കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമായ ചാലിയം ഫിഷ് ലാന്റിംഗ് സെൻറർ നിർമാണത്തിന് വനഭൂമി വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കഴിഞ്ഞ ദിവസം അപ്രതീക്ഷിത തീപിടിത്തമുണ്ടായ ചാലിയം ഫിഷ് ലാന്റിംഗ് സെന്റർ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിന് ശാശ്വത പരിഹാരം കാണും.
ഫിഷ് ലാന്റിംഗ് സെൻറർ നിർമാണത്തിനായി വനഭൂമി വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട നടപടികൾ മന്ത്രിസഭയിൽ ചർച്ച ചെയ്തു. പകരം ചക്കിട്ടപ്പാറയിൽ ഭൂമി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ചാലിയത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കാനും രാത്രികാലങ്ങളിൽ കോസ്റ്റൽ പെലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ചാലിയം പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കും. തീപിടിച്ച് ഉണങ്ങിയ മരം മുറിച്ച് മാറ്റാനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സിറ്റി പൊലീസ് കമ്മീഷണർ രാജ്പാല്‍ മീണ, ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി, ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ചാലിയം ഫിഷ് ലാന്റിംഗ് സെന്റർ നിർമാണത്തിന് ഭൂമി വിട്ടുകിട്ടാൻ നടപടി: മന്ത്രി മുഹമ്മദ് റിയാസ്

