കോഴിക്കോട്: പീർ മുഹമ്മദ് ഫൗണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കുന്ന അവാർഡ് ദാനവും ഇശൽ വിരുന്നും നവംബർ 16 ന് വ്യാഴാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ നടക്കും. വൈകീട്ട് 5 ന മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും.
മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. പ്രമുഖ മാപ്പിളപ്പാട്ട് രചയിതാവ് ബാപ്പു വെള്ളിപറമ്പ്, കോഴിക്കോട് അഡീഷണൽ എസ്പി കെ അഷ്റഫ് തുടങ്ങി വിവിധ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രമുഖ വ്യക്തികളെയും പീർ മുഹമ്മദിന്റെ പത്നി രഹനബി, അദ്ദേഹത്തിന്റെ കൂടെ പാടിയ എസ് പി ശൈലജ, സിബല്ലാ സദാനന്ദൻ എന്നിവരെയും കാഷ് അവാർഡ് നൽകി ആദരിക്കും.
തുടർന്ന് നിസാം പീർ മുഹമ്മദ്, സിബില്ലാ സദാനന്ദൻ, എസ് പി ശൈലജ, തീർത്ഥ സുരേഷ് ,കണ്ണൂർ റഫീഖ് തുടങ്ങിയവർ അണിനിരക്കുന്ന, കമറുദ്ദീൻ കീച്ചേരി പിന്നണിയൊരുക്കുന്ന ഇശൽ വിരുന്ന് അരങ്ങേറും.
വിദേശത്ത് ഉൾപ്പെടെ ആയിരക്കണക്കിന് വേദികളിലൂടെ അനുകരിക്കാൻ കഴിയാത്ത മാസ്മരിക ശബ്ദം കൊണ്ട് ലോകമെമ്പാടുമുള്ള മാപ്പിളപ്പാട്ടുകൾ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ മഹാപ്രതിഭയായിരുന്നു പീർ മുഹമ്മദ്.

