നൂറിൻ്റെ നിറവിൽ ഊരാളുങ്കൽ

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS Ltd.) രൂപംകൊണ്ടിട്ട് ഫെബ്രുവരി 13-ന് നൂറുവർഷം. ഒരു വർഷം മുമ്പു തുടങ്ങിയ ശതാബ്ദിയാഘോഷങ്ങൾക്ക് ഇതോടെ സമാപനമാകും. കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ഗുരു വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിൻ്റെ പ്രവർത്തകർ ആ സാമൂഹികപരിഷ്കരണ പ്രവർത്തനങ്ങളുടെ പേരിൽ നേരിട്ട അടിച്ചമർത്തലും സാമൂഹിക ബഹിഷ്കരണവും നേരിടാൻ അവരിൽ 14 യുവാക്കളുടെ മുൻകൈയിൽ രൂപം നല്കിയ ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’ ഒരു നൂറ്റാണ്ടുകൊണ്ട് ഇൻഡസ്ട്രീസ് & യൂട്ടിലിറ്റീസ് വിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ സഹകരണസ്ഥാപനമായി വളർന്ന കഥ വിസ്മയകരമാണ്.

ഏഷ്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ തൊഴിലാളി സഹകരണസംഘം എന്നതു മുതൽ തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ലോകത്തെ ഒരേയൊരു ഐടി പാർക്കിൻ്റെ ഉടമകൾ എന്നതുവരെ ഒട്ടേറെ സവിശേഷതകളുള്ള സ്ഥാപനമാണിത്. തൊഴിൽ വിലക്കപ്പെട്ടവർക്കു തൊഴിൽ നല്കാനായി പിറവികൊണ്ട ഈ സംഘം ഇന്ന് തൊഴിലാളികൾ മുതൽ എൻജിനീയർമാരും മാനേജ്മെൻ്റ് വിദഗ്ദ്ധരുമടക്കം 18,000 പേർക്കു തൊഴിൽ നല്കുന്നു, അത്രയും കുടുംബങ്ങൾക്ക് അത്താണിയാകുന്നു.

ഒരു തൊഴിലാളിക്ക് അലവൻസുകളടക്കം ദിവസം 2500 രൂപ വേതനവും ആണ്ടിൽ രണ്ടുതവണ ബോണസും ജീവിതപങ്കാളിയുടെ ആശ്രിതരടക്കമുള്ള കുടുംബത്തിന് ആരോഗ്യ ഇൻഷ്വറൻസും ചികിത്സാസഹായവും മറ്റനവധി ക്ഷേമാനുകൂല്യങ്ങളും പ്രോവിഡൻ്റ് ഫണ്ടും പെൻഷനും അപകടമരണം സംഭവിച്ചാൽ 25-30 ലക്ഷം രൂപവരെ കുടുംബത്തിനു കിട്ടുന്ന ഇൻഷ്വറൻസ് പദ്ധതിയുമെല്ലാമായി തൊഴിലാളി ക്ഷേമത്തിനു ലോകത്തിനുതന്നെ മാതൃക തീർത്തിരിക്കുന്നു. ഈ ആനുകൂല്യങ്ങൾ ഇതരസംസ്ഥാനത്തൊഴിലാളികൾക്കുകൂടി ലഭ്യമാക്കാൻ അവർക്ക് അംഗത്വം നല്കുന്നു എന്നതും മറ്റൊരു മാതൃക. ഐക്യരാഷ്ട്രസംഘടന 2030ലേക്കു നിശ്ചയിച്ച 24 സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ 17ഉം കൈവരിച്ച സ്ഥാപനമാണ് ULCCS.

സൊസൈറ്റിയുടെ ക്ഷേമവിഭാഗമായ യുഎൽസിസിഎസ് ഫൗണ്ടേഷൻ ബൗദ്ധികവെല്ലുവിളി നേരിടുന്നവർക്കായി തനതായി വികസിപ്പിച്ച പരിശീലനസമ്പ്രദായത്തിലൂടെ അത്തരത്തിലുള്ള 125-ൽപ്പരം യുവതീയുവാക്കൾക്ക് കോഴിക്കോട്ടെയും പരിസരങ്ങളിലെയും സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കിയതും അഭിമാനത്തോടെ പറയാവുന്ന നേട്ടമാണ്. ശതാബ്ദിയാഘോഷിക്കുമ്പോഴും അത്തരക്കാരെ ചേർത്തുനിർത്താനുള്ള തീരുമാനത്തിൻ്റെ ഭാഗമാണ് അടുത്തിടെ സൊസൈറ്റിയുടെ മുൻകൈയിൽ കോഴിക്കോട്ടു സംഘടിപ്പിച്ച കേരളസംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ്.

രണ്ടു പ്രളയകാലങ്ങളിലും ഓഖിയും സുനാമിയും വന്നപ്പോഴും കോവിഡ്കാലത്തുമെല്ലാം രക്ഷാപ്രവർത്തനങ്ങളിലും പുനർനിർമ്മാണത്തിലും മുന്നിട്ടിറങ്ങിയ സൊസൈറ്റി നിർണായകഘട്ടങ്ങളിലെല്ലാം ദുരിതാശ്വാസനിധിയിലേക്കു ഗണ്യമായ തുകകളും സംഭാവന ചെയ്തിട്ടുണ്ട്. കോവിഡ്കാലത്ത് ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് വേതനവും സൗജന്യതാമസവും ഭക്ഷണവും സൗജന്യ പരിശോധനയും പ്രതിരോധവാക്സിനും ക്വാറൻ്റൈൻ സൗകര്യവും നല്കിയതും തിരികെപ്പോകാൻ താല്പര്യപ്പെട്ടവർക്ക് സ്വദേശത്തെത്തുവോളം കഴിക്കാൻ വേണ്ട ഭക്ഷണം കൊടുത്ത് വാഹനം ഏർപ്പാടാക്കി അയച്ചതും ദേശീയമാദ്ധ്യമങ്ങൾപോലും റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട്, മലപ്പുറം മെഡിക്കൽ കോളേജുകളിലേക്കുള്ള ഓക്സിജൻ പ്ലാൻ്റ് സ്വന്തം ചെലവിൽ എത്തിച്ചു സ്ഥാപിച്ചുനല്കിയതും വാർത്തയായിരുന്നു. ഏറ്റവുമൊടുവിൽ വയനാട്ടിൽ ദുരന്തമുണ്ടായപ്പോൾ, ആദ്യമണിക്കൂറുകളിൽത്തന്നെ (വെളുപ്പാൻ‌കാലത്തിനു വളരെമുമ്പുതന്നെ) വയനാട്ടിൽ ഉണ്ടായിരുന്ന വർക്ക് സൈറ്റിൽനിന്ന് JCB-കൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളോടെ രക്ഷാപ്രവർത്തനത്തിന് എത്തുകയും വ്യോമസേനയുടെ ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ റെക്കോഡ് സമയത്തിൽ ഹെലിപാഡ് നിർമ്മിക്കുകയും സേനയ്ക്കു ബെയ്‌ലി പാലം ഉണ്ടാക്കാൻ അടിസ്ഥാനസൗകര്യം ഒരുക്കുകയും പാലം നിർമ്മാണത്തിൽ സഹായിക്കുകയും ആദ്യദിവസങ്ങളിൽ മുഴുവൻ രക്ഷാപ്രവർത്തകർക്കും ഭക്ഷണം തയ്യാറാക്കിനല്കുകയും എസ്കവേറ്ററുകളും വാഹനങ്ങളും സൗജന്യമായി ലഭ്യമാക്കുകയുമെല്ലാം ചെയ്തത് ഊരാളുങ്കൽ സൊസൈറ്റിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനയും നല്കി.

പുതിയ തലമുറയുടെ പ്രത്യാശകൾക്കൊത്ത തൊഴിൽ സൃഷ്ടിക്കാൻ സ്വന്തമായി മലബാറിലെ ആദ്യത്തെ ഐടി പാർക്കു തുടങ്ങിയതും അവിടെ സ്വന്തം ഐ ടി കമ്പനി തുടങ്ങിയതും തൊഴിലും വരുമാനവും നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ കരകൗശല കലാകാരർക്ക് തൊഴിലും അന്തസ്സുറ്റ ജീവിതവും പ്രദാനം ചെയ്യാൻ ടൂറിസത്തിൻ്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കോവളത്തും വടകരയ്ക്കടുത്ത് ഇരിങ്ങലിലും രണ്ട് ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജുകൾ നിർമ്മിച്ചു പ്രവർത്തിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വൈവിദ്ധ്യവത്കരണപദ്ധതികളുടെയും ലക്ഷ്യം തൊഴിൽസൃഷ്ടിയും തൊഴിൽ മെച്ചപ്പെടുത്തലും തന്നെ. കേരളത്തിലെ നിർമ്മാണരംഗം സാങ്കേതികമായി നവീകരിക്കാനും തൊഴിലാളികളുടെയും സാങ്കേതികവിദഗ്ദ്ധരുടെയും മികവു വർദ്ധിപ്പിച്ച് അവരെ നല്ല ജോലിക്കും ഉയർന്ന വേതനത്തിനും പ്രാപ്തരാക്കാനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്ഷൻ ഏറ്റെടുത്തു നടത്തുന്നതും ഇതേ ലക്ഷ്യത്തോടെതന്നെ. തൊഴിലിലെ സാങ്കേതികവത്ക്കരണവും നൈപുണ്യപരിശീലനവുംകൊണ്ട് പുതുതലമുറയെ ആകർഷിക്കാൻ കഴിയുന്നുവെന്നു മാത്രമല്ല, ഇവിടെനാട്ടിൽത്തന്നെ ജോലി ചെയ്യാമെന്നതും തൊഴിൽ‌സുരക്ഷയും ജീവിതസുരക്ഷയും ഉറപ്പാക്കുന്നുവെന്നതും അവർക്കു പുതിയപ്രത്യാശയാണ്. ഇതു പുതിയതലമുറയ്ക്കു ദിശാബോധം നല്കുന്നു. ഇന്നു പുതുതലമുറയാണ് എല്ലാ മേഖലയിലും.

യന്ത്രവത്ക്കരണവും സാങ്കേതികവിദ്യാവത്ക്കരണവും ആധുനികീകരണവുമെല്ലാം തൊഴിലവസരം കുറയ്ക്കാനായി ലോകത്താകെ ഉപയോഗപ്പെടുത്തുമ്പോൾ, ഇവയുടെ പ്രയോഗത്തിലൂടെ ഞങ്ങൾ തൊഴിലുകൾ വർദ്ധിപ്പിച്ചതും ജനപക്ഷമായ ബദൽവികസനത്തിനു സൊസൈറ്റി സൃഷ്ടിച്ച ആഗോളമാതൃകയാണ്. നിർമ്മാണപ്രവൃത്തികൾ ആധുനികീകരിക്കുന്നതിനുമുമ്പ് ആയിരം – രണ്ടായിരം തൊഴിലാളികൾ മാത്രം ഉണ്ടായിരുന്നിടത്തുനിന്ന് 18,000-ത്തിലേക്കുള്ള വളർച്ച അതു സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തെവിടെയും ഇത്രകാലവും നമ്മുടെ അനുഭവം പൊതുനിർമ്മാണങ്ങൾ സമയബന്ധിതമായി തീരാത്തതും ഗുണമേന്മയും നിലവാരവും ഇല്ലാതെ തീർക്കുന്നതും വൈകിപ്പിച്ച് അമിതബില്ലുകൾ മാറ്റി പൊതുപ്പണം കയ്യടക്കുന്നതുമാണല്ലോ. സ്കിൽഡ് ലേബറേഴ്സും ടെക്നീഷ്യൻസും ഇല്ലാത്തതും ഇതിനൊക്കെ കാരണമാണ്. ഇതിൽനിന്നു തികച്ചും വ്യത്യസ്തമാണ് 100 കൊല്ലംകൊണ്ട് ULCCS ഉണ്ടാക്കിയെടുത്ത തൊഴിൽസംസ്കാരം. നിർവഹിക്കുന്ന പൊതുനിർമ്മാണം രാഷ്ട്രനിർമ്മാണമാണെന്ന ബോധവും ഏതു പ്രവൃത്തിയും നന്നായി ചെയ്താലേ കൂടുതൽ പ്രവൃത്തികൾ കിട്ടൂ എന്ന ബോദ്ധ്യവും ഉൾക്കൊണ്ടും ‘നിർമ്മാണങ്ങളിൽ സിമൻ്റിനും കമ്പിക്കും മെറ്റലിനും മണലിനുമൊപ്പം ആത്മാർത്ഥതയും അലിഞ്ഞുചേരണ’മെന്നു തുടക്കത്തിലേ ഉപദേശിച്ച വാഗ്ഭടാനന്ദഗുരു പകർന്നു നല്കിയ മൂല്യബോധത്തിൽ ഉറച്ചുനിന്നും ഇവ നിരന്തരം അനുസ്മരിച്ചുമാണ് ഊരാളുങ്കൽ സൊസൈറ്റിയും അതിലെ തൊഴിലാളികളും പ്രവർത്തിക്കുന്നത്. സ്ഥിരം തൊഴിലാളികൾ ആയതിനാലും നിരന്തരം നൈപുണ്യപരിശീലനം നല്കി അവരെ കൂടുതൽ നിപുണരായി വാർത്തെടുക്കുന്നതിനാലും ഓരോ പ്രവൃത്തിയും ആസൂത്രണം ചെയ്തപോലെതന്നെ ചെയ്യാനാവുന്നു. നിർമ്മാണസാമഗ്രികൾ മിക്കതും സ്വന്തമായി നിർമ്മിക്കുന്നതും ജോലികൾ വേഗം തീർക്കാനും ചെലവ് ടെൻഡർ കോസ്റ്റിൽ ഒതുങ്ങിക്കിനിർത്താനും സഹായകമാണ്. സമയബന്ധിതമായി തീർക്കുക എന്നാൽ ആ നിമ്മിതി നാടിനും ജനങ്ങൾക്കും അത്രയും നേരത്തേ ഉപയോഗപ്പെടുന്നു എന്നാണല്ലോ. അംഗങ്ങൾക്കും മറ്റു തൊഴിലാളികൾക്കും തൊഴിൽ ലഭ്യമാക്കുകയാണ് അടിസ്ഥാനലക്ഷ്യം എന്നതിനാൽ ഒരു പ്രവൃത്തിയും സബ്-കോൺട്രാക്റ്റ് കൊടുക്കാതെ സൊസൈറ്റി സ്വയം നിർവഹിക്കുന്നതും ഇത്തരം ഗുണഫലങ്ങൾക്കു കാരണമാണ്.

