നിപ: കുട്ടിയുടെ നില അതീവഗുരുതരം, മെഡി. കോളേജിൽ സന്ദർശക വിലക്ക്

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് 14കാരന്റെ ജീവൻ നിലനിർത്തുന്നത്. 30 പേർ അടങ്ങിയ പ്രത്യേക സംഘത്തിനാണ് ചികിത്സാ ചുമതല. നിലവിലെ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, നിരീക്ഷണത്തിൽ കഴിയുന്ന മൂന്ന് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. നിപ സ്ഥിരീകരിച്ച കുട്ടിയുടെ സുഹൃത്ത് പനി ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഈ കുട്ടിയുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച ഇതിന്റെ പരിശോധന ഫലം ലഭിക്കും. സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സ്രവവും പരിശോധയ്ക്ക് അയച്ചു. ഹൈറിസ്‌ക് കാറ്റഗറിയിൽ ബാക്കിയുള്ള 35 പേരുടെ സ്രവം ഞായറാഴ്ച പരിശോധനയ്ക്കായി അയക്കും.

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിക്കാണ് കഴിഞ്ഞദിവസം നിപ ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഔദ്യോഗിക പരിശോധനാഫലം വന്നു. സംസ്ഥാനത്തു നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന കുട്ടിയെ രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽകോളേജിലേക്ക് മാറ്റി.

ഈ മാസം 10-ന് സ്‌കൂളിൽനിന്നുവന്നപ്പോഴാണ് കുട്ടിക്ക് കടുത്ത ക്ഷീണവും പനിയും അനുഭവപ്പെട്ടത്. 12-ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സതേടി. 13-ന് പാണ്ടിക്കാട്ടെ മറ്റൊരു ആശുപത്രിയിലും കാണിച്ചു. അവിടെനിന്ന് മരുന്നുകൊടുത്തുവിട്ടു. പനിമാറാത്തതിനാൽ വീണ്ടും അവിടെത്തന്നെ പ്രവേശിപ്പിച്ചു. മസ്തിഷ്‌കജ്വരം കണ്ടതോടെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും. ഇവിടെവെച്ച് ആദ്യം ചെള്ളുപനി സ്ഥിരീകരിച്ചു. തുടർന്ന് സംശയം തോന്നിയാണ് നിപ പരിശോധനയ്ക്ക് സ്രവം അയച്ചത്.

സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിൽ

നിപ ബാധിച്ച കുട്ടിയുമായി സമ്പർക്കത്തിലുള്ളവരെയെല്ലാം കർശന നിരീക്ഷണത്തിലാക്കി. 15-ഓളംപേരിൽനിന്ന് സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമുണ്ടാവും. രോഗബാധയുടെ പശ്ചാത്തലത്തിൽ ജനം മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു.

ജാഗ്രതയോടെ സർക്കാർ

വീണ്ടും നിപ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം അതിജാഗ്രതയിലായി. സർക്കാർ ഉത്തരവുപ്രകാരം രൂപവത്കരിച്ച 25 കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി. ചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റിബോഡി പുണെ വൈറോളജി ലാബിൽനിന്ന് അയച്ചുകഴിഞ്ഞു. ഞായറാഴ്ചതന്നെ അത് സംസ്ഥാനത്തെത്തും.

മറ്റുമരുന്നുകളും മാസ്‌ക്, പി.പി.ഇ. കിറ്റ്, പരിശോധനാക്കിറ്റുകൾ തുടങ്ങിയവയും എത്തിക്കാൻ കെ.എം.എസ്.സി.എലിന് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കൽകോളേജിൽ 30 ഐസൊലേഷൻ മുറികൾ സജ്ജീകരിച്ചു. ആരോഗ്യമന്ത്രി മലപ്പുറത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

കൺട്രോൾസെൽ

മലപ്പുറം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ ആരോഗ്യവകുപ്പ് 24 മണിക്കൂർ കൺട്രോൾസെൽ തുറന്നു. നമ്പർ 0483 2732010

Leave a Reply

Your email address will not be published. Required fields are marked *