കോഴിക്കോട്: ജലസ്രോതസ്സുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിന്‍ മൂന്നാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരണയോഗം ചേര്‍ന്നു.
ഗ്രാമപഞ്ചായത്തിലെ ആച്ചിക്കുളങ്ങര-കണ്ടംചിറ തോടാണ് ഡിസംബര്‍ 29 ന് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നത്.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി ടി പ്രസാദ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിവേക് വിനോദ് എന്നിവര്‍ ക്യാമ്പയിന്‍ വിശദീകരിച്ചു.
മൈത്രി നഗര്‍ മുതല്‍ നരിക്കുനി വരെ 2.1 കിലോമീറ്റര്‍ തോട് അഞ്ചു റീച്ചുകളാക്കി ശുചീകരിച്ച് ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും തോടിനോട് ചേര്‍ന്നുള്ള സഞ്ചാരപഥം കാടുമൂടി കിടക്കുന്നത് വീണ്ടെടുത്ത് സൗന്ദര്യവല്‍ക്കരിക്കുന്നതിനും തടയണകള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ച് ജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേരെ അണിനിരത്തി കൊണ്ട് ഏകദിന ശുചീകരണത്തിന് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു
ആച്ചികുളങ്ങര കണ്ടം ചിറ തോട് പൂര്‍ണമായും ശുചീകരിക്കുന്നതിനും തുടര്‍സംരക്ഷണം ഉറപ്പാക്കുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പാക്കാനും യോഗത്തില്‍ അഭിപ്രായമുണ്ടായി.
ജനകീയ ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ചെയര്‍മാനും സെക്രട്ടറി അനില്‍ കുമാര്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു
ഓരോ റീച്ചിനും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശിക സംഘാടന സമിതികള്‍ 25 ന് രൂപീകരിച്ച് ഓരോ റീച്ചിലും ചെയ്യേണ്ട പ്രവൃത്തികളുടെ വിശദമായ കര്‍മ്മ പദ്ധതി തയ്യാറാക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സത്യന്‍ മേപ്പയ്യൂര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പി അനില്‍ കുമാര്‍, കൃഷി ഓഫീസര്‍ അപര്‍ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പങ്കജന്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രവീണ്‍ വി വി എന്നിവര്‍ സംസാരിച്ചു.

