കോഴിക്കോട്: മഞ്ഞപ്പിത്ത പ്രതിരോധത്തിൽ ജനങ്ങൾ അവബോധം പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധക്കുള്ള സാധ്യത കൂടുതലുള്ളവർ,
സുരക്ഷിതമല്ലാത്ത/മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നവർ, രോഗബാധിതരായ ആളുകൾ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നവർ, രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ശുചിത്വ ശീലങ്ങൾ പാലിക്കാത്തവർ, മലിനമായ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
രോഗ പകർച്ചാവിധം
മലിനമായ ജലസ്രോതസ്സുകളിലൂടെയും, മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയം, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും. ഹോട്ടലുകളിലും, വിവാഹ സൽക്കാരങ്ങളിലും മറ്റും ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന കൊമേഴ്സ്യൽ ഐസ് ഉണ്ടാക്കുന്ന വെള്ളം മലിനമാണെങ്കിൽ അതിലൂടെയും രോഗം പകരാവുന്നതാണ്.
രോഗലക്ഷണങ്ങൾ
അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കണം.
അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും ചികിത്സകരിൽ നിന്നും മാത്രമേ പരിചരണം തേടാൻ പാടുള്ളൂ.
പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക,
സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലം ഉണ്ടെന്ന് ഉറപ്പുവരുത്തുക, മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക.

