കോഴിക്കോട്: കോർപ്പറേഷൻ അനുവദിച്ച സ്ഥലത്ത് സംഗീത ആരാധകരുടെ പ്രിയപ്പെട്ട ഗായകന്‍ മുഹമ്മദ് റഫിക്ക് സ്മാരകം ഉയരുന്നു. അരബിന്ദ് ഘോഷ് റോഡിലെ റഫി മ്യൂസിയം അടുത്ത ഡിസംബറോടെ പൂര്‍ത്തിയാവും.
കോഴിക്കോട്ടുകാരുടെ സംഗീതത്തിന്‍റെ മറ്റൊരു പേരാണ് മുഹമ്മദ് റഫി. അത്രയ്ക്ക് ആരാധകരുണ്ട് റഫിക്ക് കോഴിക്കോട്ട്. ടൗണ്‍ഹാളും മാനാഞ്ചിറയും ടാഗോര്‍ ഹാളുമെല്ലാം സംഗീത സാന്ദ്രമാവുമ്പോള്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങളാവും അവിടെ നിന്ന് കാതുകളിലേക്ക് ഒഴുകി എത്തുന്നത്.
മുഹമ്മദ് റഫി ഫൗണ്ടേഷന്‍ എന്ന റഫി ആരാധകരുടെ കൂട്ടായ്മയാണ് കോഴിക്കോട്ട് റഫി ഫൗണ്ടേഷൻ സംഗീത പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അവരുടെ ചിരകാല അഭിലാഷം മുഹമ്മദ് റഫി മ്യൂസിയം എന്ന പേരില്‍ താമസിയാതെ
യാഥാര്‍ത്ഥ്യമാവും.
സൗത്ത് ഇന്ത്യയിൽ ആദ്യത്തെ മ്യൂസിയമാണ് മുഹമ്മദ് റഫിയുടെ പേരിലുള്ള മ്യൂസിയം യാഥാർഥ്യമാക്കുന്നത്.
രാജ്യത്ത് തന്നെ റഫിക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നഗരമാണ് കോഴിക്കോട്. റഫി കുടുംബവുമായി ഊഷ്മള ബന്ധം ഇവിടുത്തുകാര്‍ക്ക് ഉണ്ട്.
റഫി മ്യൂസിയത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അവിടം മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് റഫി സന്ദര്‍ശിച്ചു. റഫി മ്യൂസിയം കമ്മിറ്റി ചെയർമാൻ കെ വി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു
മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫി മുഖ്യാതിഥിയായി.
ചെയർമാൻ കെ. വി സക്കീർ ഹുസൈൻ ഷാഹിദ് റഫിയെ പൊന്നാട അണിയിച്ചു. കൗൺസിലർ എസ് കെ അബൂബക്കർ, റഫി ഫൗണ്ടേഷൻ മുൻ പ്രസിഡന്റ് ടി പി എം ഹാഷിറലി, ജനറൽ സെക്രട്ടറി നയൻ ജെ ഷാ, വൈസ് പ്രസിഡന്റ് കെ സലാം, ജോയിന്റ് സെക്രട്ടറി സന്നാഫ് പാലക്കണ്ടി,
കെ ലൂമിനസ് മുരളിധരൻ, എൻ സി അബ്ദുള്ള കോയ, ഷംസുദീൻ മുണ്ടോളി എന്നിവർ സംസാരിച്ചു. റഫി മ്യൂസിയം കമ്മിറ്റി ജനറൽ കൺവീനർ കെ സുബൈർ സ്വാഗതവും
ട്രഷറർ അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
റഫി സാഹിബിന്റെ ഗാനങ്ങൾ ആസ്വദിക്കുന്നതിൽ ഏറ്റവും കൂടുതൽ ആരാധകരും ആസ്വാദകരും ഉള്ള നാടാണ് കോഴിക്കോടെന്ന് ഷാഹിദ് റഫി പറഞ്ഞു. തെക്കെ ഇന്ത്യയിൽ ആദ്യമായാണ് റഫി മ്യൂസിയം വരുന്നത് എന്നതിൽ ഏറെ സന്തോഷമുണ്ട്. ഇതിന് വേണ്ടി സ്ഥലം അനുവദിച്ച കോഴിക്കോട് കോർപ്പറേ ഷനെയും ജനപ്രതിനിധികളെയും മറ്റും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഫിക്ക് കോഴിക്കോട്ട് സ്മാരകം ഉയരുന്നു; റഫിയുടെ മകൻ സന്ദർശിച്ചു

