മില്‍മയുടെ 6 പുതിയ ഉൽപ്പന്നങ്ങള്‍ വിപണിയിൽ

കോഴിക്കോട്: മലബാര്‍ മില്‍മയ്ക്ക് ആറ് പുതിയ ഉൽപ്പന്നങ്ങള്‍ കൂടി. നാച്വറല്‍ ഫ്ളേവര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ചിക്കു, ചോക്ലേറ്റ്, പിസ്ത ഐസ്‌ക്രീമുകള്‍, പൈനാപ്പിള്‍, മാംഗോ ഫ്ളേവറുകളിലുള്ള ഷുഗര്‍ ഫ്രീ യോഗര്‍ട്ട്, കോഫി കേക്ക് എന്നിവയാണ് പുതിയ ഉൽപ്പന്നങ്ങള്‍.

മില്‍മ കോഴിക്കോട് ഡെയറിയില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉൽപ്പന്നങ്ങള്‍ വിപണിയിലിറക്കി.
മില്‍മ ചെയര്‍മാന്‍ കെ എസ് മണി അദ്ധ്യക്ഷത വഹിച്ചു.

വൈവിധ്യമാര്‍ന്ന പാലുൽപ്പന്നങ്ങള്‍ കൂടി വിപണിയിലിറക്കി മില്‍മ വളര്‍ച്ചയുടെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനകം പാലുൽപ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തമാവാനുള്ള ശ്രമങ്ങളാണ് മില്‍മയുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടത്തുന്നത്. ഉൽപ്പാദനക്ഷമത വര്‍ധിപ്പിച്ച് ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കറവ സമയത്തില്‍ മാറ്റം വരുത്തുകയാണ്. 12 മണിക്കൂര്‍ ഇടവേളയില്‍ രാവിലെ ആറിനും വൈകിട്ട് ആറിനുമായി കറവ സമയം ക്രമപ്പെടുത്തുകയാണ്. വയനാട് ജില്ലയില്‍ മില്‍മ ഇത്തരത്തില്‍ പരീക്ഷണം നടത്തി വിജയം കണ്ടു. 5 മുതല്‍ 10 ശതമാനം വരെ ഉൽപ്പാദന വര്‍ധനവാണ് വയനാട്ടില്‍ കൈവരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ജില്ലകളിലും കറവ സമയം ഇത്തരത്തില്‍ ക്രമപ്പെടുത്തുകയാണ്.

16 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയ്ക്ക് നിലവില്‍ പ്രതിദിനം ആവശ്യമായിട്ടുള്ളത്. അതില്‍ 13 ലക്ഷം ലിറ്ററാണ് സംഭരിക്കാന്‍ കഴിയുന്നത്. ഒരു വര്‍ഷത്തിനകം അഞ്ചുലക്ഷം ലിറ്റര്‍ പാല്‍ അധികമായി ഉൽപ്പാദിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളാണ് നടത്തുന്നത്. പാല്‍ ഉൽപ്പാദനക്ഷമതയില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ആറര ലക്ഷം പാല്‍ തരുന്ന പശുക്കളാണ് ഉള്ളത്. ഇതില്‍ 95 ശതമാനവും സങ്കര ഇനങ്ങളാണ്. അതുകൊണ്ടു തന്നെ ഉൽപ്പാദന ക്ഷമത കൂടുതലാണെന്ന് മന്ത്രി പറഞ്ഞു.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചാണ് പുതിയ ഉൽപ്പന്നങ്ങള്‍ വിപണിയിലിറക്കിയത്. മലബാറിലെ ആറു ജില്ലകളിലും ഇതേ സമയം പുതിയ ആറ് ഉതൽപ്പന്നങ്ങളും ലഭ്യമായി. ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് മലബാര്‍ മില്‍മ സംഘടിപ്പിച്ച റീല്‍സ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. പി ടി എ. റഹീം എംഎല്‍എ മുഖ്യാതിഥിയായി.

സ്‌കൂളുകളില്‍ മില്‍മ ബൂത്തുകള്‍ നിര്‍മിക്കുന്ന ‘മില്‍മ അറ്റ് സ്‌കൂള്‍’ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം കോഴിക്കോട് ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ക്ക് പി ടി എ റഹീം നല്‍കി.

പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, സത്യന്‍ മൊകേരി ( പ്രസിഡന്റ് -മലബാര്‍ മില്‍മ ഓഫീസേഴ്സ് അസോസിയേഷന്‍), ഇ വിനോദ് കുമാര്‍ (പ്രസിഡന്റ് – എംആര്‍സിഎംപിയു എംപ്ലോയീസ് യൂണിയന്‍ -സിഐടിയു – കോഴിക്കോട് ഡെയറി), ദിനേശ് പെരുമണ്ണ (പ്രസിഡന്റ് -ഓള്‍ കേരള മില്‍മ എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) കോഴിക്കോട് ഡെയറി), കെ ജി പങ്കജാക്ഷന്‍ (പ്രസിഡന്റ് -മില്‍മ വര്‍ക്കേഴ്സ് യൂണിയന്‍ -എഐടിയുസി – കോഴിക്കോട് ഡെയറി), എ പ്രീതി

(മെമ്പര്‍- പെരുവയല്‍ ഗ്രാമപഞ്ചായത്ത് ) എന്നിവര്‍ സംസാരിച്ചു. മലബാര്‍ മില്‍മ ഡയറക്ടര്‍ പി ശ്രീനിവാസന്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ കെ സി ജെയിംസ് നന്ദിയും പറഞ്ഞു. മലബാര്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *