മാലിന്യമുക്തം നവകേരളം: ചർച്ച ചെയ്തും നിർദേശങ്ങൾ പങ്കുവെച്ചും കുട്ടികൾ

കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഖര ദ്രവ മാലിന്യ സംസ്കരണ രീതി ശാസ്ത്രീയമായി നടപ്പിലാക്കുന്നതിനായി വിപുലമായ സാമൂഹിക വിദ്യാഭ്യാസ പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുകയാണ് കൊയിലാണ്ടി നഗരസഭ. ശാസ്ത്രീയ മാലിന്യ സംസ്കരണം സംബന്ധിച്ച അവബോധം കുട്ടികളിൽ വളർത്തുന്നതോടൊപ്പം അവരുടെ ആശയങ്ങൾ പങ്കുവെക്കുന്നതിനുള്ള വേദിയായി മാറി കുട്ടികളുടെ ഹരിത സഭ.

കൊയിലാണ്ടി ടൗൺഹാളിൽ സംഘടിപ്പിച്ച ഹരിത സഭയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.

നഗരസഭയിലെ 23 സ്കൂളിൽ നിന്നായി 367 കുട്ടികൾ ഹരിത സഭയിൽ പങ്കെടുത്തു. കുട്ടികളുടെ പാനൽ പ്രതിനിധികളാണ് ഹരിത സഭ നിയന്ത്രിച്ചത്. 23 സ്കൂളുകളിൽ നിന്നും ശുചിത്വ പരിപാലന റിപ്പോർട്ട് കുട്ടികളുടെ പാനൽ പ്രതിനിധികൾ അവതരിപ്പിച്ചു. ക്രോഡീകരിച്ച റിപ്പോർട്ടിന് നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ മറുപടി പറഞ്ഞു. ഏറ്റവും നല്ല അവതരണത്തിന് സമ്മാനവും നൽകി. പങ്കെടുത്ത മുഴുവൻ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സർട്ടിഫിക്കറ്റ് നൽകി. ശുചിത്വ പ്രതിജ്ഞ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ചൊല്ലി കൊടുത്തു.

പരിപാടിയിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കില ഫെസിലിറ്റേറ്റർ കെ പി ദിലീപ് കുമാർ, കെ എസ് ഡബ്ലിയു എം പി സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് ജാനറ്റ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചിത്വമിഷൻ ആർ പി മാർ, നവകേരള മിഷൻ ആർപി മാർ എന്നിവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *