കോഴിക്കോട്: കാലാവസ്ഥാ വൃതിയാനവുമായി ബന്ധപ്പെട്ട് സംസ്ഥാന ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററും കൃഷി വികസന
കർഷക ക്ഷേമവകുപ്പും പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസർ, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെ
ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിനുള്ള വിവിധ ധനസമാഹരണ മാർഗങ്ങൾ, അവയ്ക്കായി ബന്ധപ്പെടേണ്ട ഏജൻസികൾ എന്നിവ പരിചയപ്പെടുത്തുന്ന സെഷൻ, കാലാവസ്ഥാ അതിജീവനം സംബന്ധിച്ച മാതൃക പദ്ധതികൾ എന്നിവ പരിചയപ്പെടുത്തി.
പ്രകൃതിയുടെ സ്വാഭാവികമായ സന്തുലനാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ വിവിധ സർക്കാർ വകുപ്പുകളും പ്രാദേശിക സർക്കാരുകളും ചേർന്ന് നടപ്പാക്കിയാൽ കാലാവസ്ഥാ വെല്ലുവിളികളെ ഒരളവു വരെ പ്രതിരോധിക്കാൻ ആകുമെന്ന് കാർഷിക വിദഗ്ധ ഉഷാ ശൂലപാണി ചൂണ്ടിക്കാട്ടി.
ജില്ലയിലെ കർഷകർക്ക് കൃത്യമായ നഷ്ടപരിഹാരം,വിള ഇൻഷൂറൻസ്, പരിസ്ഥിതി പുനഃസ്ഥാപനത്തിൽ ഊന്നിയ പുനരുദ്ധാരണം എന്നിവ ഉറപ്പാക്കുന്ന കർമപദ്ധതി ഉണ്ടാകണമെന്ന് കാലാവസ്ഥാ വിദഗ്ദനായ സി ജി മധുസൂദനൻ രാജേഷ് കൃഷ്ണൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ ശിൽപ്ശാലകൾ നടക്കുകയാണ്. ഉരുത്തിരിയുന്ന നിർദേശങ്ങളും പരിഹാരങ്ങളും ക്രോഡീകരിച്ചു സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
പരിസ്ഥിതി ഗവേഷകൻ സി ജയരാമൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ ലിസി ആന്റണി, ഊർജ കാര്യക്ഷമതാ വിദഗ്ദൻ ജോൺസൺ ഡാനിയേൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
കാലാവസ്ഥാ വ്യതിയാനത്തിൽ ശിൽപ്പശാല

