ആയുർവേദ ദിനോഘോഷങ്ങൾക്ക് തുടക്കം

കോഴിക്കോട്: എട്ടാമത് ദേശീയ ആയുർവേദ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് നഗരത്തിൽ വിളംബര ജാഥ. മാനാഞ്ചിറ സ്ക്വയറിൽ നിന്ന് ആരംഭിച്ച ജാഥ മേയർ ഡോ. ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു.

“സമഗ്രമായ ആരോഗ്യത്തിന് ആയുർവേദം, എല്ലാ ദിവസവും എല്ലാവർക്കും ആയുർവേദം” എന്ന സന്ദേശവുമായി എട്ടാമത് ആയുർവേദ ദിനം വിപുലമായ പരിപാടികളോടെ നവംബർ 10 ന് രാജ്യമൊട്ടുക്കും ആഘോഷിക്കുകയാണ്. ഇതോടനുബന്ധിച്ച് എല്ലാ ഗവ. ആയുർവേദ ഡിസ്പെൻസറികളിലും ആശുപത്രികളിലും ജീവിതശൈലീരോഗ ക്ലിനിക്കുകൾ ആരംഭിക്കും. കൂടാതെ ബ്ലോക്ക് തലത്തിൽ ബോധവത്കരണ ക്ലാസ്സുകൾ, ആരോഗ്യകരമായ പാചകരീതികൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നിവ ഉണ്ടായിരിക്കും.

നവംബർ 14 ന് രാവിലെ 10 മുതൽ 2 വരെ സിവിൽ സ്റ്റേഷൻ ജില്ലാ പഞ്ചായത്ത് ഹാളിൽ സർക്കാർ ജീവനക്കാർക്കായി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.

ആയുർവേദം എന്റെ ജീവിതത്തിൽ എന്ന വിഷയത്തിൽ മത്സരം, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം, ഗവ. ആയുർവേദ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന വിവിധങ്ങളായ സൗജന്യ ചികിത്സാ പദ്ധതികൾ വിശദീകരിക്കുന്ന പ്രദർശനം എന്നിവയും നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി സി ജെസ്സി അറിയിച്ചു.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അനീന പി ത്യാഗരാജ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഡോ.അനൂപ് വി പി എന്നിവർ സംസാരിച്ചു.

ആയുർവേദ വെൽനെസ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർമാരും ഡോക്ടർമാരും ചേർന്ന് അവതരിപ്പിച്ച യോഗ ഡാൻസ്, കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് എന്നിവ വിളംബര ജാഥയുടെ ഭാഗമായി നടന്നു. ജില്ലയിലെ ആയുർവ്വേദ ഡോക്ടർമാരും ഗവ.ആയുർവ്വേദ സ്ഥാപനങ്ങളിലെ ജീവനക്കാരും, ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനിലെ ഡോക്ടർമാരും കെഎംസിടി ആയുർവേദ കോളേജിലെ വിദ്യാർത്ഥികളും വിളംബര ജാഥയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *