഒരുക്കിയിരിക്കുന്നത്.
വീഡിയോ നിര്‍മ്മാണ രംഗത്ത് എഐ കൈവരിച്ച പുരോഗതിയാണ് ഇത്തരമൊരു സംരംഭത്തിന് കരുത്തായതെന്ന് അണിയറപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 8 സെക്കന്റ് ദൈര്‍ഘ്യമുള്ള 1200-ലധികം സീനുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ സിനിമ യാഥാര്‍ത്ഥ്യമാക്കിയത്. വിനോദ മേഖലയില്‍ ഇതൊരു വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമയുടെ പ്രമേയം
കൊച്ചിയുടെയും അറബിക്കടലിന്റെയും പശ്ചാത്തലത്തില്‍ ഏലിയന്‍ അധിനിവേശത്തിന്റെ (Alien Invasion) കഥയാണ് ചിത്രം പറയുന്നത്. പ്രിയ എന്ന യുവ ടെലിവിഷന്‍ റിപ്പോര്‍ട്ടറെ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോകുന്നതും, തുടര്‍ന്ന് നാവികസേന നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കടലിനടിയില്‍ മറഞ്ഞു കിടക്കുന്ന പുരാതനമായ ഒരു സത്യം കണ്ടെത്തുന്നതുമാണ് ഇതിവൃത്തം. ആധുനിക നഗരജീവിതവും പുരാണങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആഗോള നിലവാരത്തിലുള്ള ദൃശ്യവിരുന്നിനൊപ്പം പ്രാദേശികമായ തനിമയും നിലനിര്‍ത്തിക്കൊണ്ടാണ് ‘നൈറ്റ്ഫോള്‍: ദി കൊച്ചി ഇന്‍വേഷന്‍’ പ്രേക്ഷകരിലേക്കെത്തുന്നത്.
ആദ്യ സയന്റിഫിക് ആക്ഷന്‍ ത്രില്ലര്‍ എഐ സിനിമ ‘നൈറ്റ് ഫോള്‍: ദി കൊച്ചി ഇന്‍വേഷന്‍’ വരുന്നു

