ബീച്ചിലേക്കൊഴുകി ജനസാഗരം; എന്റെ കേരളം മേളക്ക് നാളെ സമാപനം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേള നാളെ(മെയ് 12) സമാപിക്കും. ഞായറാഴ്ച അഭൂതപൂര്‍വമായ തിരക്കാണ് മേളയില്‍ അനുഭവപ്പെട്ടത്.
മേള ഒമ്പത് ദിവസം പിന്നിട്ടപ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളില്‍നിന്നുമായി കുടുംബസമേതം പ്രദര്‍ശന നഗരിയില്‍ എത്തിയത്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെ തുടരുന്ന മേളയില്‍, സര്‍ക്കാറിന്റെ വികസനക്കാഴ്ചകളും സേവനങ്ങളും മറ്റു ആകര്‍ഷണങ്ങളും കാണാനും അറിയാനും ആസ്വദിക്കാനുമായി ജനപ്രവാഹം തുടരുകയാണ്. ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ അരങ്ങേറിയ സിനിമ പിന്നണി ഗായിക സിതാരയുടെ നേതൃത്വത്തിലുള്ള പ്രോജക്ട് മലബാറിക്കസ് ബാന്‍ഡിന്റെ പ്രകടനം ആസ്വദിക്കാനും വന്‍ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. 

വേനലവധിക്കാലം ആഘോഷമാക്കാന്‍ കുടുംബസമേതമാണ് ആളുകള്‍ മേളയിലെത്തുന്നത്. ആകര്‍ഷകമായി ഒരുക്കിയ സ്റ്റാളുകള്‍ക്ക് പുറമെ രസകരമായ കളികളും ചിന്തിപ്പിക്കുന്ന ചോദ്യോത്തര മത്സരങ്ങളുമെല്ലാം മേളയില്‍ എത്തുന്നവരെ ആകര്‍ഷിക്കുന്നു. വ്യത്യസ്ത കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ക്രിയേറ്റിവിറ്റി കോര്‍ണര്‍, കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍, ലഹരിക്കെതിരെ സ്പോര്‍ട്സ് കൗണ്‍സില്‍ ക്യാമ്പയിനിന്റെ ഭാഗമായ കായിക പ്രദര്‍ശനം എന്നിവയോടൊപ്പം കണ്ടുമറഞ്ഞ ഒരുപിടി നല്ല സിനിമകള്‍ കാണാനും അവസരമൊരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ഏഴിന് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലെ പ്രധാന വേദിയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ മല്‍ഹാര്‍, റിഥം ബാന്‍ഡുകളുടെ ഗാനമേള അരങ്ങേറും.

സരസ് മേള 13 ന് സമാപിക്കും

എന്റെ കേരളം പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് നടക്കുന്ന കുടുംബശ്രീ പന്ത്രണ്ടാമത് ദേശീയ സരസ് മേള 13 ന് സമാപിക്കും. 250ഓളം വിപണന സ്റ്റാളുകളും 46ലധികം രുചിവൈവിധ്യം വിളമ്പുന്ന ഫുഡ് കോര്‍ട്ടുകളുമാണ് സരസ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *