മാനാഞ്ചിറയിലും ഉണ്ടായിരുന്നു ഒരു ആശുപത്രി

ആതുരസേവനരംഗത്തും വിദ്യാഭ്യാസരംഗത്തും കടൽ കടന്നെത്തിയ മിഷണറി പ്രവർത്തനങ്ങൾ മലബാറുകാർക്ക്‌ മറക്കാൻ കഴിയുന്നതല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽശാലകളും മലബാറുകാർക്ക്‌ അവർ സമ്മാനിച്ചു. ഗുണ്ടർട്ടിന്റെ മലയാളം നിഘണ്ടു പകരം വെക്കാൻ മറ്റൊന്നില്ലാത്ത വിധം ഇപ്പോഴും മലയാള ഭാഷയ്‌ക്ക്‌ മുതൽക്കൂട്ടായി നിലനിൽക്കുന്നു. കോമൺവെൽത്ത്‌ നെയ്‌ത്തുശാലയും ഓട്ടുകമ്പനികളുമൊക്കെ മിഷന്റെ പ്രവർത്തനങ്ങളുടെ ബാക്കിപത്രമാണ്‌. മിഷൻ പ്രവർത്തനങ്ങളിൽ ബാസൽ മിഷൻ ഇവാഞ്ചലിക്കൽ സൊസൈറ്റി തന്നെയായിരുന്നു മുന്നിൽ. അവർക്ക്‌ കോഴിക്കോട്‌ നഗരമധ്യത്തിൽത്തന്നെ കുട്ടികൾക്കും സ്‌ത്രീകൾക്കുമായി ഒരാശുപത്രിയുണ്ടായിരുന്നു.

കുട്ടികൾക്കും സ്‌ത്രീകൾക്കുമായി കോഴിക്കോട്ടുകാർക്കൊരു ആശുപത്രിയുണ്ടായിരുന്നത്‌ 1903ൽ പ്രവർത്തനമാരംഭിച്ച ഇന്നത്തെ കോട്ടപ്പറമ്പ്‌ ആശുപത്രിയാണ്‌. അങ്ങനെയിരിക്കെയാണ്‌ ബ്രിട്ടീഷ്‌ സർക്കാർ മിഷണറിമാർക്ക്‌ ഇത്തരത്തലൊരു ആശുപത്രി തുടങ്ങാൻ ഒരുപദ്ധതിയുമായി മുന്നോട്ടുവന്നത്‌.

23‐10‐1914ലെ 1363‐ാം നമ്പർ സർക്കാർ കൽപ്പന പ്രകാരമാണ്‌ ഇതിനുള്ള നടപടികൾ മലബാർ കലക്ടർ കൈക്കൊള്ളുന്നത്‌. 10,000 രൂപയാണ്‌ സ്ഥലം വാങ്ങിക്കാനായി ബ്രിട്ടീഷ്‌ സർക്കാർ അനുവദിച്ചിരുന്നത്‌. ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഏതു സ്ഥലത്തും ഏതു മിഷണറി സംഘടനകൾക്കും ഇതിനായി സർക്കാരിനെ സമീപിക്കാമായിരുന്നു. എന്നാൽ ചില വ്യവസ്ഥകളൊക്കെ ഉണ്ടായിരുന്നു. ആശുപത്രി തുടങ്ങുന്ന കെട്ടിടം എപ്പോഴും മിഷണറിയുടെ പേരിൽത്തന്നെയായിരിക്കണം എന്നതായിരുന്നു ആദ്യത്തെ നിബന്ധന. കെട്ടിടം സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായി മാത്രമേ ഉപയോഗിക്കാവൂ എന്നതായിരുന്നു രണ്ടാമത്തെ വ്യവസ്ഥ. മൂന്നാമത്തെതാകട്ടെ, ഒരു ഉറപ്പിനുവേണ്ടിയുള്ള ശ്രമമായിരുന്നു. അതായത്‌, എന്നെങ്കിലും ആശുപത്രി പ്രവർത്തനം നിലയ്‌ക്കുകയോ ഇല്ലാതാവുകയോ ആണെങ്കിൽ സർകാരിൽനിന്നുമ വാങ്ങിച്ച തുക മിഷൻ മടക്കിക്കൊടുക്കണമെന്നും അതിലേക്കായി ഒരു കരാർ എഴുതി ഒപ്പിടണമെന്നുമായിരുന്നു ഈ വ്യവസ്ഥ. മാത്രമല്ല സർക്കാരിന്റെ അനുമതിയില്ലാതെ 20 വർഷത്തേക്ക്‌ മറ്റൊരാവശ്യത്തിനായി ഈ സ്ഥലം ഉപയോഗിക്കരുതെന്ന്‌ ഒരു ഉപവകുപ്പ്‌ കൂടി വ്യവസ്ഥകളിൽ എഴുതിച്ചേർത്തിരുന്നു. മദ്രാസിൽനിന്ന്‌ ഈ വ്യവസ്ഥകൾ മലബാർ കലക്ടർക്ക്‌ അയച്ചുകൊടുത്തു. ബാസൽ മിഷൻ ഇത്തരമൊരു ആശുപത്രിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന്‌ അന്വേഷിച്ച്‌ അറിയിക്കണമെന്നും മലബാർ കലക്ടറോട്‌ ആവശ്യപ്പെട്ടു. കരാറിന്റെ മാതൃകയും അയച്ചുകൊടുത്തു.

