മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിൽ നിന്ന് 100 പേര്‍ക്ക് വിവാഹ ധനസഹായം


കോഴിക്കോട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിലെ 100 പേര്‍ക്ക് വിവാഹ ധനസഹായമായി 25 ലക്ഷം രൂപ അനുവദിച്ചു. ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ചെയര്‍മാന്‍ കാരാട്ട് റസാഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മദ്രസ ബോര്‍ഡുകളുടെ സഹകരണത്തോടെ
ക്ഷേമനിധിയില്‍ പുതിയതായി 10,000 പേരെ ചേര്‍ക്കുന്നതിനുള്ള വിപുലമായ അംഗത്വ ക്യാമ്പയിന്‍ നടത്താനും തീരുമാനിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുക. ഇതിനായി ഉമ്മര്‍ ഫൈസി മുക്കം ചെയര്‍മാനും ഇ യാക്കൂബ് ഫൈസി കണ്‍വീനറുമായി അഞ്ചംഗ ഉപസമിതി രൂപീകരിച്ചു. കമറുദ്ധീന്‍ മൗലവി, അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍, സിദ്ദിഖ് മൗലവി അയലിക്കാട് എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും. വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന 12 വിദ്യാര്‍ത്ഥികള്‍ക്ക് 75,365  രൂപ സ്‌കോളര്‍ഷിപ്പായി കൊടുക്കാനും യോഗം തീരുമാനിച്ചു.

മരണാന്തര ധനസഹായമായി അഞ്ച് കുടുംബങ്ങള്‍ക്ക് 1,27,500 രൂപ വിതരണം ചെയ്തതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എം ഹമീദ് അറിയിച്ചു. ക്ഷേമനിധിയില്‍ നിന്നും നിലവില്‍ 1562 പേര്‍ക്ക് പെന്‍ഷന്‍ നല്കികൊണ്ടിരിക്കുകയാണെന്നും പെന്‍ഷന്‍ തുക കുടിശ്ശിക ഇല്ലെന്നും  സിഇഒ യോഗത്തെ അറിയിച്ചു.

യോഗത്തില്‍ എ എം യൂസഫ് , ഒ പി ഐ കോയ, ഹാരിസ് ബാഫഖി തങ്ങള്‍, പി സി സഫിയ, സിദ്ധിക്ക് മൗലവി അയലിക്കാടന്‍, പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉമാദേവി എല്‍ ഡി, നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറി ജിഷ ഡി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *