യുനെസ്‌കോ സാഹിത്യ നഗര ദിനാഘോഷവും സാഹിത്യ അവാര്‍ഡ് സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു
കോഴിക്കോട്: സാംസ്‌കാരിക മേഖലയില്‍ ക്രിയേറ്റീവ് ഇക്കോണമി എന്ന ആശയം നടപ്പാക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സാഹിത്യ നഗര ദിനാഘോഷം ഉദ്ഘാടനവും സാഹിത്യ അവാര്‍ഡ് സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിഷന്‍ 2031ന്റെ ഭാഗമായി സംസ്‌കാരിക വകുപ്പ് മുന്നോട്ടുവെക്കുന്ന ക്രിയേറ്റീവ് ഇക്കോണമി എന്ന ആശയം നടപ്പാകുന്നതോടെ മികച്ച സാമൂഹിക ഘടന രൂപപ്പെടുത്താന്‍ സാധിക്കും. ഇതിന്റെ ഭാഗമായി മുഴുവന്‍ മേഖലകളെയും ഒരുമിപ്പിച്ച് ഒരു സാമ്പത്തിക മേഖല സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവഴി നിരവധി സംരംഭകര്‍ ഉയര്‍ന്നുവരാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സാഹിത്യത്തിന്റെയും കലയുടെയും ഉന്നമനമാണ് ഏറ്റവും പ്രധാന ലക്ഷ്യമായി സര്‍ക്കാര്‍ കാണുന്നത്. വായനാശീലത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ സാഹിത്യകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും മികച്ച അവസരങ്ങള്‍ ഒരുക്കാനും സാംസ്‌കാരിക സ്ഥാപനങ്ങളെ മെച്ചപ്പെടുത്താനും നിരവധി പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറ് വിഭാഗങ്ങളിലാണ് 2025ലെ യുനെസ്‌കോ സാഹിത്യ നഗരം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് സാറാ ജോസഫിനാണ്. ‘ആത്രേയകം’ രചയിതാവ് ആര്‍. രാജശ്രീ മികച്ച വനിതാ എഴുത്തുകാരിക്കുള്ള പുരസ്‌കാരത്തിനര്‍ഹയായി. മികച്ച ബാലസാഹിത്യത്തിന് സന്തോഷ് ഏച്ചിക്കാനത്തിന്റെ മിസാറു എന്ന കഥയും യുവ എഴുത്തുകാരനുള്ള അവാര്‍ഡിന് ‘പെണ്ണപ്പന്‍’ കവിതയുടെ രചയിതാവ് ആദി എന്ന ഇ ആദര്‍ശും അര്‍ഹമായി. മറ്റു ഭാഷകളില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളില്‍ ജെ. ഗോപാലകൃഷ്ണന്റെ തുംഗഭദ്രയും മലയാളത്തില്‍നിന്ന് ഇതരഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളില്‍ എ.ജെ തോമസിന്റെ ദി ഗ്രേറ്റസ്റ്റ് മലയാളം സ്റ്റോറീസ് എവര്‍ ടോള്‍ഡുമാണ് അവാര്‍ഡിനര്‍ഹമായത്.
കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരക ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കോര്‍പറേഷന്‍ സെക്രട്ടറി കെ യു ബിനി, സ്ഥിരം സമിതി അധ്യക്ഷരായ ഒ പി ഷിജിന, പി ദിവാകരന്‍, ഡോ. എസ് ജയശ്രീ, പി സി രാജന്‍, കൃഷ്ണകുമാരി, പി കെ നാസര്‍, സി രേഖ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മുന്‍ മേയര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാംസ്‌കാരിക മേഖലയില്‍ ക്രിയേറ്റീവ് ഇക്കോണമി എന്ന ആശയം നടപ്പാക്കും -മന്ത്രി സജി ചെറിയാന്‍

