നബാർഡ് – യുഎൽസിസിഎസ് ഫൗണ്ടേഷൻ സംയുക്തസംരംഭം
കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ മുതിർന്ന വ്യക്തികളുടെ ചെറുകിടയുൽപ്പന്ന നിർമ്മാണ യൂണിറ്റുകൾക്ക് കോഴിക്കോട്ട് തുടക്കമായി. ഭിന്നശേഷി പുനരധിവാസ മേഖലയിൽ പുതിയ മാതൃക സൃഷ്ടിക്കാൻ പോന്ന പദ്ധതിക്കു ‘സർഗശേഷി’ എന്നാണു പേര്. യുഎൽസിസിഎസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘സർഗശേഷി’ പദ്ധതി മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ബൗദ്ധികവെല്ലുവിളികൾ നേരിടുന്നവർക്കായി കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുഎൽ കെയർ നായനാർ സദനത്തിൽ പ്രവർത്തിച്ചുവരുന്ന തൊഴിൽപരിശീലനകേന്ദ്രത്തിലാണ് ‘സർഗശേഷി’ പ്രവർത്തനം തുടങ്ങിയത്. ഭിന്നശേഷിക്കാരായ വ്യക്തികളെ വിവിധ തൊഴിൽ പരിശീലനങ്ങളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് നബാർഡ് ഗ്രാമ്യവികാസ് നിധിക്കു കീഴിൽ തുടങ്ങിയ സർഗശേഷിയുടെ പ്രധാന ലക്ഷ്യം.
കോക്കനട്ട് സ്ക്രേപ്പിങ് യൂണിറ്റും പേപ്പർ ബാഗ്, മോപ്പ്, ചൂല് എന്നിവയുടെ നിർമ്മാണ യൂണിറ്റുകളുമാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി നബാർഡ് നടത്തുന്ന ആദ്യസംരംഭമാണിത്. ഭിന്നശേഷിക്കാരായ 30 വ്യക്തികളെ പദ്ധതികാലയളവായ ആറുമാസംകൊണ്ട് പരിശീലനം നൽകി സ്വയംപര്യാപ്തരാക്കും. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കായി വിവിധ ട്രേഡുകളിൽ 50 കരിക്കുലവും ഇതേ കാലയളവിൽ വികസിപ്പിക്കും.
ചടങ്ങിൽ നായനാർ ചിൽഡ്രൻസ് ഹോംസ് സൊസൈറ്റി സെക്രട്ടറി പ്രൊഫ. സി കെ ഹരീന്ദ്രനാഥ് അദ്ധ്യക്ഷനായി. നബാർഡ് ഡിസ്ട്രിക്ട് ഡവലപ്മെന്റ് എജിഎം രാകേഷ് വി. പദ്ധതി വിശദീകരിച്ചു. കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനീഷ്യേറ്റീവ് ചെയർമാൻ അജയൻ കാവുങ്ങൽ, യുഎൽസിസിഎസ് ഡയറക്ടർ ഷിജിൻ ടി ടി, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം കെ ജയരാജ്, യുഎൽ കെയർ നായനാർ സദനം പ്രോജക്ട് ഡവലപ്മെന്റ് ഓഫീസർ എം മൻസൂർ, യുഎൽസിസിഎസ് ഫൗണ്ടേഷൻ മാനേജർ എ അഭിലാഷ് ശങ്കർ, യുഎൽ കെയർ നായനാർ സദനം പ്രിൻസിപ്പൽ പി തങ്കമണി എന്നിവർ സംസാരിച്ചു.
ഭിന്നശേഷി മേഖലയിൽ ഉൽപ്പാദന യൂണിറ്റുകളുമായി ‘സർഗശേഷി’