ഇതൊക്കെക്കൊണ്ടാണ്, ഗുണമേന്മയും നിർമ്മാണമികവും ഉറപ്പാക്കിയും അഴിമതിരഹിതമായും സമയബന്ധിതമായും നിർമ്മാണങ്ങൾ നടത്തുകയും പണം മിച്ചം വന്നാൽ സർക്കാരിനു തിരികെ നല്കുകയും ചെയ്യാൻ ഞങ്ങൾക്കു കഴിയുന്നത്. ഈ സമീപനവും അതിനു നിദാമായ തൊഴിൽസംസ്കാരവും രാജ്യത്തുതന്നെ രാഷ്ട്രനിർമ്മാണത്തിലും വികസനത്തിലും പുതിയ മാതൃകയാണ്. അങ്ങനെയൊന്ന് കേരളത്തിനും ഇൻഡ്യയ്ക്കും കാഴ്ചവച്ചു എന്നതാണ് നൂറ്റാണ്ടിൻ്റെ ചരിത്രത്തിൽ സൊസൈറ്റി നല്കിയ ഏറ്റവും വലിയ സംഭാവന.

കായലിനും കടലിനും മുകളിലൂടെയുള്ളതും ഏഷ്യയിലെ ഏറ്റവും വലുതുമായ കോൺക്രീറ്റ് ബോ സ്ട്രിങ് പാലമായ, കേരളത്തിലെ മികച്ച ആർക്കിടെക്ചറൽ മാർവെലായ, വലിയഴീക്കൽ പാലവും ദക്ഷിണേന്ത്യയിൽ കായലിനു കുറുകെയുള്ള ഏറ്റവും നീളംകൂടിയ പാലമായ പെരുമ്പളം പാലവും എലിവേറ്റഡ്ഹൈവേ മാതൃകയിലുള്ള ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും ഉൾപ്പെടെ മികച്ച നിർമ്മാണങ്ങൾ മിക്കതും സംസ്ഥാനത്തിനു സമ്മാനിച്ചത് ഊരാളുങ്കൽ സൊസൈറ്റിയാണ്. ദേശീയപാത ആറുവരി ആക്കുന്ന ഭാരത് മാല പദ്ധതിയിൽ കേരളത്തിലെ റീച്ചുകളിൽ ഏറ്റവുമാദ്യം തീരാൻപോകുന്നതും ഗുണമേന്മയ്ക്കും നിർമ്മാണമികവിനും NHAI യുടെ ആദരവും പുരസ്കാരവും നേടിയതുമായ തലപ്പാടി – ചെങ്കള റീച്ച് സൊസൈറ്റിയെ ദേശീയതലത്തിലേക്കു പ്രവർത്തനം വ്യാപാപ്പിക്കാൻ പ്രാപ്തമാക്കിയിരിക്കുന്നു. നിർമ്മാണഗുണനിലവാരം ഉറപ്പാക്കാൻ സൊസൈറ്റി സ്വന്തമായി സ്ഥാപിച്ച മാറ്റർ ലാബ് (മെറ്റീരിയൽ ടെസ്റ്റിങ് ലാബ്) ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും ആധുനികവുമാണ്. ആധുനികമായ സുസ്ഥിരനിർമ്മാണങ്ങളിലേക്കും പ്രീ എൻജിനീയേഡ്, പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മാണങ്ങളിലേക്കും പ്രവേശിക്കാൻ ഭക്ഷിണേന്ത്യയാകെ പ്രവർത്തനമേഖലയാക്കി സ്വന്തം ഉപസ്ഥാപനവും സൊസൈറ്റി ആരംഭിക്കുകയാണ്.

ഇത്തരം പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഒട്ടനവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങളും യുണെസ്‌കോയുടെയും ഐസിഎയുടെയും ഉൾപ്പെടെ അംഗീകാരങ്ങളും ഊരാളുങ്കലിന് കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *