കോഴിക്കോട്: അഖിലേന്ത്യാ തപാല്‍ കലാമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് കലാമേള ഉദ്ഘാടനം ചെയ്തു.
കത്തുകള്‍ക്കുള്ള മാനവികത ഇ- മെയിലുകള്‍ക്കില്ലെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. എഴുത്തില്‍ വ്യക്തിയുടെ സ്പര്‍ശം ഉണ്ട്. അച്ചടി ഇ-മെയിലുകള്‍ക്ക് അതില്ല. എഴുതുന്നവനും എഴുത്തു കാത്തു നില്‍ക്കുന്നവനും തമ്മിലുള്ള ഹൃദയബന്ധവും കാത്തിരിപ്പിന്റെ ആ സുഖവും എഴുത്തു കിട്ടുമ്പോഴുള്ള സന്തോഷവും ഒന്നു വേറെ തന്നെയാണ്. അതുകൊണ്ടു തന്നെ അക്കാലത്ത് ഗ്രാമങ്ങളുടെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞിരുന്നു പോസ്റ്റ് ഓഫീസുകള്‍. വൈവിധ്യങ്ങളുടെ ഇന്ത്യയെ പരസ്പരം കോര്‍ത്തണിക്കുന്നതില്‍ തപാല്‍ വകുപ്പ് വലിയ പങ്കാണ് വഹിക്കുന്നത്. പോസ്റ്റ് മാസ്റ്ററുടെ മകനായി ജനിച്ച തനിക്ക് കുട്ടിക്കാലത്തെ പോസ്‌റ്റോഫീസും അവിടുത്തെ അരക്കിന്റേയും പശയുടേയും ഗന്ധവും മായാത്ത ഓര്‍മകളാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. പോസ്റ്റ് ഓഫീസിനെക്കുറിച്ച് എഴുതിയ ‘അവസാനത്തെ തപാല്‍ക്കാരന്‍’ എന്ന കവിതയും റഫീഖ് അഹമ്മദ് ആലപിച്ചു.
ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ സയ്യിദ് റഷീദ് അധ്യക്ഷത വഹിച്ചു. മധ്യമേഖല പോസ്റ്റല്‍ ഡയറക്ടര്‍ എന്‍.ആര്‍.ഗിരി, പോസ്റ്റല്‍ എക്കൗണ്ട്‌സ് ഡയറക്ടര്‍ സംഗീത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര നിരീക്ഷകനായ സൗഗത് ഡേ,
ടെക്നിക്കല്‍ ഡെലിഗേറ്റ്സായ അമോല്‍ ദാത്തെ, അരുണ്‍ മോഹന്‍ സാങ്ക്ഡര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉത്തരമേഖല പോസ്റ്റല്‍ ഡയറക്ടര്‍ വി ബി ഗണേഷ് കുമാര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി പി ബിനു നന്ദിയും പറഞ്ഞു. ചടങ്ങില്‍ തപാല്‍ ജീവനക്കാരായ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും തോല്‍പ്പാവക്കൂത്ത് കലാകാരനുമായ കെ വിശ്വനാഥ പുലവര്‍, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ രോഹിത്ത് എം.ജി കൃഷ്്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റഫീഖ് അഹമ്മദ് പൊന്നാട അണിയിച്ചു.
സാഹിത്യ നഗരി പദവി നേടിയ കോഴിക്കോടിനോടുള്ള ആദര സൂചകമായി തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്പെഷല്‍ പോസ്റ്റല്‍ കവര്‍ ഉത്തരമേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ സയ്യിദ് റഷീദ് റഫീഖ് അഹമ്മദിനു നല്‍കി പ്രകാശനംചെയ്തു. പ്രധാനപ്പെട്ട സംഭവങ്ങളെയും സ്ഥാപനങ്ങളെയും മണ്മറഞ്ഞുപോയ പ്രമുഖ വ്യക്തികളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള തപാല്‍ വകുപ്പ് ഇത്തരത്തിലുള്ള സ്‌പെഷല്‍ പോസ്റ്റല്‍ കവര്‍ ഇറക്കുന്നത്.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മുപ്പതോളം ഇനങ്ങളിലായി മുന്നൂറോളം പേരാണ് മത്സര രംഗത്തുള്ളത്. കലാമേള മാര്‍ച്ച് ഏഴിന് സമാപിക്കും.


