കോഴിക്കോട് നഗരത്തിന്റെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞുമാറി പൊക്കുന്ന് ഗ്രാമം. ഈ കുന്നിൻനിറുകയിലാണ് ഗുരുവായൂരപ്പൻ കോളേജ് – കോഴിക്കോടിന്റെ ആദ്യ കോളേജ്. കുന്നിന്റെ താഴെയുള്ള അടിവാരം എന്നു വിളിക്കുന്ന പൊക്കുന്ന് അങ്ങാടിയിൽ നിന്നും ഉയരങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നത് വളവുകളും തിരിവുകളും ഉള്ള വീതി കുറഞ്ഞൊരു റോഡാണ്. റോഡിന്റെ ഇരുവശങ്ങളിലും വൃക്ഷങ്ങളുടെ ആധിപത്യം. വഴിയോരങ്ങളിൽ ഭംഗിയാർന്ന ശിൽപ്പങ്ങൾ. ഒടുവിൽ കോളേജ് അങ്കണത്തിൽ എത്തുമ്പോൾ നമ്മൾ ഒന്ന് സമ്മതിക്കും. ഇത്രയും പ്രകൃതിരമണീയമായ പശ്ചാത്തലത്തോടുകൂടിയ മറ്റൊരു കോളേജും കോഴിക്കോട്ടില്ല.
1877 ലാണ് സാമൂതിരി രാജാവ് കേരള വിദ്യാശാല എന്ന പേരിൽ ഒരു പാഠശാല ആരംഭിച്ചത്. തളിക്ഷേത്രത്തിനടുത്ത സാമൂതിരിയുടെ കൊട്ടാരത്തിന്റെ ചില ഭാഗങ്ങളിലായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. രാജകുടുംബാംഗങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാൻ ഒരു സ്കൂൾ എന്നു മാത്രമേ തുടക്കത്തിൽ സാമൂതിരി ഉദ്ദേശിച്ചിരുന്നുള്ളു. അതു കൊണ്ടു തന്നെ മറ്റുള്ളവർക്ക് സ്കൂളിൽ പ്രവേശനം ഉണ്ടായിരുന്നില്ല. മലബാർ കലക്ടറായിരുന്ന വില്യം ലോഗന്റെ സഹായവും ഉപദേശവും ഇക്കാര്യത്തിൽ സാമൂതിരിക്ക് ഉണ്ടായിരുന്നു. ആദ്യത്തെ പ്രിൻസിപ്പൽ സി എം ബാരോ ആയിരുന്നു. പിന്നീട് അറ്റ്കിൻ ആയി പ്രിൻസിപ്പൽ. 1879 മുതലാണ് മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കേരള വിദ്യാശാല കോളേജായി ഉയർത്തപ്പെട്ടത്. അപ്പോഴേക്കും സമൂഹത്തിലെ എല്ലാവർക്കും ജാതിമത ഭേദമെന്യെ ഇവിടെ പ്രവേശനം കിട്ടിയിരുന്നു.
വിംഗ്ളർ പ്രിൻസിപ്പലായി ചുമതലയേറ്റശേഷമാണ് കോളേജ് ഭരണത്തിന് ആവശ്യമായ നിയമങ്ങൾ ഉണ്ടാക്കിയതായി രേഖകളിൽ കാണുന്നത്(1887 ജൂൺ 27 ന്).
കൊട്ടാരത്തിലെ ചില വിശേഷങ്ങളിൽ കോളേജ് പ്രവർത്തിക്കരുതെന്ന് നിഷ്കർഷിച്ചിരുന്നു. വിംഗ്ളർ ആകട്ടെ , വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലായിരുന്നു. ഏതോ വിശേഷം നടക്കുന്ന അവസരത്തിൽ പൂട്ടിയിട്ടിരുന്ന ക്ലാസ് മുറികൾ വിംഗ്ളർ ബലമായി തുറന്ന് ക്ലാസ് നടത്തിയതും സാമൂതിരിയെ ചൊടിപ്പിച്ചതും രേഖകളിൽ കാണാം. ഗവർണർ കോഴിക്കോട് സന്ദർശിച്ച വേളയിൽ കേരള വിദ്യാശാലയും സന്ദർശിച്ചിരുന്നു.
വിദ്യാർഥികളിൽ നിന്ന് ഫീസ് ഗഡുക്കളായി വാങ്ങാമെന്ന നിയമം കൊണ്ടുവന്നതും വിംഗ്ളർ ആയിരുന്നു. കോളേജിലെ ഭരണകാര്യങ്ങളിൽ പ്രിൻസിപ്പലിന് പൂർണ സ്വാതന്ത്ര്യം കൊടുത്തിരുന്നതായി കാണാം. അധ്യാപകരുടെയും വിദ്യാർഥികളുടെയും കാര്യത്തിൽ പ്രിൻസിപ്പലിനായിരുന്നു ശിക്ഷാനടപടികൾക്കുള്ള അധികാരം. കോളേജിയറ്റ് അംഗങ്ങളുടെ കാര്യത്തിലും അങ്ങനെത്തന്നെയായിരുന്നു തുടക്കത്തിൽ. ഇക്കാര്യത്തിൽ സാമൂതിരിക്ക് പരാതിയേക്കാൾ കൂടുതൽ ഉൽക്കണ്ഠ ആയിരുന്നുവെന്ന് അദ്ദേഹം ലോഗന് അയച്ച കത്തിൽ നിന്ന് പ്രകടമാകും. ഒടുവിൽ ചട്ടങ്ങളിൽ ലോഗൻ ഇടപെട്ട് ഭേദഗതി ചെയ്യുകയും സാമൂതിരി രാജാവിനെ അപ്പലറ്റ് അതോറിറ്റിയായി അവരോധിക്കുകയും ചെയ്തു.
1900 ൽ കേരള വിദ്യാശാലയുടെ പേർ സാമൂതിരി കോളേജ് എന്നാക്കി മാറ്റി. തുടർന്നുള്ള വർഷങ്ങളിൽ കോളേജിന്റെ വളർച്ചയെ സാമ്പത്തികമായി സഹായി ച്ചത് ഗുരുവായൂർ ദേവസ്വമാണ്. ഈ കടപ്പാടിനെത്തുടർന്ന് കോളേജിന്റെ പേര് ഗുരുവായൂരപ്പൻ കോളേജ് എന്നാക്കി മാറ്റി. 1955 ലാണ് തളിയിൽ നിന്ന് പൊക്കുന്നിലെ 92 ഏക്കറിന്റെ വിശാലതയിലേക്ക് കോളേജ് മാറ്റിയത്. ഇന്ന് ഈ കോളേജിന്റെ പേര് സാമൂതിരീസ് ഗുരുവായൂരപ്പൻ കോളേജ് എന്നാണ്.
( ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്തകത്തിൽ നിന്ന്)
കോഴിക്കോടിന്റെ ആദ്യ കോളേജ്

