കോഴിക്കോടിന്റെ ആദ്യത്തെ ബാങ്ക് ഏതാണ് എന്നല്ലേ. കോഴിക്കോടിന്റെ മാത്രമല്ല മലബാറിലെ തന്നെ ആദ്യ ബാങ്കാണ് ബാങ്ക് ഓഫ് മദ്രാസ്. മാനാഞ്ചിറയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥലത്തായിരുന്നു ഇത്.
1843 ജൂലൈ 1 നാണ് മദ്രാസ് പ്രസിഡൻസിക്കുകീഴിൽ ഈ ബാങ്കിന്റെ ജന്മം. ബ്രിട്ടീഷ് ഇന്ത്യയിൽ ഇതിനു മുമ്പ് രണ്ട് ബാങ്കുകളാണുണ്ടായിരുന്നത്. 1809 ൽ സ്ഥാപിതമായ ബാങ്ക് ഓഫ് ബംഗാളും 1840 ൽ സ്ഥാപിതമായ ബാങ്ക് ഓഫ് ബോംബെയും. 1843 ൽ സ്ഥാപിതമായ ബാങ്ക് ഓഫ് മദ്രാസ് മലബാറിൽ ഒരു ബ്രാഞ്ച് തുടങ്ങിയത് 1864 ൽ കോഴിക്കോട്ടാണ്. ഇന്ന് മാനാഞ്ചിറയിൽ കാണുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥലത്തു തന്നെ. തുടക്കത്തിൽ വാടകക്കെട്ടിടം.
സ്വകാര്യ വ്യക്തിയിൽ നിന്ന് മലബാർ കലക്ടർ പിന്നീട് ഏറ്റെടുക്കുകയായിരുന്നു. രണ്ടേമുക്കാൽ ഏക്കറാണ് വളപ്പിന്റെ വിസ്തൃതി. ബാങ്ക് കെട്ടിടത്തിനു പുറമെ ഒരു ബംഗ്ലാവും കുതിരപ്പന്തിയും ഇവിടെ ഉണ്ടായിരുന്നു.
1921 ജനുവരി 27 ന് ബാങ്ക് ഓഫ് മദ്രാസും ബാങ്ക് ഓഫ് ബോംബെയും ബാങ്ക് ഓഫ് ബംഗാളും ലയിച്ച് ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു. ഇതോടെ ബാങ്ക് ഓഫ് മദ്രാസിന്റെ മാനാഞ്ചിറയിലെ വസ്തുവഹകൾ ഇമ്പീരിയൽ ബാങ്കിന്റേതായി. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1955 ജൂലൈ 1 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിച്ചു. ഇതോടെ മാനാഞ്ചിറയിലെ ഇമ്പീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറി.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽ നിന്ന്)

