ഓണാഘോഷത്തിന് വർണാഭമായ സമാപനം

ഓണാഘോഷത്തിന്റെ വിജയം ജനപങ്കാളിത്തം -മന്ത്രി എ.പി അനില്‍കുമാർ

കോഴിക്കോട്: ജില്ലയിലെ ഓണാഘോഷ പരിപാടികളുടെ വിജയം ജനപങ്കാളിത്തമാണെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലെ വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയാളിയുടെ സംസ്കാരം നിലനിർത്തുന്നതിൽ ഓണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓണം പോലുള്ള ആഘോഷങ്ങളിലൂടെയാണ് കേരളം അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നത്. വേർതിരിവുകളോ അതിർവരമ്പുകളോ ഇല്ലാതെ ഒറ്റ മനസ്സോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഓണം ആഘോഷിക്കുന്നത്. ഇത്തവണത്തെ ഓണാഘോഷവും അതിനൊപ്പമെത്തിയ മറ്റു ആഘോഷങ്ങളും ദേശീയ തലത്തിൽ ശ്രദ്ധ നേടിയെന്നത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ. ജയന്ത് എം.എല്‍.എ അധ്യക്ഷനായി. എം.എൽ.എമാരായ അഡ്വ. പ്രവീൺ കുമാർ, എം.എ റസാഖ് മാസ്റ്റർ, അഡ്വ. ഫൈസൽ ബാബു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. പി.എം നിയാസ്, ജില്ലാ പോലീസ് മേധാവി എ.പി ഷൗക്കത്തലി, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജി അഭിലാഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. വിജയികളായ കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, വേളം ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും ഏറ്റുവാങ്ങി. വിവിധ സെക്ടറുകളിൽനിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-കലാ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ മ്യൂസിക് അരങ്ങേറി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000