ഇങ്ങനെയൊരു നിർദേശം സർക്കാരിൽനിന്ന്‌ കിട്ടിയപ്പോൾ മലബാർ കലക്ടർ അക്കാലത്ത്‌ കോഴിക്കോട്ടുണ്ടായിരുന്ന മിഷണറിമാരെ വിവരം ധരിപ്പിച്ചു. അക്കാലത്ത്‌ ബാസൽ മിഷന്റെ ആശപത്രി വിഭാഗം കൈകാര്യം ചെയ്‌തിരുന്നത്‌ ഡോ. സ്‌റ്റോക്ക്‌ ആയിരുന്നു. കോഴിക്കോട്‌ കുഷ്‌ഠരോഗാശുപത്രിയുടെ പ്രവർത്തനത്തിലും മറ്റും തന്റെ വ്യക്തിത്വം തെളിയിച്ച പ്രതിഭയായിരുന്നു ഡോ. സ്‌റ്റോക്ക്‌. മൂന്ന്‌ വ്യവസ്ഥകളും സ്വീകരിക്കാൻ തയ്യാറാണെന്ന്‌ കാണിച്ച്‌ 6‐11‐1914ന്‌ ഡോ. സ്‌റ്റോക്ക്‌ മലബാർ കലക്ടർക്ക്‌ എഴുതി. ‘ആധാരങ്ങളിലും കരാറുകളിലും ബാസൽ മിഷന്റെ വക്താവായി ഒപ്പുവെക്കുന്നത്‌ തലശേരിയിലെ ഡോ. മേയറാണ്‌. എന്നാൽ ബാസൽമിഷൻ ഇവാഞ്ചലിക്കൽ സൊസൈറ്റിയുടെ കോഴിക്കോട്ടെ സെക്യുലർ ഏജന്റായ ഹൈഡൻ ബെൻസിനാണ്‌ ഇത്തരം കാര്യങ്ങളിൽ പൂർണ ചുമതലയുള്ളത്‌.’ തുടർന്ന്‌ കലക്ടർ ഹൈഡൻ ബെൻസുമായി ബന്ധപ്പെടുകയും എട്ടണയുടെ മുദ്രക്കടലാസിൽ കരാർ എഴുതി ഒപ്പിടുവിക്കുകയും ചെയ്‌തു.

കോഴിക്കോട്‌ കാര്യാകുന്നത്തു ദേശം കളത്തിപ്പറമ്പ്‌ കസബ ദേശത്തിൽപെട്ടതായിരുന്നു ഈ സ്ഥലം. അതായത്‌, ഇന്നത്തെ മാനാഞ്ചിറയിലെ  പഴയ ആർഡിഒ ഓഫീസിന്റെ വടക്കു ഭാഗത്തായിട്ടായിരുന്നു ഈ ആശുപത്രി. 1915 മാർച്ച്‌ 3നാണ്‌ കരാർ ഒപ്പിട്ടത്‌. ബ്രിട്ടീഷ്‌ സർക്കാർ ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങിക്കാൻ 3,699 ഉറുപ്പികയും കൊടുത്തിരുന്നതായി രേഖകളിൽനിന്ന്‌ മനസ്സിലാകുന്നു. തുടർന്നാണ്‌ ആശുപത്രിക്കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്‌. കുട്ടികൾക്കും സ്‌ത്രീകൾക്കും വേണ്ടി മാത്രമായിരുന്നു ഈ മിഷൻ ഹോസ്‌പിറ്റൽ പ്രവർത്തിച്ചിരുന്നത്‌. ഇങ്ങനെയൊക്കെ ആണെങ്കിലും നാട്ടുകാർ ഈ ആശുപത്രിയെ വിളിച്ചിരുന്നത്‌ മിഷൻ ആശുപത്രി എന്നുതന്നെ.

(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *