ബസ് കാത്തിരിപ്പുകാരെ ‘ഇരുത്തുന്ന’ വളയങ്ങൾ
നമ്മുടെ പുതുതലമുറ റോഡുകളിലെ ചില ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചു കാണുന്ന ലോഹ വളയങ്ങൾ യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ തന്നെ സജ്ജീകരിച്ചതാണെന്നു വേണം വിചാരിക്കാൻ. ഗതാഗത വിപ്ലവത്തിന്റെ ഭാഗമായി നവീകരിക്കപ്പെട്ട ചിലതടക്കം നമ്മുടെ പഴയ റോഡുകളിലെ സ്റ്റോപ്പുകളിൽ ബസ് കാത്തിരിക്കാൻ മുമ്പ് അധികൃതർ തന്നെ ആളുകൾക്ക് അപായസാധ്യത പേടിക്കാതെയും വലിയ അഭ്യാസം കൂടാതെയും കയറിയിരിയ്ക്കാൻ പറ്റുന്ന സംവിധാനം ഒരുക്കിയിരുന്നുവല്ലൊ.
അധികനേരം നിൽക്കാൻ വിഷമമുള്ളവർക്ക് അത്തരം സീറ്റുകൾ വലിയ ആശ്വാസമായിരുന്നു. പ്രായമായവർക്കും രോഗികൾക്കും കൈക്കുഞ്ഞുങ്ങളെയുമായി യാത്രക്കിറങ്ങിയവർക്കും മറ്റും പ്രത്യേകിച്ചും ഉപകാരപ്രദമായിരുന്നു ഇന്നും ചില ‘പഴഞ്ചൻ’ റോഡുകളിലെ ബസ് സ്റ്റോപ്പുകളിൽ ശേഷിപ്പുള്ള അത്തരം സീറ്റുകൾ. ഇന്നു കാണുന്ന ലോഹ വളയങ്ങൾ അവർക്കാർക്കും പ്രയോജനപ്പെടാൻ പോകുന്നില്ല. പ്രയോജനപ്പെടുത്താൻ നോക്കിയാൽ വിവരമറിയുകയും ചെയ്യും.
തടിമിടുക്കും നിതാന്ത ജാഗ്രതയും ഉള്ളവർക്കു മാത്രമേ ഇരിപ്പിടമായി ആ വളയങ്ങൾ പരീക്ഷിച്ചു നോക്കാനാവൂ. അതിനിടക്ക് ചിലപ്പോൾ വീണു കിട്ടിക്കൂടായ്കയുമില്ല. രോഗികൾക്കും വയോജനങ്ങൾക്കും അമ്മമാർക്കും അതുകൂടി താങ്ങാനാവതില്ലല്ലൊ.
വയോജനങ്ങൾക്കും മറ്റും ഉതകുംവിധം പൊതു സൗകര്യങ്ങൾ പുനഃക്രമീകരിക്കാൻ വ്യാപകമായി ശുഷ്കാന്തി പ്രകടിപ്പിക്കപ്പെടുന്ന ഇക്കാലത്ത് നമ്മുടെ ന്യൂജൻ റോഡുകളിലെ ബസ് സ്റ്റോപ്പുകൾ ഇവ്വിധം മനുഷ്യപ്പറ്റില്ലാത്തതാക്കിയത് ആരുടെ ദുഷ്ടബുദ്ധിയാണോ, ആവോ?



