ശിക്ഷ 9 ന്
ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരൻ. ശിക്ഷാ വിധി 9ന് വ്യാഴാഴ്ച പുറപ്പെടുവിക്കും. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പോക്‌സോ വകുപ്പുകൾ എന്നിവയുൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞുവെന്ന് എറണാകുളം പോക്സോ കോടതി വിധിയിൽ പറഞ്ഞു.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബർ 4നാണ് വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകൾ നീതിന്യായ ചരിത്രത്തിൽ തന്നെ അപൂർവമാണ്.
ജൂലൈ 28 നാണ് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ പ്രതിയായ അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. പിറ്റേന്ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
26 ദിവസം നീണ്ടുനിന്ന വിചാരണയിൽ പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ 44 സാക്ഷികളെയും വിസ്തരിച്ചു.
കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

